ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ വളരെ ഏറെ ആകാംക്ഷയോടെയാണ് നാളെ ആരംഭം കുറിക്കുന്ന സൗത്താഫ്രിക്കൻ ടെസ്റ്റ് പരമ്പരക്കായി കാത്തിരിക്കുന്നത്. മൂന്ന് മത്സര ടെസ്റ്റ് പരമ്പര കൂടി ജയിച്ചാൽ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര നേടിയതിന് പിന്നാലെ മറ്റൊരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കാനായി വിരാട് കോഹ്ലിക്കും ടീമിനും കഴിയും. ആദ്യ ടെസ്റ്റിൽ മഴ വില്ലനായി എത്തുമോയെന്ന ആശങ്കകൾ സജീവമാണെങ്കിലും രണ്ട് ടീമുകളും അവസാന റൗണ്ട് പരിശീലനം നടത്തുകയാണ്.
ഇന്ത്യൻ ടീം പ്ലേയിംഗ് ഇലവനിൽ ആരൊക്കെ സ്ഥാനം നേടും എന്നുള്ള ചർച്ചകൾ സജീവമാക്കവേ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് മുന്നറിയിപ്പ് നൽകുകയാണിപ്പോൾ മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസര്‍. വിരാട് കോഹ്ലി ഫോമിലേക്ക് എത്തിയില്ലെങ്കിൽ ടെസ്റ്റ് ക്യാപ്റ്റൻസി കൂടി നഷ്ടമാകാനുള്ള സാധ്യതയാണ് മുൻ താരം ഇപ്പോൾ ചൂണ്ടികാണിക്കുന്നത്.
രാഹുൽ ദ്രാവിഡ് ഹെഡ് കോച്ചായ ശേഷമുള്ള ഇന്ത്യൻ ടീമിന്റെ ആദ്യത്തെ വിദേശ പരമ്പരയുമാണിത്. എന്നാൽ ഈ ടെസ്റ്റ് പരമ്പരയിൽ തന്റെ പഴയ ബാറ്റിങ് ഫോമിലേക്ക് കോഹ്ലി എത്തിയില്ലെങ്കിൽ അത് കോഹ്ലിക്ക് കൂടുതൽ നഷ്ടമായി മാറുമെന്നാണ് പനേസറുടെ നിരീക്ഷണം. “ഏകദിന ക്യാപ്റ്റൻസി നഷ്ടമായത് കോഹ്ലിക്ക് നിരാശയാണ് വളരെ ഏറെ സമ്മാനിക്കുന്നത് എങ്കിലും എല്ലാവിധ വിമർശനങ്ങൾക്കും മറുപടി നൽകാൻ കോഹ്ലിക്ക് ആഗ്രഹം കാണും. കൂടാതെ രണ്ട് വർഷകാലമായി നേരിടുന്ന ഈ സെഞ്ച്വറി വരൾച്ചക്ക് അവസാനം കുറിക്കാൻ കൂടി കോഹ്ലി ആഗ്രഹിക്കും. എന്നാൽ ഈ പരമ്പരയിലും മോശം ബാറ്റിങ് ഫോം എങ്കിൽ അത് പ്രശ്നം കൂടുതൽ വലുതാക്കി മാറ്റും “മോണ്ടി പനേസര്‍ അഭിപ്രായം വിശദമാക്കി
“ഇന്ത്യൻ ടീമിന് ഈ പരമ്പര ജയിക്കേണ്ടത് പ്രധാനമാണ്. അത് പോലെ കോഹ്ലിക്ക് റൺസ് അടിക്കണം. അദ്ദേഹം വളരെ അധികം സമ്മർദ്ദത്തിലാകും. ഏകദിന ക്യാപ്റ്റൻസി നഷ്ടമായതിന് പിന്നാലെ ടെസ്റ്റ് നായക സ്ഥാനവും നഷ്ടമാകും എന്നത് കോഹ്ലിക്ക് അറിയാം. ബാറ്റിങ് ഫോം തിരികെ പിടിക്കേണ്ടത് കോഹ്ലിക്ക് അത്യാവശ്യമാണ്. അദ്ദേഹം ആ ഒരു നേട്ടത്തിലേക്ക് എത്തുമെന്നാണ് എല്ലാ ആരാധകരും വിശ്വസിക്കുന്നത് “മോണ്ടി പനേസര്‍ പറഞ്ഞു.