ആഫ്രിക്കയെ വിറപ്പിച്ച് അമേരിക്കൻ പട. കഷ്ടിച്ച് വിജയം നേടി സൗത്ത് ആഫ്രിക്ക.

ദക്ഷിണാഫ്രിക്കക്കെതിരായ സൂപ്പർ 8 മത്സരത്തിൽ പൊരുതി തോറ്റ് അമേരിക്ക. ആവേശകരമായ മത്സരത്തിൽ 18 റൺസിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി ഡികോക്ക് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ അമേരിക്കൻ പട അടിച്ചു തകർത്തപ്പോൾ ദക്ഷിണാഫ്രിക്ക സമ്മർദ്ദത്തിലായി. അമേരിക്കയ്ക്കായി ആൻഡ്രിസ് ഗോസ് 47 പന്തുകളിൽ 80 റൺസുമായി മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ അവസാന നിമിഷത്തെ കിടിലൻ ബോളിങ് പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്ക മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ അമേരിക്ക ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിന്റെ ആദ്യ സമയത്ത് കണ്ടത്. ദക്ഷിണാഫ്രിക്കക്കായി ഓപ്പണർ ഡികോക്കാണ് ക്രീസിലുറച്ചത്. പൂർണമായും അമേരിക്കയെ അടിച്ചൊതുക്കാൻ ഡികോക്കിന് സാധിച്ചിരുന്നു.

40 പന്തുകൾ മത്സരത്തിൽ നേരിട്ട ഡികോക്ക് 74 റൺസ് നേടുകയുണ്ടായി. 7 ബൗണ്ടറികളും 5 സിക്സറുകളും ഡികോക്കിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മധ്യനിരയിൽ നായകൻ മാക്രവും ക്രീസിലുറച്ചതോടെ ദക്ഷിണാഫ്രിക്കയുടെ സ്കോർ കുതിച്ചു. 32 പന്തുകൾ നേരിട്ട മാക്രം 46 റൺസ് മത്സരത്തിൽ നേടി.

അവസാന ഓവറുകളിൽ ക്ലാസന്റെ വെടിക്കെട്ടാണ് കാണാൻ സാധിച്ചത്. 22 പന്തുകളിൽ 36 റൺസാണ് ക്ലാസൻ സ്വന്തമാക്കിയത്. 3 സിക്സറുകൾ താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇതോടെ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറുകളിൽ 194 റൺസ് സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിൽ രണ്ടും കൽപ്പിച്ചാണ് അമേരിക്ക ആരംഭിച്ചത്.

ആദ്യ ഓവറുകളിൽ വെടിക്കെട്ട് തീർത്തത് സ്റ്റീഫൻ ടൈലർ ആണ്. എന്നാൽ 14 പന്തുകളിൽ 24 റൺസ് നേടിയ ടൈലർ പുറത്തായതോടെ അമേരിക്ക പതറി. ഒരുവശത്ത് ആൻഡ്രീസ് ഗോസ് ക്രീസിലുറച്ചെങ്കിലും മറുവശത്ത് വിക്കറ്റുകൾ നഷ്ടമായി.

തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് അമേരിക്കയെ സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ ആറാം വിക്കറ്റിൽ ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ടാണ് ഗോസും ഹർമീത് സിംഗും ചേർന്ന് കെട്ടിപ്പടുത്തത്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർത്തതോടെ അമേരിക്കയുടെ വിജയപ്രതീക്ഷകൾ ഉയർന്നു.

അവസാന 2 ഓവറുകളിൽ 28 റൺസ് വേണമെന്നിരിക്കെ 19 ആം ഓവർ എറിഞ്ഞ കാഗിസോ റബാഡ 2 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. അവസാന ഓവറിൽ നോർക്കിയയും റൺസ് വഴങ്ങാൻ പിശുക് കാണിച്ചതോടെ സൗത്ത് ആഫ്രിക്ക വിജയം നേടിയെടുത്തു

മത്സരത്തിൽ 18 റൺസിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരിക്കുന്നത്. എന്തായാലും വലിയ പോരാട്ടത്തിനൊടുവിലാണ് അമേരിക്ക മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയത്.

Previous articleത്രില്ലർ മത്സരത്തിൽ ആഫ്രിക്കയെ തകർത്ത് ഇന്ത്യൻ പെൺപുലികൾ.  മന്ദാനയ്ക്കും ഹർമൻപ്രീതിനും സെഞ്ചുറി.
Next articleപേടിക്കേണ്ട, അഫ്ഗാനെതിരെ വിരാട് കോഹ്ലി നിറഞ്ഞാടും. പ്രവചനവുമായി മുൻ ഇന്ത്യൻ താരം.