ചരിത്രം സൃഷ്ടിച്ച് അമേരിക്ക. സൂപ്പര്‍ ഓവറില്‍ പാക്ക് പടയെ അട്ടിമറിച്ചു. പാക്കിസ്ഥാന് ഞെട്ടിക്കുന്ന പരാജയം.

GPZrfqKb0AAiJhJ

2024 ട്വന്റി20 ലോകകപ്പിൽ ചരിത്ര അട്ടിമറി നടത്തി അമേരിക്ക. ശക്തരായ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് അമേരിക്ക ലോക ക്രിക്കറ്റിനെ ഞെട്ടിച്ചിരിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 159 റൺസായിരുന്നു നേടിയത്. മറുപടി ബാറ്റിംഗിൽ അമേരിക്കയും 159 റൺസിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോൾ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 18 റൺസ് സ്വന്തമാക്കുകയും പാക്കിസ്ഥാൻ പരാജയം നേരിടുകയുമാണ് ഉണ്ടായത്. വലിയ പ്രതീക്ഷയുമായി ലോകകപ്പിലേക്ക് വന്ന പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് മത്സരത്തിലെ പരാജയം. മറുവശത്ത് അമേരിക്കയെ സംബന്ധിച്ച് ഒരു സ്വപ്നതുല്യമായ വിജയമാണ് ലഭിച്ചിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ അമേരിക്ക ബോലിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് അമേരിക്കയ്ക്ക് പേസർമാർ നൽകിയത്. തുടക്കത്തിൽ തന്നെ പാക്കിസ്ഥാന്റെ ഓപ്പണർ റിസ്വാനെയും(9) മൂന്നാം നമ്പർ ബാറ്റർ ഉസ്മാൻ ഖാനെയും(3) പുറത്താക്കാൻ അമേരിക്കയ്ക്ക് സാധിച്ചു.

ബാബർ ഒരു വശത്ത് ക്രീസിലുറച്ചെങ്കിലും സ്കോറിങ് ഉയർത്താൻ സാധിച്ചില്ല. മറുവശത്ത് ഫക്കർ സമൻ അടക്കമുള്ളവർ പുറത്തായപ്പോൾ പാക്കിസ്ഥാൻ പതറുകയായിരുന്നു. ശേഷം ശതാബ് ഖാനാണ് പാക്കിസ്ഥാനായി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. 25 പന്തുകൾ നേരിട്ട ശതാബ് ഒരു ബൗണ്ടറിയും 3 സിക്സറുമടക്കം 40 റൺസ് നേടുകയുണ്ടായി.

നായകൻ ബാബർ ആസാം 43 പന്തുകളിൽ 44 റൺസാണ് നേടിയത്. ഒപ്പം അവസാന ഓവറുകളിൽ 16 പന്തുകളിൽ 23 റൺസ് നേടിയ ഷാഹിൻ അഫ്രീദിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെയാണ് പാക്കിസ്ഥാൻ 20 ഓവറിൽ 159 റൺസ് എന്ന തരക്കേടില്ലാത്ത സ്കോറിൽ എത്തിയത്. മറുപടി ബാറ്റിങ് ആരംഭിച്ച അമേരിക്കയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്.

സ്റ്റീവൻ ടൈലറുടെ(12) വിക്കറ്റ് തുടക്കത്തിൽ തന്നെ അമേരിക്കയ്ക്ക് നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ മോണങ്ക് പട്ടേലും ആണ്ട്രീസ് ഗോസും ക്രീസിലുറച്ചത് അമേരിക്കയ്ക്ക് ആശ്വാസം നൽകി. ഈ സമയത്ത് മത്സരം പൂർണ്ണമായി തങ്ങളുടെ അടുത്തേക്ക് കൊണ്ടുവരാൻ അമേരിക്കയ്ക്ക് സാധിച്ചു.

68 റൺസിന്റെ കൂട്ടുകെട്ടാണ് ഗോസും മോണങ്ക് പട്ടേലും ചേർന്ന് രണ്ടാം വിക്കറ്റിൽ കെട്ടിപ്പടുത്തത്. ഗോസ് 26 പന്തുകളിൽ 35 റൺസ് നേടിയാണ് പുറത്തായത്. ശേഷം 38 പന്തുകളിൽ 50 നേടി നായകൻ മോണങ്ക് പട്ടേലും മടങ്ങി. ഇതോടെ അമേരിക്ക സമ്മർദ്ദത്തിലായി. ശേഷം ആരോൺ ജോൺസും നിതീഷ് കുമാറുമാണ് അമേരിക്കയെ മുന്നോട്ടു നയിച്ചത്.

Read Also -  "ധോണി മികച്ച നായകൻ, ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇഷ്ടമായത് ആ കാര്യം", യുവരാജ് സിംഗ്

അവസാനം 3 ഓവറുകളിൽ 28 റൺസായിരുന്നു അമേരിക്കയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ഷാഹിൻ അഫ്രീദി എറിഞ്ഞ 18ആം ഓവറിൽ 7 റൺസ് മാത്രമാണ് അമേരിക്കയ്ക്ക് സ്വന്തമാക്കാൻ സാധിച്ചത്. ഇതോടെ അവസാന 2 ഓവറിലെ വിജയലക്ഷം 21 റൺസായി മാറി.

എന്നാൽ 19ആം ഓവറിൽ മുഹമ്മദ് അമീർ ശക്തമായ തിരിച്ചുവരവ് നടത്തിയതോടെ പാക്കിസ്ഥാൻ മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. പത്തൊമ്പതാം ഓവറിൽ കേവലം 6 റൺസ് മാത്രമാണ് അമീർ വിട്ടുനൽകിയത്. ഇതോടെ അവസാന ഓവറിലെ അമേരിക്കയുടെ വിജയലക്ഷ്യം 15 റൺസായി മാറി. ഹാരിസ് റാഫ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ സിംഗിൾ മാത്രമാണ് നിതീഷ് കുമാർ നേടിയത്.

അടുത്ത 2 പന്തുകളിലും ഹാരിസ് സിംഗിളുകൾ മാത്രം വിട്ടു നൽകിയപ്പോൾ അമേരിക്കയുടെ വിജയലക്ഷ്യം 3 പന്തുകളിൽ 12 റൺസായി മാറി. എന്നാൽ അടുത്ത പന്തിൽ സിക്സർ നേടി ആരോൺ ജോൺസ് അമേരിക്കയ്ക്ക് പ്രതീക്ഷ നൽകി. ഇങ്ങനെ അവസാന പന്തിൽ അമേരിക്കയുടെ വിജയലക്ഷ്യം 5 റൺസായി മാറുകയായിരുന്നു. അവസാന പന്ത് ലോങ്ങ് ഓഫിന് മുകളിലൂടെ നിതീഷ് കുമാർ ബൗണ്ടറി നേടി. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു.

സൂപ്പർ ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി നേടിയാണ് ആരോൺ ജോൺസ് ആരംഭിച്ചത്. ശേഷം പാകിസ്താന്റെ മോശം ഫീൽഡിങ് പ്രകടനങ്ങൾ അമേരിക്കയ്ക്ക് ഗുണം ചെയ്തു. സൂപ്പർ ഓവറിൽ 18 റൺസാണ് അമേരിക്ക സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാനായി രണ്ടാം പന്തിൽ ഇഫ്തീഖർ അഹമ്മദ് ബൗണ്ടറി നേടി. എന്നാൽ അടുത്ത പന്തിൽ ഒരു ഉഗ്രൻ ക്യാച്ചിലൂടെ നിതീഷ് കുമാർ അത്ഭുതം കാട്ടി.

ഇഫ്തിക്കാർ അഹമ്മദ് കൂടാരം കയറിയതോടെ പാക്കിസ്ഥാൻ സമ്മർദ്ദത്തിലായി. അവസാന 3 പന്തുകളിൽ 14 റൺസായിരുന്നു പാക്കിസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത്. അടുത്ത പന്തിൽ ഒരു ബൗണ്ടറി പാക്കിസ്ഥാന് ലഭിച്ചു. ശേഷം അടുത്ത പന്തിൽ ശതാബ് 2 റൺസ് കൂടി നേടിയതോടെ അവസാന പന്തിൽ പാകിസ്താന്റെ വിജയലക്ഷ്യം 7 റൺസായി. എന്നാൽ ഇത് നേടാൻ ശതാബിന് സാധിച്ചില്ല. ഇതോടെ ചരിത്രവിജയം അമേരിക്ക സ്വന്തമാക്കുകയായിരുന്നു.

Scroll to Top