2024 ട്വന്റി20 ലോകകപ്പിലെ കിരീട നേട്ടം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു. കഴിഞ്ഞ ഐസിസി ടൂർണമെന്റ്കളിലും ലോകകപ്പുകളിലും ഇന്ത്യ നോക്കൗട്ട് സ്റ്റേജിൽ എത്തിയെങ്കിലും കിരീടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ അജയ്യരായി പ്രവേശിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചെങ്കിലും ഓസ്ട്രേലിയക്കെതിരെ വമ്പൻ പരാജയം ഏറ്റുവാങ്ങുകയുണ്ടായി.
ഇതിന് ശേഷം വലിയ നിരാശയിലായിരുന്നു ഇന്ത്യ. എന്നാൽ 2024 ലോകകപ്പിലെ ഇന്ത്യയുടെ വിജയം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ബിസിസിഐ. ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് ഈ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് എന്ന് മുൻ ഇന്ത്യൻ താരങ്ങൾ അടക്കം പറയുകയുണ്ടായി. ഇപ്പോൾ, വരാനിരിക്കുന്ന ഐസിസി ടൂർണമെന്റുകളിലും രോഹിത് തന്നെ ഇന്ത്യയുടെ നായകനാവുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ.
2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി വരെ ഇന്ത്യയുടെ ഏകദിന- ടെസ്റ്റ് ടീമുകളുടെ നായകനായി രോഹിത് ശർമ തുടരുമെന്നാണ് ബിസിസിഐ സെക്രട്ടറി ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. രോഹിത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഐസിസി ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കുമെന്ന് ജയ് ഷാ ആത്മവിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം ജയ് ഷാ വ്യക്തമാക്കിയത്
“2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ നമ്മൾ പരാജയം വഴങ്ങിയിരുന്നു. പക്ഷേ ബാർബഡോസിൽ 2024ൽ ഇന്ത്യൻ പതാക ഉയരുമെന്ന് ഞാൻ അന്നേ പറഞ്ഞിരുന്നു. ഇപ്പോൾ നമ്മുടെ നായകൻ അത് ചെയ്തു കാണിച്ചു തന്നിരിക്കുന്നു.”- ജയ് ഷാ പറയുന്നു.
“ഈ ഇന്ത്യൻ ടീമിൽ എനിക്ക് വലിയ വിശ്വാസമുണ്ട്. രോഹിത് ശർമ എന്ന നായകന്റെ കീഴിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പും ചാമ്പ്യൻസ് ട്രോഫിയും നമ്മൾ ജയിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് വലിയ ആത്മവിശ്വാസമാണുള്ളത്.”- ജയ് ഷാ കൂട്ടിച്ചേർത്തു. 2024 ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയുടെ നായകൻ രോഹിത് ശർമയും സൂപ്പർതാരം വിരാട് കോഹ്ലിയും ട്വന്റി20 ഫോർമാറ്റിൽ നിന്ന് തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മറ്റു ഫോർമാറ്റുകളിൽ തങ്ങൾ കളിക്കുമെന്ന കാര്യം ഇരുബാറ്റർമാരും ഉറപ്പു നൽകിയിട്ടുണ്ട്.
2023 ഏകദിന ലോകകപ്പോടുകൂടി രോഹിത്തും കോഹ്ലിയും ഏകദിനങ്ങളിൽ നിന്ന് വിരമിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരികയുണ്ടായി. പക്ഷേ ഏകദിന ലോകകപ്പ് ഇന്ത്യക്ക് സ്വന്തമാക്കാൻ സാധിക്കാത്ത വന്നതോടെ ഇരു താരങ്ങളും ഈ തീരുമാനത്തിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്. എന്തായാലും ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് നിലവിൽ സുവർണ്ണ കാലമാണ്. കഴിഞ്ഞ ടൂർണമെന്റ്കളിലൊക്കെയും മികവ് പുലർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. വരുന്ന ഐസിസി ഇവന്റുകളിലും ഇന്ത്യ ഇത്തരത്തിൽ മികവ് പുലർത്തി കിരീടങ്ങൾ സ്വന്തമാക്കുമെന്ന് പ്രതീക്ഷയിലാണ് ബിസിസിഐ.