ഇന്നലെയായിരുന്നു ഐപിഎല്ലിൽ ഹൈദരാബാദ് പഞ്ചാബ് പോരാട്ടം. ഇന്നലെ തന്നെയായിരുന്നു ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള 18 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതും. ടീമിൽ ആദ്യമായി ഹൈദരാബാദ് പേസർ ഉമ്രാൻ മാലിക് സ്ഥാനം നേടി.
ടീമിൽ സ്ഥാനം നേടിയതിന് പിന്നാലെ തീപ്പൊരി പന്തുമായി ബാറ്ററെ എറിഞിട്ടിയിരിക്കുകയാണ് ഉമ്രാൻ മാലിക്. പഞ്ചാബ് ക്യാപ്റ്റൻ അഗർവാളിനെയാണ് ഷോർട്ട് പിച് പന്തിൽ താരം എറിഞിട്ടത്. പന്തിനെ സ്ക്വയർ ലെഗിലൂടെ അടിച്ചു കയറ്റാനുള്ള മായങ്കിൻ്റെ ശ്രമം വിഫലം ആവുകയായിരുന്നു.
വാരിയെല്ലിൽ പന്തുകൊണ്ട മായങ്ക് ഓട്ടം പൂർത്തിയാക്കി നോൺ സ്ട്രൈക്ക് എൻഡിൽ വേദനമൂലം നിലത്തു കിടക്കുകയായിരുന്നു. തുടർന്ന് ഫിസിയോകളും സഹ താരങ്ങളും ഓടിയെത്തി താരത്തെ ആശ്വസിപ്പിച്ചു. കുറച്ചു സമയം മത്സരം തടസ്സപ്പെട്ടെങ്കിലും മായങ്ക് അഗർവാൾ ബാറ്റിംഗ് തുടർന്നു. മോശം ഫോം തുടർന്നുകൊണ്ടിരിക്കുന്ന അഗർവാൾ നാല് പന്തിൽ ഒരു റൺസുമായി വാഷിംഗ്ടൺ സുന്ദറിൻ്റെ പന്തിൽ പുറത്തായി.
പന്ത് കൊണ്ട സ്ഥലത്ത് വേദനയുണ്ട് എന്നും,എക്സ്-റേക്ക് വിധേയമാകുമെന്നും മത്സരശേഷം മായങ്ക് വ്യക്തമാക്കി. അവസാന മത്സരത്തിൽ പഞ്ചാബ് 5 വിക്കറ്റിൻ്റെ വിജയം സ്വന്തമാക്കി. എട്ടു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്ത ഹൈദരാബാദിൻ്റെ സ്കോർ മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് 15.1 ഓവറിൽ മറികടന്നു.