2022 ഐപിഎല്ലിനു കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് – ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടത്തിലൂടെ തുടക്കമായി. ടോസ് നേടിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ബാറ്റിംഗിനയച്ചു. രവീന്ദ്ര ജഡേജ നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി റുതുരാജ് ഗെയ്ക്വാദും ന്യൂസിലന്‍റ് താരം കോണ്‍വേയുമാണ് ഓപ്പണ്‍ ചെയ്തത്.
ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനു ദയനീയ തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ തന്നെ ഇരു ഓപ്പണറേയും നിലവിലെ ചാംപ്യന്‍മാര്‍ക്ക് നഷ്ടമായി. ഇരുവരേയും പുറത്താക്കിയത് ഫാസ്റ്റ് ബോളര്‍ ഉമേഷ് യാദവാണ്. നോബോളിലൂടെ തുടക്കമിട്ട ഉമേഷ് യാദവ് മൂന്നാം പന്തില്‍ കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ് ജേതാവായ റുതുരാജിനെ പുറത്താക്കി.
അഞ്ചാം ഓവറിലാണ് കോണ്‍വേയുടെ വിക്കറ്റ് ഉമേഷ് യാദവ് നേടിയത്. കൂറ്റനടിക്ക് ശ്രമിച്ച ന്യൂസിലന്‍റ് താരത്തിന്‍റെ ടൈമിംഗ് തെറ്റുകയും ശ്രേയസ്സ് അയ്യര്‍ക്ക് അനായാസ ക്യാച്ച് നല്‍കി. ഉമേഷ് യാദവിന്‍റെ തകര്‍പ്പന്‍ ബോളിംഗില്‍ കൊല്‍ക്കത്താ ആദ്യമേ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു.
ഉമേഷ് യാദവിന്‍റെ രണ്ടാം വരവാണ് ഇന്ന് കണ്ടത്. 2020 ഐപിഎല്ലില്‍ വെറും 2 മത്സരങ്ങള്‍ മാത്രമാണ് കളിക്കാനായത്. 2021 ലാവട്ടെ ഒരു മത്സരം പോലും കളിക്കാനായില്ലാ. ഇത്രയും മത്സരങ്ങളിലായി 87 ബോള്‍ എറിഞ്ഞെങ്കിലും വിക്കറ്റ് നേടാനായിരുന്നില്ലാ. ഇപ്പോഴിതാ 13 ബോളിന്‍റെ ഇടയില്‍ 2 വിക്കറ്റുമായി വന്‍ തിരിച്ചു വരവ് നടത്തുകയാണ് ഉമേഷ് യാദവ്. ഐപിഎല്‍ മെഗാ ലേലത്തില്‍ ആദ്യം ആരും താത്പര്യം കാണിച്ചില്ലെങ്കിലും രണ്ടാം റൗണ്ടില്‍ കൊല്‍ക്കത്താ സ്വന്തമാക്കുകയായിരുന്നു.