2025 ഐപിഎൽ മെഗാലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.10 കോടി രൂപയ്ക്ക് തങ്ങളുടെ ടീമിലെത്തിച്ച 13കാരനായ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടിന്റെ മികവിൽ അണ്ടർ 19 ഏഷ്യകപ്പിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം.
മത്സരത്തിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് സഞ്ജുവിന്റെ ടീമിലെ അംഗം കൂടിയായ സൂര്യവംശി കാഴ്ചവച്ചത്. മത്സരത്തിൽ 46 പന്തുകളിൽ 76 റൺസ് നേടാൻ താരത്തിന് സാധിച്ചു. 3 ബൗണ്ടറികളും 6 സിക്സറുകളുമാണ് സൂര്യവംശിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഒപ്പം ഇന്ത്യയുടെ മറ്റൊരു ഓപ്പണറായ ആയുഷ് മ്ഹാട്രെ കൂടി അടിച്ചുതകർത്തു ഇന്ത്യ മത്സരത്തിൽ 10 വിക്കറ്റിന് യുഎഇ ടീമിനെ പരാജയപ്പെടുത്തുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ യുഎഇ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ യുഎഇയുടെ ബാറ്റർമാരെ എറിഞ്ഞിടാൻ ഇന്ത്യയുടെ പേസർമാർക്ക് സാധിച്ചിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കിയാണ് ഇന്ത്യ മുമ്പോട്ട് നീങ്ങിയത്. യുഎഇ നിരയിൽ ഓപ്പണർ അക്ഷത് റായിയാണ് തുടക്കത്തിൽ പിടിച്ചുനിന്നത്. 26 റൺസാണ് റായി സ്വന്തമാക്കിയത്. ശേഷമെത്തിയ പല ബാറ്റർമാരും ഇന്ത്യൻ ബോളിങ് നിരയ്ക്ക് മുന്നിൽ മുട്ടുമടക്കുകയുണ്ടായി. മധ്യനിരയിൽ 35 റൺസ് നേടിയ റായൻ ഖാനാണ് യുഎഇ നിരയിലെ ടോപ് സ്കോറർ.
ഇങ്ങനെ യുഎഇയുടെ ഇന്നിംഗ്സ് കേവലം 137 റൺസിൽ അവസാനിക്കുകയായിരുന്നു. അതേസമയം ഇന്ത്യൻ ബോളിങ് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത് യുദ്ധജിത് ഗുഹയാണ്. 3 വിക്കറ്റുകളാണ് താരം മത്സരത്തിൽ നേടിയത്. ഒപ്പം ചേതൻ ശർമയും ഹർദിക് രാജും 2 വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി. 138 എന്ന വിജയലക്ഷ്യം മുന്നിൽ കണ്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ മ്ഹാട്രെയും വൈഭവ് സൂര്യവംശിയും വെടിക്കെട്ട് തീർക്കുകയായിരുന്നു. മ്ഹാട്രെ മത്സരത്തിൽ അല്പം കരുതലോടെയാണ് മുൻപോട്ട് നീങ്ങിയത്. എന്നാൽ സൂര്യവംശി തനിക്ക് ലഭിച്ച അവസരങ്ങൾ മുതലാക്കുകയുണ്ടായി.
51 പന്തുകളിലാണ് മ്ഹാട്രെ 67 റൺസ് നേടിയത്. 4 ബൗണ്ടറികളും 4 സിക്സറുകളും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. സൂര്യവംശി 46 പന്തുകളിൽ 76 റൺസ് നേടി ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി മാറുകയായിരുന്നു. ഇങ്ങനെ കേവലം 17 ഓവറുകളിൽ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. 10 വിക്കറ്റുകളുടെ വിജയമാണ് മത്സരത്തിൽ ഇന്ത്യ നേടിയത്. ഇതോടെ അണ്ടർ 19 ഏഷ്യാ
കപ്പിന്റെ സെമിഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടിയിട്ടുണ്ട്. ടൂർണമെന്റൽ പാക്കിസ്ഥാനോട് മാത്രമാണ് ഇന്ത്യൻ യുവനിര പരാജയം ഏറ്റുവാങ്ങിയത്.