തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഇന്ത്യ – ശ്രീലങ്ക ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാനം മത്സരത്തിൽ 318 റൺസിന്റെ കൂറ്റൻ വിജയം നേടി ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു.സെഞ്ച്വറികൾ നേടിയ വിരാട് കോഹ്‌ലിയും ശുഭ്മാൻ ഗില്ലും ഇന്ത്യയ്ക്ക് 391 റൺസെന്ന കൂറ്റൻ സ്കോർ സമ്മാനിച്ചപ്പോൾ നാല് വിക്കറ്റ് പ്രകടനവുമായി പേസ് ബൗളർ മുഹമ്മദ് സിറാജ് ശ്രീലങ്കൻ പതനം പൂർത്തിയാക്കി.
മത്സരം റെക്കോർഡ് പ്രകടനത്തോടെ വിജയിച്ചുവെങ്കിലും നാൽപ്പതിനായിരം സീറ്റുകളുള്ള സ്റ്റേഡിയത്തിലെ മുക്കാൽ ഭാഗം ഇരിപ്പിടങ്ങളും കാലിയായി കിടന്നത് ക്രിക്കറ്റ് ലോകത്തെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.കേരളാ ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയും നിരവധി മുൻ താരങ്ങളും സ്റ്റേഡിയം കാലിയായതിനെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിൽ മുൻ ഇന്ത്യൻ ക്രിക്കറ്റർ യുവരാജ് സിംഗിന്റെ ഒരു ട്വീറ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് .
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി യുവതാരം ഗില്ലും സൂപ്പർതാരം കോഹ്‌ലിയും തകർപ്പൻ പ്രകടനം നടത്തിയപ്പോൾ അവരെ അഭിനന്ദിച്ച് യുവരാജ് ഒരു ട്വീറ്റ് ചെയ്തു. ” ശുബ്മാൻ ഗിൽ മികച്ച രീതിയിൽ കളിച്ചു, സെഞ്ചുറി നേടുമെന്ന് വിശ്വസിക്കുന്നു, മറുവശത്തെ പാറയായി വിരാട് കോലിയും നിൽക്കുന്നുണ്ട്! പക്ഷെ എന്റെ ആശങ്ക പകുതി ഒഴിഞ്ഞ് കിടക്കുന്ന സ്റ്റേഡിയമാണ്? ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ?” ഇതായിരുന്നു യുവരാജിന്റെ ട്വീറ്റ്.
കാണികൾ കുറയാൻ പല കാരണങ്ങളും പറയുന്നുണ്ട്. ഭരണകൂടം ടിക്കറ്റ് നികുതി വർധിപ്പിച്ചതുകൊണ്ടാണ് കാണികൾ കുറയാൻ കാരണമെന്നാണ് പ്രധാനപ്പെട്ട ആരോപണം.എന്നാൽ ഇത് തള്ളി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രംഗത്തുവന്നിരുന്നു.കാണികൾ കുറഞ്ഞത് നികുതി നിരക്ക് വർധിപ്പിച്ചതുകൊണ്ടല്ലെന്നും നഗരസഭയുടെ വരുമാനം ജനങ്ങൾക്കുള്ളതാണെന്നും മേയർ പറഞ്ഞു.പ്ലസ് ടു പരീക്ഷ, ശബരിമല , 50 ഓവർ മത്സരം എന്നിവയാണ് സീറ്റുകൾ കാലിയാവാൻ കാരണമെന്നാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ അധികൃതർ പറയുന്നത്.
കാരണമേതായാലും ഈ വര്ഷം ഇന്ത്യയിൽ വെച്ച് നടക്കുന്ന ഏകദിന ലോകക്കപ്പിൽ ഒരു മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ശ്രമങ്ങൾ നടത്തുന്ന കെസിഎയ്ക്ക് വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ് ഇത്. നാൽപ്പതിനായിരം സീറ്റുകളുള്ള സ്റ്റേഡിയത്തിൽ വെറും 7000 സീറ്റുകൾ മാത്രമാണ് വിറ്റുപോയിരുന്നത്.