“നന്നായി പന്തെറിഞ്ഞു എന്നാണ് സിറാജിനോട് പറഞ്ഞത്. അവൻ ദേഷ്യപ്പെട്ടു”- ഹെഡ് പറയുന്നു

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ബോർഡർ- ഗവാസ്കർ ടെസ്റ്റ് പരമ്പരയുടെ രണ്ടാം മത്സരത്തിനിടയിൽ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. മുഹമ്മദ് സിറാജും ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡും തമ്മിൽ മൈതാനത്ത് നടത്തിയ വാക്പോരാണ് ഇപ്പോൾ വലിയ ചർച്ചാവിഷയം ആയിരിക്കുന്നത്

 മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യക്കെതിരെ ഹെഡ് കാഴ്ചവച്ചത്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സിൽ 141 പന്തുകൾ നേരിട്ട ഹെഡ് 140 റൺസ് സ്വന്തമാക്കുകയുണ്ടായി. അഡ്ലൈഡ് മൈതാനത്തെ ഹെഡിന്റെ മൂന്നാം സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. എന്നാൽ മത്സരത്തിൽ സിറാജിന്റെ പന്തിലായിരുന്നു ഹെഡ് കൂടാരം കയറിയത്.

സിറാജ് ഹെഡിനെ ക്ലീൻ ബോൾഡ് ആക്കുകയാണ് ഉണ്ടായത്. ഇതിന് ശേഷം വളരെ ദേഷ്യത്തോടെ ഹെഡിന് ഒരു യാത്രയയപ്പും സിറാജ് നൽകി. ഇതേ സംബന്ധിച്ചാണ് ഇപ്പോൾ ഹെഡ് തുറന്നു പറഞ്ഞിരിക്കുന്നത്. ആ സമയത്ത് താൻ യാതൊരു തരത്തിലും സിറാജിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നില്ല എന്നാണ് ഹെഡ് ഇപ്പോൾ പറയുന്നത്.

താങ്കൾ വളരെ നന്നായി പന്തറിഞ്ഞു എന്നു മാത്രമാണ് താൻ ആ സമയത്ത് പറഞ്ഞത് എന്ന് ഹെഡ് കൂട്ടിച്ചേർക്കുന്നു. അത് ഇന്ത്യൻ താരം മോശമായി വിശകലനം ചെയ്തെന്നും തനിക്കിത് വലിയ നിരാശയുണ്ടാക്കിയെന്നും രണ്ടാം ദിവസത്തെ മത്സരത്തിന് ശേഷം ഹെഡ് കൂട്ടിച്ചേർക്കുകയുണ്ടായി.

ഇത്തരത്തിലാണ് ഇന്ത്യൻ ടീം ഈ ടെസ്റ്റ് മത്സരം മുന്നോട്ടു കൊണ്ടു പോകാൻ ശ്രമിക്കുന്നതെങ്കിൽ അത് തുടരട്ടെ എന്നാണ് ഹെഡ് അവസാനം പറഞ്ഞത്. “എനിക്ക് വിക്കറ്റ് നഷ്ടമായ സമയത്ത് ഞാൻ സിറാജിനോട് പറഞ്ഞത് നന്നായി പന്തറിഞ്ഞു എന്നാണ്. പക്ഷേ അവൻ മറ്റൊരു രീതിയിലാണ് അത് എടുത്തത്. എനിക്കെതിരെ രംഗത്ത് വരികയും ചെയ്തു. ഇത്തരത്തിലാണ് സിറാജ് അക്കാര്യം എടുത്തത് എന്നത് എന്നെ നിരാശനാക്കുന്നു. എന്തായാലും ആ സംഭവം അവസാനിച്ചു. ഈ തരത്തിലാണ് ഇന്ത്യ ഇനിയും മുൻപോട്ട് പോകാൻ ശ്രമിക്കുന്നതെങ്കിൽ അത് തുടരട്ടെ. ഇത്തരത്തിലാണ് ഇന്ത്യ പ്രതിനിധീകരിക്കുന്നതെങ്കിൽ അത് തുടരുന്നതാണ് ഉത്തമം.”- ഹെഡ് പറഞ്ഞു.

മത്സരത്തിലെ തന്റെ ബാറ്റിംഗിനെ പറ്റിയും താരം വിശദീകരിക്കുകയുണ്ടായി. “ഞാൻ എനിക്ക് ലഭിച്ച അവസരങ്ങളൊക്കെയും മികച്ച രീതിയിൽ ഉപയോഗിക്കുകയാണ് ചെയ്തത്. ഇവിടെ ബാറ്റ് ചെയ്യുക എന്നത് അത്ര അനായാസ കാര്യമായിരുന്നില്ല. വ്യത്യസ്തമായ സാഹചര്യങ്ങളിൽ അത് ബുദ്ധിമുട്ടേറിയതായിരുന്നു. മാത്രമല്ല വളരെ നന്നായി പന്തറിയാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ കുറച്ചു ഭാഗ്യം എനിക്ക് ആവശ്യമായിരുന്നു. എനിക്ക് ടീമിനെ മികച്ച നിലയിൽ എത്തിക്കാൻ സാധിച്ചു.”- ഹെഡ് കൂട്ടിച്ചേർത്തു. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് സ്കോർ മറികടക്കാൻ ഇന്ത്യയ്ക്ക് ഇനിയും 29 റൺസ് ആവശ്യമാണ്. 5 വിക്കറ്റുകൾ മാത്രമാണ് ഇന്ത്യക്ക് അവശേഷിക്കുന്നത്.

Previous article“അന്ന് സച്ചിൻ പറഞ്ഞു, ആ പയ്യന്റെ ബോളുകളെ നേരിടാൻ പാടാണ്”. ഇന്ത്യൻ പേസറെപറ്റി ജോൺ റൈറ്റ്.