വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു. 2ആം മത്സരത്തിൽ വെറും 7 റൺസിന് പുറത്ത്.

വെസ്റ്റിൻഡീസിനെതിരായ രണ്ടാം മത്സരത്തിലും നിരാശാജനകമായ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് സഞ്ജു സാംസൺ. ആദ്യ മത്സരത്തിൽ കേവലം 12 റൺസിന് പുറത്തായ സഞ്ജു മറ്റൊരു നിരാശയുണർത്തുന്ന പ്രകടനം തന്നെയാണ് രണ്ടാം മത്സരത്തിൽ കാഴ്ചവച്ചത്. മത്സരത്തിന്റെ നിർണായക സമയത്ത് ക്രീസിലെത്തിയ സഞ്ജുവിന് വെറും 7 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. സ്പിന്നർ അഖീൽ ഹുസൈനെ അടിച്ചു തൂക്കാൻ ശ്രമിച്ച സഞ്ജുവിനെ നിക്കോളാസ് പൂരൻ സ്റ്റമ്പ് ചെയ്യുകയായിരുന്നു.

മത്സരത്തിൽ പത്താം ഓവറിലാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. ആദ്യ പന്തിൽ ബൗണ്ടറി നേടിയാണ് സഞ്ജു ഇന്നിംഗ്സ് ആരംഭിച്ചത്. ഇത് വലിയ പ്രതീക്ഷ തന്നെ നൽകുകയുണ്ടായി. എന്നാൽ അധികം താമസിയാതെ സഞ്ജു കൂടാരം കയറി. മത്സരത്തിൽ ഒരു സുവർണ്ണാവസരം തന്നെയാണ് സഞ്ജു നഷ്ടപ്പെടുത്തിയത്. ടീമിൽ സ്ഥിര സാന്നിധ്യമാകാൻ ശ്രമിക്കുന്ന സഞ്ജുവിനെ ഇത്തരം പിഴവുകൾ പിന്നോട്ടടിക്കും എന്നത് ഉറപ്പാണ്. എന്നിരുന്നാലും മൂന്നാം ട്വന്റി20യിൽ സഞ്ജു മികവുപുലർത്തും എന്നാണ് പ്രതീക്ഷ.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബോളിങ്ങിന് അനുകൂലമായ ഗയാനയിലെ പിച്ചിൽ മികച്ച തുടക്കമായിരുന്നില്ല ഇന്ത്യയ്ക്ക് ലഭിച്ചത്. ഓപ്പൺ ഗില്ലിനെയും(7) സൂര്യകുമാർ യാദവിനെയും(1) ഇന്ത്യയ്ക്ക് പവർ പ്ലേ ഓവറുകളിൽ തന്നെ നഷ്ടമായി. ഇതോടെ ഇന്ത്യയ്ക്ക് സ്കോറിങ് റേറ്റ് ഉയർത്താൻ സാധിക്കാതെ വന്നു. പവർ പ്ലേ ഓവറുകൾ അവസാനിക്കുമ്പോൾ കേവലം 34 റൺസ് മാത്രമായിരുന്നു ഇന്ത്യ നേടിയിരുന്നത്.

എന്നാൽ അതിനു ശേഷം ഇഷാൻ കിഷനും(28) തിലക് വർമയും ചേർന്ന് ഇന്ത്യയ്ക്കായി മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തു. ശേഷം പത്താം ഓവറിൽ ആയിരുന്നു ഇഷാൻ കിഷാൻ കൂടാരം കയറിയത്. പിന്നാലെയാണ് മത്സരത്തിൽ അഞ്ചാമനായി സഞ്ജു സാംസൺ ക്രീസിലെത്തിയത്. എന്തായാലും സഞ്ജുവിന്റെ വിക്കറ്റ് ഇന്ത്യക്ക് മത്സരത്തിൽ കൂടുതൽ സമ്മർദ്ദമാണ് സമ്മാനിച്ചത്.