ബാംഗ്ലൂരിന് വീണ്ടും തിരിച്ചടി. തോൽവിയ്ക്ക് പിന്നാലെ സൂപ്പർ താരം പരിക്ക് മൂലം പുറത്തേക്ക്.

കൊൽക്കത്തക്കെതിരായ മത്സരത്തിലെ പരാജയത്തിന് ശേഷം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് നിരാശാജനകമായ മറ്റൊരു വാർത്ത കൂടി. ടൂർണമെന്റിലെ തങ്ങളുടെ സ്റ്റാർ പേസറായ റീസി ടോപ്ലി 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. ബാംഗ്ലൂരിന്റെ മുംബൈയ്ക്കെതിരായ ആദ്യ മത്സരത്തിനിടെ ടോപ്ലിയ്ക്ക് പരിക്കേറ്റിരുന്നു. ശേഷം ടോപ്ലി മൈതാനത്തുനിന്ന് മാറിനിൽക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ ടോപ്ലിയുടെ തോളിന് സ്ഥാനഭ്രംശം സംഭവിക്കുകയായിരുന്നു. ഇപ്പോൾ ബാംഗ്ലൂരിലെ കോച്ച് സഞ്ജയ്‌ ബംഗാറാണ് ടോപ്ലി ഇനി ടൂർണമെന്റിൽ ഉണ്ടാവില്ല എന്ന കാര്യത്തിൽ സ്ഥിരീകരണം നൽകിയത്. മാത്രമല്ല ടോപ്ലി തിരിച്ച് ഇംഗ്ലണ്ടിലേക്ക് പോയതായും ബംഗാർ പറയുന്നു.

മുംബൈക്കെതിരായ മത്സരത്തിനുശേഷം ടീമിനൊപ്പം തന്നെയായിരുന്നു ടോപ്ലി കൊൽക്കത്തയിലേക്ക് തിരിച്ചത്. അടുത്ത മത്സരത്തിൽ കളിക്കാനാവും എന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു ടോപ്ലി. എന്നാൽ പരിക്ക് വിചാരിച്ചതിലും അധികമായതിനാൽ തന്നെ അദ്ദേഹത്തിന് വിശ്രമം ആവശ്യമുണ്ട് എന്ന് ബാംഗ്ലൂർ മാനേജ്മെന്റ് അറിയിച്ചു. “നിർഭാഗ്യവശാൽ റീസി ടോപ്ലി ടൂർണമെന്റിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഞങ്ങൾ അയാളെ തിരികെ കൊണ്ടുവരാൻ പരമാവധി ശ്രമിച്ചു. എന്നാൽ നിർഭാഗ്യവശാൽ അദ്ദേഹത്തിന് കൂടുതൽ പരിശോധനകൾ ആവശ്യമാണ്. ഉടൻ തന്നെ ഞങ്ങൾ അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്തും.”- ബംഗാർ പറഞ്ഞു.

357313.4

മുംബൈക്കെതിരായ മത്സരത്തിലായിരുന്നു ടോപ്ലിക്ക് പരിക്കേറ്റത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഇന്നിങ്സിലെ എട്ടാം ഓവറിലാണ് സംഭവം. കരൻ ശർമ എറിഞ്ഞ പന്ത് തിലക് വർമ്മ അടിച്ചകറ്റാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബൗണ്ടറി തടയാൻ ശ്രമിച്ച ടോപ്ലിയുടെ തോള് നിലത്തടിക്കുകയുണ്ടായി. ശേഷമാണ് തോളിന് സ്ഥാനഭ്രാശം സംഭവിച്ചത്. ഉടൻതന്നെ ടോപ്ലിയെ മൈതാനത്തുനിന്ന് മാറ്റുകയും ചെയ്തിരുന്നു.

മുംബൈയ്ക്കെതിരായ മത്സരത്തിൽ വിജയം കാണാൻ സാധിച്ചെങ്കിലും വളരെ നിരാശാജനകമായ ബാറ്റിംഗ് തന്നെയാണ് കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ബാംഗ്ലൂർ കാഴ്ചവച്ചത്. മത്സരത്തിൽ 81 റൺസിനായിരുന്നു ബാംഗ്ലൂർ പരാജയപ്പെട്ടത്. കഴിഞ്ഞ സീസണുകളിലും ആദ്യം മികച്ച തുടക്കം ബാംഗ്ലൂരിന് ലഭിച്ചിരുന്നു. എന്നാൽ പിന്നീടുള്ള പല മത്സരങ്ങളിലും ബാലിശമായി ബാംഗ്ലൂർ കളിക്കുന്നത് എല്ലാ സീസണുകളിലും സ്ഥിരം കാഴ്ചയാണ്. എന്തായാലും ഈ പരാജയത്തിൽ നിന്ന് ബാംഗ്ലൂർ ശക്തമായി തിരിച്ചുവരും എന്ന് തന്നെയാണ് പ്രതീക്ഷ

Previous articleബാംഗ്ലൂരിനെ പഞ്ഞിക്കിട്ട് കൊൽക്കത്ത. നാണംകെട്ട തോൽവി.
Next articleഇന്ത്യൻ ക്യാപ്റ്റനായി അവനെത്തും. സഞ്ജുവിന്റെ ഭാവി പ്രവചിച്ച് ഡിവില്ലിയേഴ്‌സ്.