ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലം അവസാനിച്ചിരിക്കുകയാണ് 574 സൂപ്പർതാരങ്ങളാണ് ഇത്തവണത്തെ ലേലത്തിൽ അണിനിരന്നത്. ഇതിൽ പലതാരങ്ങൾക്കും ഫ്രാഞ്ചൈസികൾ ഇടം കിട്ടിയിട്ടുണ്ട്. എന്നാൽ ചില വമ്പൻ താരങ്ങളെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ തയ്യാറായില്ല. അത്തരത്തിൽ ലേലത്തിൽ ആർക്കും ആവശ്യമില്ലാത്ത 5 സൂപ്പർതാരങ്ങളെ പരിശോധിക്കണം.
1. ഡേവിഡ് വാർണർ
3 തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിട്ടുള്ള സൂപ്പർ താരമാണ് ഡേവിഡ് വാർണർ. ഐപിഎല്ലിന്റെ 2015, 2017, 2019 വർഷങ്ങളിൽ കാണാൻ സാധിച്ചത് വാർണറുടെ ഒരു ആധിപത്യം തന്നെയായിരുന്നു. ഇതുവരെ ഐപിഎല്ലിൽ 6000ലധികം റൺസ് സ്വന്തമാക്കാൻ ഈ സൂപ്പർ താരത്തിന് സാധിച്ചിട്ടുണ്ട്. 184 ഐപിഎൽ മത്സരങ്ങൾ കളിച്ച പരിചയ സമ്പന്നതയാണ് വാർണർക്കുള്ളത്. എന്നാൽ 2025 മെഗാലേലത്തിൽ ഒരു ടീം പോലും വാർണറെ സ്വന്തമാക്കാനായി രംഗത്തെത്തിയില്ല.
2. ജോണി ബെയർസ്റ്റോ
2019ലാണ് ബെയർസ്റ്റോ തന്റെ ഐപിഎൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ ഐപിഎല്ലിൽ 50 മത്സരങ്ങൾ കളിച്ച താരം 1589 റൺസ് സ്വന്തമാക്കുകയുണ്ടായി. 2024 ഇന്ത്യൻ പ്രീമിയർ ലീഗിലും മികച്ച തുക തന്നെ ഈ താരത്തിന് ലഭിച്ചിരുന്നു. 2024ൽ 6.75 കോടി രൂപയ്ക്ക് ആയിരുന്നു ബെയർസ്റ്റോയെ പഞ്ചാബ് സ്വന്തമാക്കിയത്. പക്ഷേ 2025 ലേലത്തിൽ ആർക്കും വേണ്ടാത്ത താരമായി ബെയർസ്റ്റോ മാറുകയായിരുന്നു.
3. കെയ്ൻ വില്യംസൺ
ഒരു സമയത്ത് ഹൈദരാബാദ് ഫ്രാഞ്ചൈസിക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുള്ള താരമാണ് കെയിൻ വില്യംസൺ. 2015 ഐപിഎല്ലിലൂടെ ആയിരുന്നു വില്യംസൺ തന്റെ ഐപിഎൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 79 ഐപിഎൽ മത്സരങ്ങൾ കളിച്ച വില്യംസൺ 2128 റൺസാണ് സ്വന്തമാക്കിയിട്ടുള്ളത്. പക്ഷേ ഇത്തവണത്തെ ലേലത്തിൽ ആർക്കും വേണ്ടാത്ത താരമായി വില്യംസൻ മാറി.
4. ജെയിംസ് ആൻഡേഴ്സൻ
42കാരനായ ജെയിംസ് ആൻഡേഴ്സൻ ഇതാദ്യമായാണ് ഐപിഎല്ലിൽ രജിസ്റ്റർ ചെയ്തത്. എന്നാൽ തുടക്കം മുതൽ ആൻഡേഴ്സന് തിരിച്ചടികളാണ് ലഭിച്ചത്. ഐപിഎൽ ലേലത്തിൽ ഒരു ടീം പോലും ആൻഡേഴ്സനെ സ്വന്തമാക്കാനായി രംഗത്തെത്തിയില്ല. ആൻഡേഴ്സന്റെ പ്രായം അടക്കമുള്ള കാര്യങ്ങൾ ഐപിഎൽ ഫ്രാഞ്ചൈസികളെ ചിന്തിപ്പിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്.
5. പൃഥ്വി ഷാ
ഒരു സമയത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സച്ചിൻ എന്ന് വിശേഷിപ്പിച്ച താരമായിരുന്നു പൃഥ്വി ഷാ. ഐപിഎല്ലിൽ മികച്ച അരങ്ങേറ്റം കുറിക്കാനും താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഫിറ്റ്നസിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് പൃഥ്വി ഷാ ഏറ്റുവാങ്ങുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 79 മത്സരങ്ങൾ കളിച്ച 1892 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ 2025 ഐപിഎല്ലിൽ ഷായെ സ്വന്തമാക്കാൻ ആരുംതന്നെ രംഗത്തെത്തിയില്ല.