ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമ കളിക്കുമോ എന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല. വ്യക്തിപരമായ കാരണങ്ങൾ മൂലം രോഹിത് ശർമ ആദ്യ ടെസ്റ്റ് മത്സരങ്ങളിൽ നിന്നും മാറിനിൽക്കും എന്ന റിപ്പോർട്ടുകളാണ് മുൻപ് പുറത്തുവന്നത്. മാത്രമല്ല കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ പരിശീലകൻ ഗൗതം ഗംഭീറും ഇതിനെപ്പറ്റി സംസാരിക്കുകയുണ്ടായി.
രോഹിത്തിന്റെ കാര്യം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്നും ആദ്യ മത്സരത്തിൽ നിന്ന് രോഹിത് മാറിനിന്നാൽ പകരക്കാരനായി ബുംറ ടീമിനെ നയിക്കുമെന്നും ഗംഭീർ പറഞ്ഞു. എന്നാൽ രോഹിത് മാറിനിന്നാൽ, ഇന്ത്യയ്ക്ക് പകരക്കാരനായി ഒരു ഓപ്പണറെ ആവശ്യമാണ്. ഇത്തരത്തിൽ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ രോഹിത്തിന് പകരക്കാരനായി ഇന്ത്യയുടെ ഓപ്പണറായി എത്താൻ സാധിക്കുന്ന 3 താരങ്ങളെ പരിശോധിക്കാം.
1. അഭിമന്യു ഈശ്വരൻ
ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ തട്ടുപൊളിപ്പൻ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുള്ള താരമാണ് അഭിമന്യു ഈശ്വരൻ. മാത്രമല്ല ഒരു സ്പെഷ്യലിസ്റ്റ് ഓപ്പണർ കൂടിയാണ് ഈശ്വരൻ എന്നിരുന്നാലും ഓസ്ട്രേലിയൻ മണ്ണിൽ നടന്ന 2 അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അഭിമന്യു ഈശ്വരന് സാധിച്ചിട്ടില്ല. പക്ഷേ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ രോഹിത്തിന് പകരക്കാരനായി ഇന്ത്യക്ക് സമീപിക്കാൻ സാധിക്കുന്ന താരം തന്നെയാണ് അഭിമന്യു.
2. ശുഭ്മാൻ ഗിൽ
ഇന്ത്യയ്ക്ക് മുൻപിലുള്ള രണ്ടാമത്തെ ഓപ്ഷൻ ശുഭമാൻ ഗില്ലാണ് മുൻപ് ഇന്ത്യയ്ക്കായി ഓപ്പണർ റോളിൽ ശുഭമാൻ ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. മാത്രമല്ല ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ കളിച്ച പരിചയസമ്പന്നതയും ഗില്ലിനുണ്ട്. അതുകൊണ്ടുതന്നെ രോഹിത് ശർമ ആദ്യ മത്സരങ്ങളിൽ നിന്നും മാറി നിന്നാൽ, പകരക്കാരനായി ഗില്ലിനെ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കും. ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ഗിൽ കാഴ്ചവച്ചത്.
3. കെ എൽ രാഹുൽ
രോഹിത്തിന്റെ അഭാവത്തിൽ ഇന്ത്യയ്ക്ക് ഓപ്പണറായി സമീപിക്കാവുന്ന മറ്റൊരു താരമാണ് കെ എൽ രാഹുൽ. ഇന്ത്യയ്ക്കായി ഓപ്പണിങ് പൊസിഷനിൽ തന്റെ കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുള്ള താരമാണ് രാഹുൽ. ഓപ്പണിങ്ങിൽ മികച്ച റെക്കോർഡുകൾ തന്നെയാണ് താരത്തിനുള്ളത്. ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ പരമ്പരയിൽ മതിയായ അവസരങ്ങൾ രാഹുലിന് ലഭിച്ചിരുന്നില്ല. ആദ്യ മത്സരത്തിൽ രാഹുൽ മോശം പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ ഇന്ത്യ രാഹുലിനെ തങ്ങളുടെ പ്ലെയിങ് ഇലവനിൽ നിന്ന് മാറ്റി നിർത്തുകയാണ് ഉണ്ടായത്.