ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ വളരെ വലിയ പ്രതിസന്ധി ഘട്ടത്തിലാണ് ഇന്ത്യ. തുടക്കം മുതൽ ഒരുപാട് ട്വിസ്റ്റുകൾ നിറഞ്ഞ ടെസ്റ്റ് മത്സരമാണ് ബാംഗ്ലൂരിൽ നടക്കുന്നത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ചെറിയ സ്കോറിന് പുറത്താവുകയും, രണ്ടാം ഇന്നിങ്സിൽ മികച്ച പോരാട്ടവീര്യം കാട്ടുകയും ചെയ്തു.
ഇതിനിടെ മത്സരത്തിൽ മഴയും വെല്ലുവിളി ഉയർത്തുകയുണ്ടായി. നാലാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യ ബാക് ഫുട്ടിലാണ്. അവസാന ദിവസം ന്യൂസിലാൻഡിന് വിജയിക്കാൻ വേണ്ടിയത് കേവലം 107 റൺസ് മാത്രമാണ്. ഈ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ ഏറ്റവുമധികം സഹായിക്കാൻ കഴിയുന്നത് മഴയ്ക്കാണ്. മത്സരത്തിന്റെ അവസാന ദിവസത്തെ മഴ പ്രവചനങ്ങൾ പരിശോധിക്കണം.
അഞ്ചാം ദിവസത്തെ കാലാവസ്ഥ ഇന്ത്യൻ ആരാധകർക്ക് വലിയ ആശ്വാസമായി മാറുന്നതാണ്. മത്സരത്തിന്റെ അഞ്ചാം ദിവസം 80 ശതമാനം കഠിനമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതായത് മത്സരത്തിന്റെ നല്ലൊരു ശതമാനവും മഴ കൊണ്ടുപോകും എന്നത് ഉറപ്പാണ്. മാത്രമല്ല അഞ്ചാം ദിവസം 48% ഇടിമിന്നലിനും സാധ്യതകളുണ്ട്. അഞ്ചാം ദിവസത്തിന്റെ 81% സമയത്തും ആകാശം മേഘാവൃതം ആയിരിക്കും. കാർമേഘങ്ങളാൽ ഇരുണ്ടു മൂടപ്പെട്ട സാഹചര്യമാവും അഞ്ചാം ദിവസം ഉണ്ടാവുക എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അങ്ങനെയെങ്കിൽ മത്സരം മോശം വെളിച്ചം മൂലം നിർത്തിവയ്ക്കാനും സാധ്യതകൾ ധാരാളമാണ്.
മാത്രമല്ല ഇടയ്ക്കിടെ ഉണ്ടാവുന്ന മഴ ഇന്ത്യൻ ബോളർമാർക്ക് ഗുണപ്രദമായി മാറാനും സാധ്യതകളുണ്ട്. മത്സരത്തിന്റെ നാലാം ദിവസം ഇടയ്ക്ക് വന്ന മഴ ന്യൂസിലാൻഡിന്റെ ബോളർമാരെ വളരെയേറെ സഹായിച്ചിരുന്നു. അഞ്ചാം ദിവസം ഇതുപോലെ ഇന്ത്യൻ ബോളർമാരായ ബൂമ്രയ്ക്കും സിറാജിനുമൊക്കെ സഹായം ലഭിച്ചേക്കും. ഇത് കൃത്യമായി മുതലെടുത്താലും ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയിക്കാൻ കഴിയും. എന്നിരുന്നാലും 107 എന്ന ചെറിയ സ്കോറിൽ ന്യൂസിലാൻഡിനെ ഒതുക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഇതിന് ഇന്ത്യയ്ക്ക് മഴയുടെ സഹായം കൂടി ആവശ്യമാണ്.
മത്സരത്തിലേക്ക് കടന്നുവന്നാൽ, പിച്ചിന്റെ സാഹചര്യങ്ങളാണ് ഇന്ത്യയെ ഇത്രമാത്രം മോശം അവസ്ഥയിൽ എത്തിച്ചത്. മത്സരത്തിന്റെ ആദ്യ ദിവസം പിച്ച് ബോളിങ്ങിനെ വലിയ രീതിയിൽ പിന്തുണച്ചിരുന്നു. എന്നാൽ ഇത് കൃത്യമായി മനസ്സിലാക്കാൻ സാധിക്കാതെ വന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ ടോസ് നേടിയ ശേഷം ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ഇന്നിംഗ്സിൽ കേവലം 46 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാൻ സാധിച്ചത്. ശേഷം 402 എന്ന വമ്പൻ സ്കോർ സ്വന്തമാക്കാൻ ന്യൂസിലാൻഡിന് സാധിച്ചു. പിന്നീട് പിച്ച് ബാറ്റിംഗിനെ അനുകൂലിക്കുകയും ഇന്ത്യ മറുപടി നൽകുകയും ചെയ്തു. അഞ്ചാം ദിവസം പിച്ച് ഏതുതരത്തിൽ പ്രതികരിക്കുമെന്ന് കണ്ടറിയേണ്ടതാണ്.