2024 ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ 3 മത്സരങ്ങളിൽ വിജയം നേടിയതോടെ ഇന്ത്യ സൂപ്പർ എട്ടിലേക്ക് യോഗ്യത കൈവരിച്ചിട്ടുണ്ട്. തങ്ങളെ സംബന്ധിച്ച് ഇത് വലിയൊരു ആശ്വാസമാണ് എന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമയും പറയുകയുണ്ടായി. എന്നാൽ സൂപ്പർ 8ലേക്ക് യോഗ്യത നേടിയ സ്ഥിതിക്ക് ഇന്ത്യ വരാനിരിക്കുന്ന മത്സരത്തിൽ പ്ലെയിങ് ഇലവനിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറഞ്ഞിരിക്കുന്നത്.
കാനഡയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ഗ്രൂപ്പ് മത്സരം നടക്കുന്നത്. മത്സരത്തിൽ ഇന്ത്യ ചില മാറ്റങ്ങൾ വരുത്തേണ്ടതിനെ പറ്റിയാണ് വസീം ജാഫർ സംസാരിച്ചത്. ഇന്ത്യ നാലാം നമ്പർ പൊസിഷനിൽ സഞ്ജു സാംസനെ ഇറക്കേണ്ടതുണ്ട് എന്നാണ് വസീം ജാഫർ പറയുന്നത്.
“സഞ്ജു സാംസനെ ഇന്ത്യ നാലാം നമ്പറിൽ ഇറക്കാൻ തീരുമാനിച്ചിരിക്കണം. പക്ഷേ ആദ്യ മത്സരങ്ങളിൽ ശിവം ദുബെയ്ക്ക് കുറച്ച് അവസരങ്ങൾ നൽകാമെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നു. ശേഷം കുറച്ചു കൂടുതൽ മത്സരങ്ങളിൽ അവനെ കളിപ്പിക്കുകയാണ് ഉണ്ടായത്. അതേസമയം സഞ്ജു സാംസൺ കളിക്കണോ ജയസ്വാൾ കളിക്കണോ എന്ന തീരുമാനങ്ങളൊക്കെയും കൈക്കൊള്ളേണ്ടത് ടീം മാനേജ്മെന്റാണ്. മുൻപിലേക്ക് പോകുമ്പോൾ ആരൊക്കെ ടീമിന് സഹായകരമാവും എന്നതിനെപ്പറ്റി പൂർണമായ ബോധ്യം വരുത്താൻ ഇത്തരത്തിലുള്ള മാറ്റങ്ങൾ സഹായകരമാവും.”- ജാഫർ പറയുകയുണ്ടായി. അമേരിക്കക്കെതിരായ മത്സരത്തിലെ ഇന്ത്യയുടെ പ്രകടനത്തെപ്പറ്റിയും ജാഫർ സംസാരിച്ചു.
മത്സരത്തിൽ ഇന്ത്യയ്ക്ക് വളരെ മോശം തുടക്കമായിരുന്നു ലഭിച്ചത്. ശേഷമാണ് സൂര്യകുമാർ യാദവ് മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. “ഇന്ത്യൻ ടീം പവർപ്ലെയിൽ കുറച്ചുകൂടി ഊർജ്ജസ്വലത കാണിക്കേണ്ടതുണ്ട്. ഇത്തരം പിച്ചുകളിൽ ഇങ്ങനെ കളിക്കുകയാണെങ്കിൽ നമ്മൾ ഒരിടത്തും എത്തില്ല. കാരണം ബോളർമാർക്ക് അത്തരം പിച്ചുകളെ സംബന്ധിച്ച് പൂർണമായ ബോധ്യമുണ്ട്.”
“അവർ കൃത്യമായ ഏരിയയിൽ പന്തറിഞ്ഞാൽ പിച്ചിൽ നിന്ന് സഹായം ലഭിക്കുമെന്ന് അവർക്കറിയാം. എന്നാൽ റിഷഭ് പന്തിനെ പോലെയുള്ള ബാറ്റർമാർ ഇത്തരം സാഹചര്യത്തിലും ആക്രമിച്ചാണ് കളിച്ചത്. വളരെ ബുദ്ധിപരമായി കളിക്കാൻ അവന് സാധിച്ചു. ആ രീതിയിലാണ് പവർപ്ലെ നിയന്ത്രണ സമയത്ത് ബാറ്റർമാർ കളിക്കേണ്ടത്.”- ജാഫർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മത്സരങ്ങളിലെ വിജയം ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ അയർലൻഡിനോട് ആധികാരികമായ വിജയമായിരുന്നു ഇന്ത്യ നേടിയത്. ശേഷം രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെതിരെ ശക്തമായ തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. പിന്നീടാണ് അമേരിക്കയ്ക്കെതിരെ ഇന്ത്യയുടെ ആധികാരിക വിജയം. അതേസമയം ഗ്രൂപ്പിൽ സൂപ്പർ 8 സ്ഥാനത്തിനായി പാക്കിസ്ഥാൻ, അമേരിക്ക എന്നീ ടീമുകൾ തമ്മിൽ ഇപ്പോഴും പോരാട്ടം തുടരുകയാണ്.