ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ രംഗത്തെത്തി മുൻ ഓസ്ട്രേലിയൻ നായകൻ ടീം പെയിൻ. വിരാട് കോഹ്ലിയുടെയും രോഹിത് ശർമയും കഴിഞ്ഞ സമയങ്ങളിലെ ഫോം ഇന്ത്യൻ ടീമിന് വലിയ പോരായ്മ ഉണ്ടാക്കിയിട്ടുണ്ട് എന്ന് ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് പറയുകയുണ്ടായി. കോഹ്ലിയുടെ കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ പ്രകടനങ്ങൾ എടുത്തു ചൂണ്ടിയായിരുന്നു പോണ്ടിംഗ് സംസാരിച്ചത്. എന്നാൽ ഇതിനെതിരെ രൂക്ഷമായ മറുപടിയാണ് ഇന്ത്യയുടെ പരിശീലകനായ ഗംഭീർ പറഞ്ഞത്.
പോണ്ടിംഗ് ഇന്ത്യയുടെ കാര്യത്തിൽ ഇടപെടേണ്ടയെന്നും ഓസ്ട്രേലിയയുടെ കാര്യം ശ്രദ്ധിച്ചാൽ മതി എന്നുമാണ് ഗംഭീർ പത്രസമ്മേളനത്തിൽ മറുപടി നൽകിയത്. ഇതിന് ശേഷമാണ് ഗംഭീറിനെതിരെ വിമർശനവുമായി പെയ്ൻ രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരത്തിൽ സമ്മർദ്ദപരമായ സാഹചര്യങ്ങളിൽ ഇന്ത്യൻ പരിശീലകൻ തന്റെ ശാന്തത കാത്തുസൂക്ഷിക്കേണ്ടിയിരുന്നു എന്നാണ് പെയിൻ പറയുന്നത്.
ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ 5 വർഷങ്ങളിൽ വിരാട് കോഹ്ലിക്ക് 2 സെഞ്ച്വറികൾ മാത്രമാണ് നേടാൻ സാധിച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പോണ്ടിങ്ങിന്റെ പ്രസ്താവന. എന്നാൽ ഇതിന് ഗംഭീർ നൽകിയ മറുപടിയാണ് പെയ്നെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഗംഭീർ മുൻപോട്ടു പോയാൽ വിജയങ്ങൾ സ്വന്തമാക്കുക എന്നത് ഇന്ത്യയ്ക്ക് പ്രയാസകരമായി മാറും എന്ന പെയ്ൻ ഓർമിപ്പിക്കുന്നു. “ഗംഭീറിന്റെ ആ മറുപടി എനിക്ക് ഇഷ്ടപ്പെട്ടില്ല. അതൊരു നല്ല ലക്ഷണമാണെന്ന് ഞാൻ കരുതുന്നുമില്ല. ആ സമയത്ത് പോണ്ടിംഗ് തനിക്ക് മുൻപിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുക മാത്രമാണ് ചെയ്തിരുന്നത്.”- പെയ്ൻ പറയുകയുണ്ടായി.
“ഗംഭീർ ഇപ്പോഴും, റിക്കി പോണ്ടിങ്ങിനെ തനിക്കെതിരെ കളിക്കുന്ന ഒരു താരമായാണ് കാണുന്നത്. പക്ഷേ റിക്കി പോണ്ടിംഗ് ഇപ്പോൾ ഒരു കമന്റെറ്ററാണ്. കമന്ററി ബോക്സിൽ തന്റെ അഭിപ്രായം പറയാനായി സാധിക്കുന്ന ആളാണ്. ഇവിടെ കൃത്യമായ അഭിപ്രായം മാത്രമാണ് പോണ്ടിംഗ് പറഞ്ഞത്. കഴിഞ്ഞ സമയങ്ങളിൽ വിരാട് കോഹ്ലി മോശം പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. മാത്രമല്ല അവന്റെ ഫോം ഒരു വലിയ പ്രശ്നം തന്നെയാണ്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക രോഹിത് ശർമയുടെയോ വിരാട് കോഹ്ലിയുടെയോ ബാറ്റിംഗ് അല്ല. അവരുടെ കോച്ചിന് സമ്മർദ്ദ സാഹചര്യത്തിൽ ശാന്തനായി തുടരാൻ സാധിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ ആശങ്ക.”- പെയ്ൻ കൂട്ടിച്ചേർക്കുകയുണ്ടായി.
“ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ കഴിഞ്ഞ 2 പരമ്പരകളിൽ വിജയം സ്വന്തമാക്കിയപ്പോഴും രവി ശാസ്ത്രിയായിരുന്നു അവരുടെ പരിശീലകൻ. വളരെ മികച്ച രീതിയിൽ ടീമിനെ നയിക്കാൻ ശാസ്ത്രീയ്ക്ക് സാധിച്ചിട്ടുണ്ട്. കൃത്യമായ ഒരു അന്തരീക്ഷം ടീമിനുള്ളിൽ ശാസ്ത്രി സൃഷ്ടിച്ചെടുത്തു. താരങ്ങളെ കൂടുതൽ കരുത്തരാക്കി. കൃത്യമായി പ്രചോദനം നൽകി ടീമിനെ ഉയർത്തിക്കൊണ്ടു വരാനും നന്നായി ആസ്വദിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.”
“ഇപ്പോൾ ഇന്ത്യ പുതിയൊരു കോച്ചിനെ കണ്ടെത്തിയിരിക്കുന്നു. അദ്ദേഹം വളരെ മത്സര ബുദ്ധിയോടെയാണ് എല്ലാ കാര്യങ്ങളെയും നോക്കിക്കാണുന്നത്. അത് ഒരു പരിശീലകന് പറ്റിയ രീതിയാണ് എന്ന് ഞാൻ കരുതുന്നില്ല. ഗംഭീർ ഇന്ത്യൻ ടീമിന് ഫിറ്റായ ഒരു പരിശീലകനാണ് എന്ന് ഞാൻ ഇപ്പോഴും കരുതുന്നില്ല.”- പെയ്ൻ പറഞ്ഞുവെക്കുന്നു.