ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയെ പരാജയത്തിലേക്ക് നയിച്ചത് ബാറ്റർമാരുടെ മോശം പ്രകടനം തന്നെയായിരുന്നു. സ്പിന്നിന് അനുകൂലമായ പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ യാതൊരു ലക്ഷ്യവുമില്ലാതെ മോശം ഷോട്ടുകൾ കളിച്ചു പുറത്താവുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ബാറ്റർമാർക്കായി കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പരിശീലകൻ ഗൗതം ഗംഭീർ.
ടീമിൽ കളിക്കുന്ന താരങ്ങളിൽ ആരൊക്കെ ഫോം ഔട്ട് ആണെങ്കിലും, ഫോം വീണ്ടെടുക്കാൻ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന നിർദ്ദേശമാണ് ഗംഭീർ മുൻപോട്ട് വെച്ചിരിക്കുന്നത്. യുവതാരങ്ങൾ മാത്രമല്ല സീനിയർ താരങ്ങളും ആഭ്യന്തര ക്രിക്കറ്റിൽ മികവ് പുലർത്തി ദേശീയ ടീമിലേക്ക് തിരികെ എത്തണമെന്നാണ് ഗംഭീർ പറയുന്നത്.
വിരാട് കോഹ്ലി, കെഎൽ രാഹുൽ തുടങ്ങിയ സൂപ്പർ താരങ്ങളോടൊക്കെയും ഇതിനോടകം തന്നെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ഗംഭീർ ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപ് ഇത്തരത്തിൽ ഇന്ത്യയുടെ മുൻ നായകനായ സൗരവ് ഗാംഗുലിയും ഓപ്പണർ വീരേന്ദർ സേവാഗുമൊക്കെ ഫോം നഷ്ടപ്പെട്ട സാഹചര്യത്തിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തി തിരിച്ചു വന്നിട്ടുണ്ട്. പക്ഷേ ഇപ്പോൾ അത്തരം കാര്യങ്ങൾ നടക്കാറില്ല. ഇന്നത്തെ താരങ്ങൾ അതിന് തയ്യാറല്ല എന്നതാണ് വസ്തുത. പക്ഷേ ടീമിൽ കളിക്കണമെങ്കിൽ തങ്ങളുടെ ഫോം താരങ്ങൾ കൃത്യമായി തെളിയിക്കണം എന്ന നിലപാടാണ് ഗംഭീർ ഇപ്പോൾ കൈകൊണ്ടിരിക്കുന്നത്.
ഈ തീരുമാനത്തോടെ കോഹ്ലി അടക്കമുള്ള താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ നിർബന്ധിതരായിട്ടുണ്ട്. പക്ഷേ കോഹ്ലിയുടെ കാര്യത്തിൽ ഗംഭീർ വിട്ടുവീഴ്ച ചെയ്യാനും സാധ്യതകൾ നിലനിൽക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ പരസ്പരം പ്രശ്നങ്ങൾ ഉണ്ടെങ്കിലും, ഇരു താരങ്ങളും ഇന്ത്യൻ ടീമിൽ നല്ല ബന്ധമാണ് പുലർത്തിയിട്ടുള്ളത്. പ്രൊഫഷണലായി തന്നെ കാര്യങ്ങളെ നിയന്ത്രിക്കാൻ ഇരുതാരങ്ങൾക്കും സാധിക്കുന്നുണ്ട്. മാത്രമല്ല നിലവിൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി. ഈ സാഹചര്യത്തിൽ കോഹ്ലിയെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ഗംഭീർ നിർബന്ധിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്.
എന്നാൽ മോശം പ്രകടനങ്ങൾ തുടരുന്ന മറ്റു താരങ്ങളായ കെഎൽ രാഹുൽ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, ഹർദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാവരും ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം തെളിയിക്കണമെന്ന് ഗംഭീർ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ട്വന്റി20 നായകനായ സൂര്യകുമാർ യാദവ് ഇതിനോടകം തന്നെ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നതിനെ സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. ഒപ്പം മറ്റ് ഇന്ത്യൻ താരങ്ങളും ആഭ്യന്തര ക്രിക്കറ്റിലേക്ക് എത്തുന്നത് ഇന്ത്യൻ ക്രിക്കറ്റിന് കൂടുതൽ ശക്തി നൽകുവാനും സാധ്യതയുണ്ട്. എന്തായാലും വലിയൊരു മാറ്റത്തിനാണ് ഇന്ത്യൻ ക്രിക്കറ്റ് തയ്യാറാവുന്നത്.