2025 ഇന്ത്യൻ പ്രീമിയർ ആരംഭിക്കുവാൻ കേവലം ദിവസങ്ങൾ മാത്രമുള്ളപ്പോൾ ശക്തമായ പ്രവചനവുമായി പഞ്ചാബ് കിങ്സ് ബാറ്റർ ശശാങ്ക് സിങ്. ഇത്തവണത്തെ മെഗാ ലേലത്തിൽ 5.50 കോടി രൂപയ്ക്കായിരുന്നു ശശാങ്കിനെ പഞ്ചാബ് നിലനിർത്തിയത്.
ഇത്തവണ പഞ്ചാബ് ലീഗ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും പോയിന്റ് പട്ടികയിൽ ആദ്യ സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്നുമാണ് ശശാങ്ക് ഇപ്പോൾ പ്രവചിച്ചിരിക്കുന്നത്. ഒരു പ്രമുഖ യൂട്യൂബ് ചാനലിൽ സംസാരിക്കുന്ന സമയത്തായിരുന്നു ശശാങ്കിന്റെ ഈ പ്രവചനം.
2025 ഐപിഎല്ലിൽ ആദ്യ 4 സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളെ പറ്റി ചോദിച്ചപ്പോൾ ശശാങ്ക് നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു. “പഞ്ചാബ് കിംഗ്സ് എന്തായാലും ഒന്നാം നമ്പറിൽ തന്നെ എത്തും. ഞാൻ പഞ്ചാബ് കിങ്സിൽ കളിക്കുന്നത് കൊണ്ടല്ല ഇത്തരമൊരു മറുപടി ഞാൻ പറയുന്നത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത് പഞ്ചാബ് തന്നെയായിരിക്കും. അതിന് ശേഷം ഏറ്റവും മികച്ച ടീം ഹൈദരാബാദാണ്. ഇത്തവണത്തെ ബാംഗ്ലൂർ ടീമും മികച്ചത് തന്നെയാണ്. ഇവർക്കൊക്കെയും ശേഷം നാലാം സ്ഥാനത്ത് മുംബൈ ഇന്ത്യൻസോ ചെന്നൈ സൂപ്പർ കിംഗ്സോ ഫിനിഷ് ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്.”- ശശാങ്ക് പറഞ്ഞു.
ഇതുവരെ 17 ഐപിഎൽ സീസണുകൾ കളിച്ച ടീമാണ് പഞ്ചാബ്. എന്നാൽ ഒരുതവണ മാത്രമാണ് പഞ്ചാബിന് ടേബിൾ ടോപ്പർമാരായി പ്ലേഓഫിലേക്ക് എത്താൻ സാധിച്ചത്. അത് 2014 സീസണിലായിരുന്നു. അന്ന് ജോർജ് ബെയ്ലി ആയിരുന്നു പഞ്ചാബിന്റെ നായകൻ. എന്നിരുന്നാലും സീസണിൽ ഫൈനൽ മത്സരത്തിൽ പഞ്ചാബ് കൊൽക്കത്തയോട് പരാജയപ്പെടുകയുണ്ടായി. മത്സരത്തിൽ പഞ്ചാബ് കൊൽക്കത്തയ്ക്ക് മുൻപിലേക്ക് 200 റൺസിന്റെ വിജയലക്ഷ്യം ഉയർത്തിയെങ്കിലും, കൊൽക്കത്ത ത്രസിപ്പിക്കുന്ന രീതിയിൽ മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു.
2025 ഐപിഎല്ലിൽ വലിയ മാറ്റങ്ങളോടെയാണ് പഞ്ചാബ് രംഗത്ത് എത്തുന്നത്. ശ്രേയസ് അയ്യരാണ് ഇത്തവണത്തെ പഞ്ചാബ് നായകൻ. 2024 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനെ കിരീടത്തിലേക്ക് നയിച്ച നായകനാണ് ശ്രേയസ് അയ്യർ. 2025 ഐപിഎൽ ലേലത്തിൽ 26.75 കോടി എന്ന റെക്കോർഡ് തുകയ്ക്കായിരുന്നു അയ്യരെ പഞ്ചാബ് സ്വന്തമാക്കിയത്. ഇത്തവണ അയ്യർക്കൊപ്പം റിക്കി പോണ്ടിങ്ങും പഞ്ചാബ് ടീമിനൊപ്പമുണ്ട് എന്നതും ഒരു പ്രത്യേകതയാണ്. മാർച്ച് 25ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് പഞ്ചാബിന്റെ ഈ സീസണിലെ ആദ്യ മത്സരം നടക്കുന്നത്.