സ്റ്റാർക്കിന്റെ 24.75 കോടി രൂപ എന്ന റെക്കോർഡ് ഇത്തവണ ആ താരം മറികടക്കും. ഇർഫാൻ പത്താൻ പറയുന്നു.

ഒരുപാട് റെക്കോർഡുകൾ തകർത്ത ഒരു താര ലേലമായിരുന്നു 2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി നടന്നത്. ലേലത്തിൽ 24.75 കോടി രൂപ എന്ന വമ്പൻ തുകയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ സ്വന്തമാക്കിയത്. ഇതുവരെയുള്ള ഐപിഎൽ ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായിരുന്നു ഇത്.

എന്നാൽ ഇത്തവണത്തെ ലേലത്തിൽ മിച്ചൽ സ്റ്റാർക്കിന്റെ ഈ റെക്കോർഡ് തകർത്ത് മറ്റൊരു താരം ഇതിലും വലിയ തുക സ്വന്തമാക്കും എന്നാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ പറയുന്നത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ്  പന്താണ് 25 കോടി രൂപയിൽ കൂടുതൽ ഇത്തവണത്തെ ലേലത്തിൽ സ്വന്തമാക്കാൻ സാധ്യതയുള്ള താരം എന്ന് പത്താൻ പ്രവചിക്കുന്നു.

ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം പത്താൻ വ്യക്തമാക്കിയിരിക്കുന്നത്. “മിച്ചൽ സ്റ്റാർക്കിന്റെ ലേലത്തിലെ റെക്കോർഡ് ഇപ്പോൾ അപകടകരമായ നിലയിലാണ്. ഋഷഭ് പന്ത് നിലവിൽ അത് തകർക്കാൻ തയ്യാറായി നിൽക്കുന്നു.”- ഇങ്ങനെയായിരുന്നു പത്താൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗീൽ റിഷഭ് പന്ത് എത്രമാത്രം മികച്ച താരമാണ് എന്ന് വെളിപ്പെടുത്തുന്ന പോസ്റ്റാണ് പത്താൻ ഷെയർ ചെയ്തത്. 8 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ് പന്തിനെ തങ്ങളുടെ ടീമിൽ നിന്ന് റിലീസ് ചെയ്തിരിക്കുന്നത്. 2016ലായിരുന്നു പന്ത് ഡൽഹിക്കായി തന്റെ അരങ്ങേറ്റ മത്സരം കളിച്ചത്.

ശേഷം 2018ൽ എമർജിങ് പ്ലേയർ ഓഫ് ദ ഇയർ അവാർഡും പന്ത് സ്വന്തമാക്കിയിരുന്നു. 14 മത്സരങ്ങളിൽ നിന്ന് 684 റൺസ് സ്വന്തമാക്കിയായിരുന്നു പന്ത് ആ സീസണിൽ കുതിച്ചത്. 52.61 എന്ന ശരാശരിയിൽ ഇന്ത്യൻ പ്രീമിയർ ലീഗിനെ ഞെട്ടിക്കുന്ന പ്രകടനമാണ് പന്ത് 2016ൽ കാഴ്ചവച്ചത്. തന്റെ ഐപിഎൽ കരിയറിൽ ഇതുവരെ 3284 റൺസാണ് ഈ സൂപ്പർ താരം നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും 18 അർധ സെഞ്ച്വറികളും പന്തിന്റെ കരിയറിൽ ഉൾപ്പെടുന്നു. ഇത്രയും മികച്ച റെക്കോർഡുള്ള താരത്തെ എന്തിനാണ് ഡൽഹി കൈവിട്ടത് എന്ന് ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമാണ്. എന്നാൽ ഇത്തവണത്തെ ലേലത്തിൽ വലിയ തുക സ്വന്തമാക്കാൻ കഴിയുന്ന ഒരു താരം തന്നെയാണ് പന്ത്.

ഐപിഎൽ ലേലത്തിൽ പങ്കെടുക്കുന്ന 574 താരങ്ങളുടെ ലിസ്റ്റ് ഇതിനോടകം തന്നെ കൗൺസിൽ പുറത്തുവിട്ടിട്ടുണ്ട്. കൊൽക്കത്തയുടെ മുൻ നായകൻ ശ്രേയസ് അയ്യർ, ജോസ് ബട്ലർ, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, ചാഹൽ, കെഎൽ രാഹുൽ, മർക്കസ് സ്റ്റോയിനിസ്, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ വമ്പൻ താരങ്ങളൊക്കെയും ഇത്തവണത്തെ ലേലത്തിൽ അണിനിരക്കും. നിലവിൽ ഐപിഎൽ ടീമുകളിൽ 24 സ്പോട്ടുകളാണ് അവശേഷിക്കുന്നത്. നവംബർ 24, 25 തീയതികളിലാണ് ഐപിഎൽ മെഗാ ലേലം നടക്കുന്നത്

Previous articleഈ 3 മുന്‍ രാജസ്ഥാൻ താരങ്ങൾ ലേലത്തിൽ വമ്പൻ തുക സ്വന്തമാക്കും
Next articleസഞ്ജു 109, തിലക് 120. പക്ഷേ എനിക്ക് ഇഷ്ടമായത് സഞ്ജുവിന്റെ സെഞ്ച്വറി. ഡിവില്ലിയേഴ്‌സ് പറയുന്നു.