ഇന്ത്യൻ ലിമിറ്റെഡ് ഓവർ ടീമിന്റെ സ്ഥിരം നായകനായി നിയമിതനായ രോഹിത് ശർമ്മ മികച്ച തുടക്കമാണ് നേടിയത്. വെസ്റ്റ് ഇൻഡീസ് എതിരെ ഏകദിന, ടി :20 പരമ്പരകൾ ഇന്ത്യൻ ടീം നേടിയപ്പോൾ എറ്റവും അധികം കയ്യടികൾ നേടിയത് ക്യാപ്റ്റനായ രോഹിത് തന്നെയാണ്. ആറ് വർഷത്തെ ഇടവേളക്ക് ശേഷം ടി :20 റാങ്കിങ്ങിൽ ഒന്നാമത് എത്താനും ടീം ഇന്ത്യക്ക് കഴിഞ്ഞത് രോഹിത്തിന്റെ ക്യാപ്റ്റൻസിയിലെ ഒരു പൊൻതൂവലായി മാറി. എന്നാൽ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിനായി ഇപ്പോൾ തയ്യാറെടുപ്പുകൾ നടത്തുന്ന ഇന്ത്യൻ ടീമിന് അനേകം വെല്ലുവിളികൾ ഇനിയും പരിഹരിക്കേണ്ടതായിട്ടുണ്ടെന്നാണ് മുൻ താരങ്ങൾ അടക്കം നിരീക്ഷണം. ഈ കാര്യം വിശദമാക്കുകയാണ് ഇപ്പോൾ ഇന്ത്യൻ താരമായ ദിനേശ് കാർത്തിക്ക്.
ടി :20,ഏകദിന ക്യാപ്റ്റൻസിക്ക് പിന്നാലെ ടെസ്റ്റ് ടീമിന്റെ നായകനായും രോഹിത് ശർമ്മ ശ്രീലങ്കക്ക് എതിരായ ടെസ്റ്റ് പരമ്പരയോടെ എത്തുമ്പോൾ ഒരു പ്രധാന ആശങ്കയാണ് കാർത്തിക്ക് പങ്കുവെക്കുന്നത്. “ഫിറ്റ്നസ് കാര്യത്തിൽ രോഹിത് ശർമ്മ ഇനിയും വളരെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. ഇന്ത്യൻ ടീമിനെ മൂന്ന് ഫോർമാറ്റിലും നയിക്കേണ്ട ക്യാപ്റ്റനായി രോഹിത് മാറുമ്പോൾ തുടർച്ചയായ പരിക്കും കൂടാതെ ഫിറ്റ്നസ് പ്രശ്നങ്ങളും അദ്ദേഹം പരിഹരിക്കണം. വളരെ തന്ത്രശാലിയായ ക്യാപ്റ്റനാണ് രോഹിത് ശർമ്മ എങ്കിലും ഈ ഒരു പ്രശ്നം അദ്ദേഹത്തിന് തിരിച്ചടിയായി മാറാതെ നോക്കണം “കാർത്തിക്ക് വിശദമാക്കി.
“മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി രോഹിത് എത്തുമ്പോൾ അത് തന്നെയാണ് നേരിടാൻ പോകുന്ന വെല്ലുവിളി.അദ്ദേഹം മൂന്ന് ഫോർമാറ്റിലും ഇന്ത്യക്കായി കളിക്കുന്ന കളിയുടെ അളവ് തന്നെയാകും ഇനിയുള്ള വർഷങ്ങളിൽ പ്രകടനത്തെ നിർവചിക്കുക. കൂടാതെ ഒരു വർഷം ഒരുപാട് നിർണായകമായ മത്സരങ്ങൾ അടക്കം കളിക്കേണ്ടതായി വന്നാൽ അത് രോഹിത് എങ്ങനെ നേരിടും എന്നത് പ്രധാനമാണ് “ദിനേശ് കാർത്തിക്ക് നിരീക്ഷിച്ചു.