ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഐപിഎല്ലിന്റെ തുടക്കകാലം മുതൽ ശക്തമായ ബാറ്റിംഗ് നിരയെ സംഘടിപ്പിച്ച് ടീമിനെ കെട്ടിപ്പടുക്കാൻ ബാംഗ്ലൂരിന് സാധിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെയും ഐപിഎല്ലിൽ കിരീടം സ്വന്തമാക്കാൻ ബാംഗ്ലൂർ ടീമിന് കഴിഞ്ഞിട്ടില്ല.
വിരാട് കോഹ്ലി, ക്രിസ് ഗെയ്ൽ, എബി ഡിവില്ലിയേഴ്‌സ്, ദിൽഷൻ തുടങ്ങി വമ്പൻ താരങ്ങൾ അണിനിരന്നിട്ടും ഒരു സീസണിൽ പോലും ബാംഗ്ലൂരിന് കിരീടം ലഭിച്ചില്ല. ഇതേ സംബന്ധിച്ചാണ് ഇന്ത്യൻ താരം ഹർഭജൻ സിംഗ് പറയുന്നത്. എന്തുകൊണ്ടാണ് ബാംഗ്ലൂർ ടീമിന് ഐപിഎൽ കിരീടം ലഭിക്കാത്തത് എന്ന് ഹർജൻ ചൂണ്ടിക്കാട്ടുന്നു.
പലപ്പോഴും ബാംഗ്ലൂരിനെ പിന്നിലേക്ക് അടിക്കുന്നത് മോശം ബോളിംഗ് പ്രകടനങ്ങളാണ് എന്ന് ഹർഭജൻ വിലയിരുത്തുന്നു. മികച്ച ഒരു ബോളിംഗ് ലൈനപ്പിനെ കണ്ടെത്തേണ്ടത് ബാംഗ്ലൂരിന്റെ ആവശ്യമായി മാറി എന്നാണ് ഹർഭജൻ പറഞ്ഞത്.
“ബാംഗ്ലൂർ എന്തെങ്കിലും ചെയ്യേണ്ട സമയമായി. അവരുടെ ബോളിംഗ് കൂടുതൽ ശക്തമാകണം. നിലവിൽ മികച്ച ബാറ്റിംഗ് ബാംഗ്ലൂരിനുണ്ട്. എല്ലായിപ്പോഴും റൺസ് കണ്ടെത്താനും അവർക്ക് സാധിക്കുന്നുണ്ട്. പക്ഷേ കൂടുതൽ റൺസ് അവർ വഴങ്ങുന്നു എന്നതാണ് പ്രധാന പ്രശ്നം. മികച്ച ബോളർമാരെ അവർ ലേലത്തിൽ സ്വന്തമാക്കണം. ഇപ്പോൾ അവർക്കുള്ളത് ഒന്നോ രണ്ടോ ബോളർമാർ മാത്രമാണ്. അതിലൂടെ നമുക്ക് ഒരിക്കലും ഒരു ടൂർണമെന്റിൽ വിജയം സ്വന്തമാക്കാൻ സാധിക്കില്ല.”- ഹർഭജൻ പറയുന്നു.
“ചാഹൽ എന്നൊരു മികച്ച ബോളർ ബാംഗ്ലൂരിന് ഉണ്ടായിരുന്നു. അവൻ ടീമിൽ മികവ് പുലർത്തിയിരുന്നു. എന്നാൽ എന്തിനാണ് ചാഹലിനെ പോലെ ഒരു ബോളറെ ബാംഗ്ലൂർ വിട്ടയച്ചത് എന്ന് അവ്യക്തമാണ്. ഇപ്പോൾ മുഹമ്മദ് സിറാജ് ടീമിനൊപ്പമുണ്ട്. പക്ഷേ സിറാജിനൊപ്പം പന്തറിയാനോ അവനെ പിന്തുണയ്ക്കാനോ മറ്റു ബോളർമാർ തയ്യാറാവുന്നില്ല എന്നതാണ് വസ്തുത. ഐപിഎല്ലിൽ മികച്ച ബോളിംഗ് യൂണിറ്റ് ഇല്ലാതെ യാതൊന്നും തന്നെ ചെയ്യാൻ സാധിക്കില്ല.”- ഹർഭജൻ കൂട്ടിച്ചേർത്തു. ഇതോടൊപ്പം ടീമിന്റെ നായകത്വത്തിലെ പ്രശ്നങ്ങളെപ്പറ്റിയും ഹർഭജൻ സംസാരിക്കുകയുണ്ടായി.
“ഒരു ടീം മികച്ചതാകുന്നതിൽ നായകൻ ഒരു വലിയ പങ്കുവഹിക്കുന്നുണ്ട്. ധോണി വളരെ മികച്ച ഒരു നായകനാണ്. അത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്രകടനത്തിൽ നമുക്ക് കാണാനും സാധിക്കും. കഴിവുള്ള ഒരുപാട് താരങ്ങൾ ചെന്നൈ നിരയിലുണ്ട്. അത് അവർക്ക് ആസൂത്രണം കൂടുതൽ അനായാസമാക്കുന്നു. വിരാട് കോഹ്ലിയുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ, അവന് പലപ്പോഴും മികച്ച ടീമിനെ ലഭിക്കാറില്ല. ഇത്തവണത്തെ അവർക്ക് കൃത്യമായി കളിക്കാരെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഒരു മികച്ച ടീമിനെ തിരഞ്ഞെടുത്ത് അതിനനുസരിച്ച് ആസൂത്രണം ചെയ്യാൻ ബാംഗ്ലൂർ ശ്രമിക്കണം.”- ഹർഭജൻ പറഞ്ഞുവെക്കുന്നു.