നിലവിൽ ഏകദിന ലോകകപ്പിൽ സെമിഫൈനൽ സ്ഥാനം ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. ഇതുവരെ ലീഗ് ഘട്ടത്തിൽ കളിച്ച 8 മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. മറ്റെല്ലാ ടീമുകൾക്കും മേൽ പൂർണമായും ഡോമിനേഷൻ പുലർത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയിരിക്കുന്നത്. ഇനി ലീഗ് ഘട്ടത്തിൽ ഇന്ത്യയ്ക്ക് അവശേഷിക്കുന്നത് കേവലം ഒരു മത്സരം മാത്രമാണ്. ഞായറാഴ്ച ബാംഗ്ലൂർ സ്റ്റേഡിയത്തിൽ നെതർലൻഡ്സിനെതിരെയാണ് ഇന്ത്യയുടെ ലീഗിലെ അവസാന മത്സരം.
ശേഷം ഒന്നാം സെമിഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡിനെയോ പാക്കിസ്ഥാനെയോ നേരിടും. എല്ലാ വിഭാഗത്തിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തായിരുന്നു ഇന്ത്യയുടെ ഈ ലോകകപ്പിലെ ജൈത്രയാത്ര. അതിനാൽ തന്നെ ഇന്ത്യൻ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ടീമാണ്, ഇത്തവണ ഇന്ത്യയ്ക്കായി ലോകകപ്പിൽ അണിനിരക്കുന്നത് എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിനേശ് കാർത്തിക്.
ഇതുവരെ ഇന്ത്യക്കുണ്ടായിരുന്ന ഏകദിന ടീമുകളിൽ ഏറ്റവും മികച്ചതാണ് നിലവിലുള്ളത് എന്ന് കാർത്തിക് പറയുന്നു. ക്രിക്ബസിന് നൽകിയ ഒരു അഭിമുഖത്തിലാണ് കാർത്തിക് ഇക്കാര്യം പറഞ്ഞത്. “ഇന്ത്യയ്ക്ക് ഏകദിന ക്രിക്കറ്റിൽ ഉണ്ടായിരുന്നതിൽ ഏറ്റവും ശക്തമായ ടീമാണ് ഇത്തവണ ലോകകപ്പിൽ കളിക്കുന്നത് എന്ന് യാതൊരു മടിയും കൂടാതെ പറയാൻ എനിക്ക് സാധിക്കും. പ്രത്യേകിച്ച് ലോകകപ്പുകളിൽ ഇന്ത്യ അണിനിരത്തിയ ടീമുകളെ പരിശോധിക്കുമ്പോൾ ഇതാണ് ഏറ്റവും ശക്തമായത് എന്നും മനസ്സിലാവു
. 2023ലെ ഇന്ത്യൻ ടീമിനോളം ഡോമിനേറ്റ് ചെയ്ത മറ്റൊരു ഇന്ത്യൻ ടീം ഉണ്ടായിട്ടില്ല. നിങ്ങൾ മറ്റ് ഇന്ത്യൻ ടീമുമായി ഈ ടീമിനെ താരതമ്യം ചെയ്തു നോക്കൂ. ലോകകപ്പുകളിലും മറ്റും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള ഇന്ത്യൻ ടീമുകളുമായി ഈ ടീമിനെ താരതമ്യം ചെയ്താലും ഇതുതന്നെയാവും മികച്ചത്. സമ്മർദ്ദ സാഹചര്യങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ നിലവിലെ ഇന്ത്യയുടെ ഏകദിന ടീമിന് സാധിക്കുന്നുണ്ട്.”- ദിനേശ് കാർത്തിക് പറഞ്ഞു.
നിലവിൽ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യയുടെ സെമിഫൈനൽ മത്സരം നടക്കുന്നത് മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിൽ ആയിരിക്കും. ന്യൂസിലാൻഡാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് എതിരാളികളായി വരാൻ ഏറ്റവുമധികം സാധ്യത. ഈ സാഹചര്യത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് ഒരു പ്രത്യേക ഉപദേശം നൽകാനും ദിനേശ് കാർത്തിക് മറന്നില്ല.
“ലോകകപ്പിൽ ഇന്ത്യയുടെ സെമിഫൈനൽ നടക്കുന്നത് മുംബൈയിലായിരിക്കും. അവിടെ വലിയ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടിവരും. ഇന്ത്യ ടോസ് വിജയിക്കുകയാണെങ്കിൽ ബോളിംഗ് തിരഞ്ഞടുക്കണോ ബാറ്റിംഗ് തിരഞ്ഞെടുക്കണോ എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കാരണം വാങ്കഡേ സ്റ്റേഡിയത്തിൽ മഞ്ഞുതുള്ളികളുടെ സാന്നിധ്യമുണ്ടാവും. മാത്രമല്ല ആദ്യ സ്പെല്ലിൽ വളരെ കൃത്യതയോടെ ഇന്ത്യ നേരിടേണ്ടി വരും. വാങ്കഡേയിൽ ആദ്യ 10 ഓവറുകളിൽ പന്ത് നന്നായി സ്വിങ് ചെയ്യുകയും ചലനങ്ങൾ ഉണ്ടാവുകയും ചെയ്യും. എന്തായാലും ഇന്ത്യ തങ്ങളുടെ ടീമിൽ മാറ്റങ്ങൾ വരുത്തുമെന്ന് ഞാൻ കരുതുന്നില്ല. കാരണം എല്ലാ കളിക്കാരും അവസരത്തിനോത്ത് ഉയരുന്നുണ്ട്. മാത്രമല്ല സെമിഫൈനൽ കളിക്കാൻ എല്ലാവരും അർഹരുമാണ്.”- ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ലോകകപ്പുകളിലൊക്കെയും ഇത്തരത്തിൽ വളരെ മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു ഇന്ത്യ ലീഗ് ഘട്ടങ്ങളിൽ കാഴ്ചവച്ചത്. എന്നാൽ സെമിഫൈനലിൽ വമ്പൻ ടീമുകൾക്കെതിരെ ഇന്ത്യയ്ക്ക് കാലിടറുകയാണ് പതിവ്. 2019 ഏകദിന ലോകകപ്പിൽ സെമിഫൈനലിൽ ന്യൂസിലാൻഡിനെതിരെ ആയിരുന്നു ഒരു അവിചാരിത പരാജയം ഇന്ത്യ ഏറ്റുവാങ്ങിയത്. എന്നാൽ ഇത്തവണ അത്തരമൊരു പരാജയമുണ്ടാവാതെ കിരീടം ചൂടാനുള്ള ശ്രമത്തിലാണ് രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം.