എനിക്ക് സങ്കടമില്ല, ഇത് ആദ്യമായല്ലല്ലോ അവഗണിക്കപ്പെടുന്നത്. മനസ് തുറന്ന് സഞ്ജു സാംസൺ.

20231123 100451

കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഇന്ത്യൻ ടീമിൽ നിരന്തരമായി അവഗണിക്കപ്പെടുന്ന താരമാണ് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. ഇന്ത്യയ്ക്കായി ഏകദിനങ്ങളിലും ട്വന്റി20 ക്രിക്കറ്റിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ടീം സെലക്ഷനോട് അടുത്തു വരുമ്പോൾ സഞ്ജു സാംസൺ പുറത്താണ്. ഇത്തവണയും കഥയിൽ വ്യത്യാസമില്ല. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ നിന്ന് സഞ്ജു സാംസനെ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

ഇതിനെപ്പറ്റി സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി. ഇത്തരത്തിൽ അവഗണിക്കപ്പെടുന്നതിൽ താൻ ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നായിരുന്നു സഞ്ജു സാംസൺ പറഞ്ഞത്. അതിന് പകരം തന്നിലേക്ക് തന്നെ വിരൽ ചൂണ്ടാനാണ് തനിക്ക് താല്പര്യമെന്നും സഞ്ജു സാംസൺ പറയുകയുണ്ടായി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു സംസാരിച്ചത്.

പണ്ട് മുതൽ താൻ ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാറില്ല എന്ന് സഞ്ജു പറയുന്നു. “സങ്കടമില്ല. ഞാൻ ഇത്തരം കാര്യങ്ങളിൽ ഇപ്പോൾ പ്രതികരിക്കാറില്ല. കാര്യങ്ങളൊക്കെയും നമുക്ക് ആഗ്രഹിക്കാൻ മാത്രമാണ് സാധിക്കുന്നത്. എന്നാൽ പൂർണ്ണമായും നമ്മുടെ പ്ലാൻ അനുസരിച്ച് ജീവിതം മുന്നോട്ടു പോകണമെന്ന് പറയാൻ സാധിക്കില്ല. കാര്യങ്ങൾ പോസിറ്റീവായി കണ്ട് മുന്നോട്ട് പോകാൻ തന്നെ ശ്രമിക്കും. ഇതിന്റെ പേരിൽ എനിക്ക് സങ്കടമോ ദേഷ്യമോ ഒന്നും തന്നെയില്ല. കാരണം ഇത്തരം ഒരു കാര്യം ആദ്യമായല്ല സംഭവിക്കുന്നത്. നമ്മൾ വിചാരിക്കുന്നത് പോലെ കാര്യങ്ങൾ മുൻപോട്ടു പോകണമെന്ന് പറയാൻ സാധിക്കില്ല. അതാണ് ജീവിതത്തിന്റെ ഒരു രസചരടും.”- സഞ്ജു സാംസൺ പറയുന്നു.

Read Also -  സൂര്യയെ ക്യാപ്റ്റനാക്കാൻ ആദ്യം ശ്രമിച്ചത് ദ്രാവിഡ്‌. വെളിപ്പെടുത്തലുമായി ബോളിംഗ് കോച്ച്.

“ഒരുപക്ഷേ നമ്മൾ വിചാരിക്കുന്ന പോലെ കാര്യങ്ങൾ നടന്നു തുടങ്ങിയാൽ ജീവിതം നല്ല ബോറായി മാറിയേക്കും. ഒരു രസചരടോടെ ജീവിതം മുന്നോട്ട് പോകുമ്പോൾ ചില ഇമോഷൻസ് ഉണ്ടായേക്കാം. ഒരുപക്ഷേ ഒരുപാട് ദേഷ്യങ്ങൾ ഉണ്ടാവാം, ഒരുപാട് നിരാശകളും ഉണ്ടാവാം. പക്ഷേ ആ സമയങ്ങളിലൊക്കെയും എനിക്ക് എന്റെ മേലെ തന്നെ വിരൽ ചൂണ്ടാനാണ് ഇഷ്ടം.”- സഞ്ജു സാംസൺ കൂട്ടിച്ചേർക്കുന്നു.

“നമ്മൾ ആഗ്രഹിക്കുന്ന ഫലങ്ങൾ വന്നില്ലെങ്കിൽ പലപ്പോഴും നമ്മൾ ആരെയെങ്കിലും കുറ്റപ്പെടുത്താറാണ് പതിവ്. അയാൾ കാരണം വന്നില്ല, അല്ലെങ്കിൽ ഒരു സിസ്റ്റം കാരണം വന്നില്ല എന്നൊക്കെയും പറയാറുണ്ട്. പക്ഷേ എന്റെ ചെറുപ്പം മുതൽ ഒരു കാര്യം സാധിച്ചില്ലെങ്കിൽ ഞാൻ വിരൽ ചൂണ്ടുന്നത് എന്റെ നേരെ തന്നെയായിരിക്കും. എന്റെ കുറവ് കാരണമാണ് എനിക്ക് അത് സാധിക്കാൻ പറ്റാതിരുന്നത് എന്ന് ഞാൻ ചിന്തിക്കും.”

”ഒരു മത്സരത്തിൽ സെഞ്ച്വറി നേടാൻ സാധിച്ചാൽ എന്തുകൊണ്ടാണ് ഡബിൾ സെഞ്ചുറി നേടാൻ സാധിക്കാതിരുന്നത് എന്നാണ് ഞാൻ ചിന്തിക്കാറുള്ളത്. എന്തുകൊണ്ട് അത്തരം ഒരു ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല, ഇനി എന്തൊക്കെ മെച്ചപ്പെടുത്താം എന്നൊക്കെയും ഞാൻ ചിന്തിക്കും. എത്രമാത്രം നെഗറ്റീവുകൾ ഉണ്ടായാലും, അതൊക്കെയും പോസിറ്റീവായി മാറ്റി മുന്നേറാനാണ് എനിക്കിഷ്ടം.”- സഞ്ജു പറഞ്ഞു വെക്കുന്നു.

Scroll to Top