സഞ്ജുവിനെ അവഗണിക്കുന്നത് ആദ്യമായല്ലല്ലോ, ഇനിയും അത് തുടരും. തുറന്നടിച്ച് ഉത്തപ്പ.

GScnpJbWkAALyJ3 scaled e1720960534466

വളരെയധികം സർപ്രൈസുകൾ നിറഞ്ഞതായിരുന്നു ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന സ്ക്വാഡ്. കഴിഞ്ഞ സമയങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത പലതാരങ്ങളെയും ഒഴിവാക്കിയാണ് ഇന്ത്യ സ്ക്വാഡ് പ്രഖ്യാപിച്ചത്. ഇതിൽ പ്രധാനപ്പെട്ടത് മലയാളി താരം സഞ്ജു സാംസൺ തന്നെയായിരുന്നു.

തന്റെ അവസാന ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. അതിനാൽ സഞ്ജു ഇനിയുള്ള ഇന്ത്യയുടെ ഏകദിന മത്സരങ്ങളിൽ കളിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ മലയാളി താരത്തെ ഇന്ത്യൻ സെലക്ടർമാർ മാറ്റിനിർത്തുന്നതാണ് കണ്ടത്. ഇതിനെതിരെ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.

സഞ്ജു സാംസണെ ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ ഉൾപ്പെടുത്താതിരുന്നത് വളരെ ദൗർഭാഗ്യകരമാണ് എന്ന് ഉത്തപ്പ പറയുന്നു. ഇതാദ്യമായല്ല ഇന്ത്യ സഞ്ജു സാംസനെ ഇത്തരത്തിൽ തഴയുന്നതെന്നും ഇത് അവസാനത്തെ അനുഭവമായി മാറാൻ സാധ്യതയില്ല എന്നും ഉത്തപ്പ തുറന്നടിക്കുകയുണ്ടായി. ഏകദിനത്തിലെ സഞ്ജുവിന്റെ അവിശ്വസനീയ റെക്കോർഡുകൾ ഇത്തരത്തിൽ ഇന്ത്യൻ ടീം മറക്കാൻ പാടില്ല എന്നും ഉത്തപ്പ ഓർമ്മിപ്പിക്കുന്നു. എന്നിരുന്നാലും പുതിയ പരിശീലക സംഘത്തിന് കാര്യങ്ങൾ ക്രമപ്പെടുത്താൻ ഇന്ത്യൻ ആരാധകർ കുറച്ച് സമയം നൽകണമെന്നാണ് ഉത്തപ്പ ആവശ്യപ്പെടുന്നത്. ഒപ്പം ഇനിയും ഒരുപാട് അവസരങ്ങൾ സഞ്ജുവിന് ലഭിക്കും എന്ന് ഉത്തപ്പ വിശ്വസിക്കുന്നു.

Read Also -  അബ്ദുൽ ബാസിതിന്റെ വെടിക്കെട്ട്. 22 പന്തിൽ 50 റൺസ് നേടി ഹീറോയിസം. കാലിക്കറ്റിനെ തകർത്ത് ട്രിവാൻഡ്രം.

“സഞ്ജുവിനെ സംബന്ധിച്ച് ഇത്തരം അനുഭവം ഇതാദ്യമായല്ല ഉണ്ടാവുന്നത്. ഒരു താരം എന്ന നിലയിൽ ഇത്തരത്തിൽ തഴയലുകൾ സഞ്ജു ഏറ്റുവാങ്ങിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ഇത് അവസാനത്തെ തഴയലാവാനും സാധ്യതയില്ല. എന്നിരുന്നാലും അവിശ്വസനീയ റെക്കോർഡുകൾ ഏകദിന ക്രിക്കറ്റിലുള്ള താരമാണ് സഞ്ജു സാംസൺ എന്ന കാര്യം വളരെ വ്യക്തമാണ്. പക്ഷേ പുതുതായി ചുമതല ഏറ്റെടുത്ത പരിശീലക സംഘത്തിന് കാര്യങ്ങളൊക്കെയും ഒന്ന് കൃത്യമാക്കി മാറ്റാൻ കുറച്ചു സമയം നമ്മൾ നൽകേണ്ടതുണ്ട്. ഇന്ത്യൻ ആരാധകർ അവർക്ക് കുറച്ച് സമയം അനുവദിക്കണം.”- ഉത്തപ്പ പറഞ്ഞു.

“മറ്റൊരു താരം മികച്ച പ്രകടനം പുറത്തെടുത്തത് കൊണ്ട് സഞ്ജുവിനെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കി എന്നത് പറയാൻ സാധിക്കില്ല. ഇത് സമയത്തിന്റെ മാത്രം കാര്യമാണ്. ഇനിയും സഞ്ജുവിന് അവസരങ്ങൾ ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ ഇത്തരത്തിൽ ലഭിക്കുന്ന അവസരങ്ങൾ വളരെ കാര്യക്ഷമമായ രീതിയിൽ ഉപയോഗിക്കാൻ സഞ്ജു സാംസണിന് സാധിക്കണം. മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് സ്ഥിരതയോടെ ഇന്ത്യൻ ടീമിൽ മുന്നേറാൻ സഞ്ജുവിന് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്.”- ഉത്തപ്പ കൂട്ടിച്ചേർക്കുന്നു.

Scroll to Top