ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ സെമിഫൈനൽ മത്സരത്തിനിടെ ഒരുപാട് നാടകീയമായ രംഗങ്ങൾ അരങ്ങേറുകയുണ്ടായി. മത്സരത്തിൽ രവീന്ദ്ര ജഡേജ പന്തറിയാൻ വന്ന സാഹചര്യത്തിൽ അമ്പയർ റിച്ചാർഡ് ഇല്ലിംഗ്വർത്ത് താരത്തിന്റെ അടുത്തേക്ക് എത്തുകയും, കയ്യിൽ ഉണ്ടായിരുന്ന ടേപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ സംബന്ധിച്ച് വലിയ ചർച്ചകൾ തന്നെ മൈതാനത്ത് ഉണ്ടായി. എന്തുകൊണ്ടാണ് ജഡേജ പന്തറിയാൻ വന്നപ്പോൾ അമ്പയർ ടേപ്പ് മാറ്റണമെന്ന് പറഞ്ഞത് എന്ന് പരിശോധിക്കാം.
മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിംഗ്സിന്റെ 19 ആം ഓവറിലാണ് ഈ സംഭവം അരങ്ങേറിയത്. തന്റെ ഇടത് കൈയിൽ ടേപ്പ് ഒട്ടിച്ച സാഹചര്യത്തിലായിരുന്നു ജഡേജ ബോൾ എറിയാൻ എത്തിയത്. എന്നാൽ ഇത് ഒഴിവാക്കണമെന്ന് നിർബന്ധപൂർവ്വം അമ്പയർ പറയുകയായിരുന്നു. അതിന് മുൻപ് ജഡേജ രണ്ടോവറുകൾ പന്തെറിഞ്ഞു. പക്ഷേ ആ സമയത്ത് ജഡേജയുടെ കയ്യിൽ ടേപ്പ് ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിലെ ഐസിസി നിയമം പരിശോധിക്കാം. കീപ്പർ ഒഴികെയുള്ള ഒരു ഫീൽഡർ പോലും മൈതാനത്ത് ഗ്ലൗസോ മറ്റ് വസ്തുക്കളോ അണിയാൻ പാടില്ല എന്നതാണ് ഐസിസി നിയമം.
“വിക്കറ്റ് കീപ്പർ ഒഴികെയുള്ള ഒരു ഫീൽഡർ പോലും ഗ്ലൗസോ അധികമായി വരുന്ന ഗ്വാർഡുകളോ അണിയാൻ പാടില്ല. ഇത്തരത്തിൽ തങ്ങളുടെ കൈക്കോ കാലിനോ സുരക്ഷ നൽകുന്നതിനായി വസ്തുക്കൾ അണിയണമെങ്കിൽ അമ്പയറുടെ കൃത്യമായ അനുവാദം ആവശ്യമാണ്.”- ഐസിസി നിയമത്തിൽ പറയുന്നു. ഇത്തരത്തിൽ ബോളർമാർ, താൻ ബോൾ ചെയ്യുന്ന കയ്യിലാണ് ടേപ്പുകൾ ഒട്ടിച്ചിരിക്കുന്നതെങ്കിൽ അമ്പയർ കർശനമായ രീതിയിൽ ഇതിനെ നേരിടും. എന്നാൽ ബോളർക്ക് പരിക്കേൽക്കുകയോ കയ്യിൽ മുറിവ് പറ്റുകയോ ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ ടെപ്പ് ഒട്ടിക്കുന്നതെങ്കിൽ അമ്പയർമാർ ഇത് അനുവദിക്കുന്നതാണ് സാധാരണയായി കാണുന്നത്.
എന്നാൽ മത്സരത്തിന്റെ പത്തൊമ്പതാം ഓവറിൽ ജഡേജ ഡൈവ് ചെയ്യുന്നതിനിടെ കയ്യിൽ പരിക്കേൽക്കുകയുണ്ടായി. ശേഷം ജഡേജയെ ഈ ടെപ്പ് അണിയാൻ അമ്പയർ അനുവദിക്കുകയും ചെയ്തു. ചില സമയങ്ങളിൽ ബോളർമാർ ഇത്തരത്തിൽ ടെപ്പ് ധരിക്കുന്നത് ബാറ്റർമാർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ബോളിനെ കൃത്യമായി കാണാനോ നേരിടാനോ ഇത്തരം സാഹചര്യങ്ങളിൽ ബാറ്റർമാർ ബുദ്ധിമുട്ടാറുണ്ട്. ഇക്കാരണങ്ങളാലാണ് ഈ നിയമം ഇത്ര കർശനമാക്കിയത്.