“ഇത് ഞങ്ങളുടെ ഹോം ഗ്രൗണ്ടല്ല, ദുബായിയാണ്”. വിമർശനങ്ങൾക്ക് മറുപടി നൽകി രോഹിത്.

2025 ചാമ്പ്യൻസ് ട്രോഫി ടൂർണ്ണമെന്റിലെ എല്ലാ മത്സരങ്ങളും ദുബായ് മൈതാനത്ത് കളിക്കുന്നതിനാൽ, ഇന്ത്യൻ ടീമിന് അനീതിപരമായ ഒരു മുൻതൂക്കം ലഭിക്കുന്നുണ്ട് എന്ന പ്രസ്താവന പൂർണമായും നിരസിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിന് മുമ്പ് നടന്ന പത്രസമ്മേളനത്തിലാണ് രോഹിത് ശർമ ഇതേ സംബന്ധിച്ച് ശക്തമായ മറുപടി നൽകിയത്.

ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ന്യൂസിലാൻഡ് എന്നീ ടീമുകളെ ഗ്രൂപ്പ് എയിൽ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. ശേഷമാണ് ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടിയുമായി രോഹിത് രംഗത്ത് എത്തിയത്.

ദുബായിലെ മൈതാനം ഓരോ മത്സരങ്ങളിലും ഓരോ വെല്ലുവിളികളാണ് തങ്ങൾക്ക് ഉയർത്തിയിട്ടുള്ളത് എന്ന് രോഹിത് ശർമ പറയുകയുണ്ടായി. അതുകൊണ്ടുതന്നെ ടീമിന് സാഹചര്യങ്ങൾക്കനുസരിച്ച് മാറാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു എന്നും രോഹിത് തുറന്നു പറഞ്ഞു. എല്ലാ മത്സരങ്ങളിലും പിച്ച് വിവിധ തരത്തിലാണ് പെരുമാറിയിട്ടുള്ളതെന്നും രോഹിത് ഇതോടൊപ്പം കൂട്ടിച്ചേർത്തു. “ഞങ്ങൾ 3 മത്സരങ്ങളും ഇവിടെ തന്നെയാണ് കളിച്ചത്. ഉപരിതലം എല്ലായിപ്പോഴും ഒരേ പോലെയാണ്. പക്ഷേ 3 മത്സരങ്ങളിലും പിച്ച് വ്യത്യസ്തമായ രീതിയിൽ പെരുമാറുകയുണ്ടായി.”- രോഹിത് പറയുന്നു.

“സെമി ഫൈനലിലേക്ക് വന്നാൽ, ഏത് പിച്ചിലാണ് മത്സരം നടക്കുന്നത് എന്നതിനെപ്പറ്റി ഞങ്ങൾക്ക് ഒരു ബോധ്യവുമില്ല. ഏത് പിച്ചിലാണ് സെമിഫൈനൽ നടക്കുന്നത് എന്ന് ഞങ്ങൾക്കറിയില്ല. എന്തൊക്കെ സംഭവിച്ചാലും പിച്ചിന്റെ സാഹചര്യങ്ങളോട് പൊരുത്തപ്പെടുക എന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിന് ശേഷം മാത്രമേ കാര്യങ്ങൾ ഞങ്ങൾ പ്ലാൻ ചെയ്യുകയുള്ളൂ. ഏത് പിച്ച് ലഭിച്ചാലും കളിക്കാൻ ഞങ്ങൾ തയ്യാറാണ്. ഇത് ഞങ്ങളുടെ ഹോം ഗ്രൗണ്ടല്ല, ഇത് ദുബായിയാണ്. അതുകൊണ്ടുതന്നെ ഒരുപാട് മത്സരങ്ങൾ ഇവിടെ കളിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. ഞങ്ങളെ സംബന്ധിച്ച് ഇത് പുതിയൊരു സാഹചര്യമാണ്.”- രോഹിത് കൂട്ടിച്ചേർത്തു.

“ഞായറാഴ്ച ന്യൂസിലാൻഡുമായുള്ള മത്സരത്തിൽ ബോളർമാർ ബോൾ ചെയ്യുന്ന സമയത്ത് സീം ലഭിക്കുകയുണ്ടായി. പന്ത് അല്പസമയം സ്വിങ് ചെയ്യുകയും ചെയ്തു. ആദ്യ 2 മത്സരങ്ങളിലും ഞങ്ങൾക്ക് അത് കാണാൻ സാധിച്ചിരുന്നില്ല. മത്സര ദിവസം വൈകുന്നേരം അല്പം തണുപ്പ് അനുഭവപ്പെട്ടിരുന്നു. അത് സ്വിങ് ലഭിക്കാൻ ഒരു സാധ്യത തന്നെയാണ്. ഞങ്ങൾക്കതൊക്കെയും അറിയാം. 3 മത്സരങ്ങൾ ഞങ്ങൾ ഇവിടെ കളിച്ചപ്പോൾ നാലോ അഞ്ചോ ഉപരിതലങ്ങൾ ഇതിനായി ഉപയോഗിക്കുകയുണ്ടായി. ഓരോ ഉപരിതലവും വ്യത്യസ്തമായ സ്വഭാവമാണ് കാണിക്കുന്നത്. ഓരോ തരത്തിലും ബാറ്റർമാർക്കെതിരെ വെല്ലുവിളികൾ ഉയർത്തുന്ന സ്വഭാവമാണ് ദുബായിലെ പിച്ചുകൾക്കുള്ളത്.”- രോഹിത് പറഞ്ഞുവയ്ക്കുന്നു.

Previous articleആരൊക്കെ ചാമ്പ്യൻസ് ട്രോഫി ഫൈനൽ കളിക്കും? പ്രവചിച്ച് ഡിവില്ലിയേഴ്‌സ്.