2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി മെഗാ ലേലമാണ് നടക്കാൻ പോകുന്നത്. പല വമ്പൻ താരങ്ങളും ലേലത്തിൽ ഉൾപ്പെടുന്നതിനാൽ തന്നെ ഇത്തവണ തീപാറും എന്നത് ഉറപ്പാണ്. എല്ലാ ഫ്രാഞ്ചൈസികളും തങ്ങൾക്ക് അനുയോജ്യരായ ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്താനാവും ഇത്തവണ എത്തുക. പല വമ്പൻ ഇന്ത്യൻ താരങ്ങളും ലേലത്തിൽ അണിനിരക്കും എന്നത് ഉറപ്പാണ്. ഇതിൽ ഏറ്റവും വലിയ തുക ലഭിക്കാൻ സാധ്യതയുള്ള ഇന്ത്യൻ താരങ്ങളെ നമുക്ക് പരിശോധിക്കാം.
1. കെഎൽ രാഹുൽ
2022 മുതൽ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ നായകനായി കളിക്കുന്ന താരമാണ് കെഎൽ രാഹുൽ. ലക്നൗ ടീമിനെ ആദ്യ 2 സീസണുകളിലും തുടർച്ചയായി പ്ലേയോഫിൽ എത്തിക്കാൻ രാഹുലിന് സാധിച്ചിരുന്നു. എന്നാൽ 2024 ഐപിഎല്ലിൽ രാഹുലിന്റെ ടീം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മാത്രമല്ല ചില മത്സരങ്ങൾക്ക് ശേഷം ലക്നൗ ടീമുടമ സഞ്ജീവ് ഗോയങ്ക രാഹുലിനെതിരെ രംഗത്ത് വരുന്നതും കാണുകയുണ്ടായി.
രാഹുലിന്റെ പ്രകടനത്തിൽ ഫ്രാഞ്ചൈസി തൃപ്തരല്ല എന്നത് ഇതിൽ നിന്ന് വ്യക്തമാണ്. അതിനാൽ രാഹുലിനെ ലക്നൗ നിലനിർത്താനും സാധ്യത വളരെ കുറവാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇപ്പോഴും ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാൾ തന്നെയാണ് രാഹുൽ. അത്തരമൊരു താരം ലേലത്തിന് എത്തുകയാണെങ്കിൽ വലിയ തുകയ്ക്ക് തന്നെ ഫ്രാഞ്ചൈസികൾ സ്വന്തമാക്കും എന്നത് ഉറപ്പാണ്.
2. ഹർഷിത് റാണ
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ കൊൽക്കത്തയുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ച പേസറാണ് ഹർഷീത് റാണ. സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകളാണ് ഈ യുവതാരം സ്വന്തമാക്കിയത്. 20.16 എന്ന ശരാശരിയിലാണ് റാണ ഈ നേട്ടം കൊയ്തത്. ഇത്തവണത്തെ മെഗാ ലേലത്തിൽ റാണയുടെ പേര് എത്തിയാൽ അത് വലിയൊരു കോളിളക്കം സൃഷ്ടിക്കും എന്നത് ഉറപ്പാണ്. കൊൽക്കത്ത പ്രധാനമായും ശ്രേയസ് അയ്യർ, മിച്ചൽ സ്റ്റാർക്ക്, സുനിൽ നരെയൻ, ആൻഡ്ര റസൽ എന്നീ താരങ്ങളെയാവും നിലനിർത്താൻ ശ്രമിക്കുക. അങ്ങനെ വരുമ്പോൾ റാണ ലേലത്തിൽ എത്തുകയും വമ്പൻ തുക സ്വന്തമാക്കുകയും ചെയ്യും.
3. രോഹിത് ശർമ
മുംബൈ ഇന്ത്യൻസിനായി 5 തവണ കിരീടം സ്വന്തമാക്കിയ നായകനാണ് രോഹിത് ശർമ. എന്നിരുന്നാലും 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ രോഹിത്തിനെ നായക സ്ഥാനത്തുനിന്ന് മുംബൈ മാറ്റുകയുണ്ടായി. 2024 സീസണിൽ ബാറ്റർ എന്ന നിലയ്ക്ക് തരക്കേടില്ലാത്ത പ്രകടനം തന്നെയാണ് രോഹിത് പുറത്തെടുത്തത്. 14 മത്സരങ്ങളിൽ നിന്ന് 417 റൺസ് രോഹിത് സ്വന്തമാക്കിയിരുന്നു.
പക്ഷേ ഫ്രാഞ്ചൈസിക്കുള്ളിൽ രോഹിത് വലിയ രീതിയിൽ സമ്മർദ്ദം നേരിട്ടു എന്നത് ഉറപ്പാണ്. അതിനാൽ 2024 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ രോഹിത് ശർമയെ മുംബൈ നിലനിർത്തുമോ എന്ന കാര്യം സംശയമാണ്. രോഹിത് ലേലത്തിന് എത്തുകയാണെങ്കിൽ ഒരുപാട് ഫ്രാഞ്ചൈസികൾ രോഹിത്തിനായി രംഗത്തെത്തും എന്നതും ഉറപ്പാണ്. പഞ്ചാബ് കിങ്സിനെയും ചെന്നൈ സൂപ്പർ കിങ്സനെയും പോലെയുള്ള ഫ്രാഞ്ചൈസികൾക്ക് തങ്ങളുടെ പ്രധാന താരങ്ങൾക്ക് പകരം വയ്ക്കാൻ സാധിക്കുന്ന ക്രിക്കറ്ററാണ് രോഹിത് ശർമ.