അവർ ഓർമിപ്പിക്കുന്നത് സച്ചിൻ- ഗാംഗുലി ജോഡിയെയാണ്. യുവതാരങ്ങളെ പറ്റി റോബിൻ ഉത്തപ്പ.

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പര 3-0 എന്ന നിലയിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. എല്ലാ യുവതാരങ്ങളും മികച്ച പ്രകടനമാണ് ഇന്ത്യക്കായി പരമ്പരയിൽ നടത്തിയത്. ഇപ്പോൾ ഇന്ത്യൻ ടീമിലെ യുവ ഓപ്പണർമാരായ ശുഭമാൻ ഗില്ലിനെയും യശസ്വി ജയസ്വാളിനെയും പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.

ഇരു താരങ്ങളെയും ക്രീസിൽ കാണുമ്പോൾ തനിക്ക് സൗരവ് ഗാംഗുലിയെയും സച്ചിൻ ടെണ്ടുൽക്കറെയുമാണ് ഓർമ വരുന്നത് എന്ന് ഉത്തപ്പ പറയുന്നു. ഇതിന് കാരണവും ഉത്തപ്പ വ്യക്തമാക്കുകയുണ്ടായി. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ജോഡികളാണ് ഗാംഗുലി- സച്ചിൻ സഖ്യം. ഇവരോടാണ് ഉത്തപ്പ ജയസ്വാളിനെയും ഗില്ലിനെയും ഉപമിച്ചിരിക്കുന്നത്.

ഏകദിന ക്രിക്കറ്റിൽ തന്നെ ഏറ്റവും വിജയകരമായ സഖ്യമാണ് ഗാംഗുലി- സച്ചിൻ ജോഡികൾ. ഇരുവരും ചേർന്ന് ഇന്ത്യയുടെ മുൻനിരയിൽ 136 ഇന്നിംഗ്സുകളിൽ നിന്ന് 6609 റൺസാണ് സ്വന്തമാക്കിയിട്ടുള്ളത്. 49.32 എന്ന ശരാശരിയിലാണ് ഈ നേട്ടം ഇരുവരും കയ്യടക്കിയത്. 21 തവണ സെഞ്ച്വറി കൂട്ടുകെട്ടുകൾ സൃഷ്ടിക്കാനും ഇരുവർക്കും സാധിച്ചിട്ടുണ്ട്. ഗില്ലും ജയസ്വാളും തമ്മിലുള്ള ക്രീസിലെ സഹകരണം കാണുമ്പോൾ ഈ താരങ്ങളെ തനിക്ക് ഓർമ വരുന്നു എന്നാണ് ഉത്തപ്പ പറയുന്നത്. ഇരുവരും പരസ്പരം തങ്ങളുടെ ലക്ഷ്യങ്ങളും മുന്നിൽ കണ്ട് മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ട് എന്ന് ഉത്തപ്പ പറയുന്നു. ഇരു ബാറ്റർമാരുടെയും റെക്കോർഡ് കണക്കിലെടുത്താണ് ഉത്തപ്പ സംസാരിച്ചത്.

“ഞാൻ എല്ലായിപ്പോഴും അവരെ ശ്രദ്ധിക്കാറുണ്ട്. അവർ എപ്പോഴും സൗരവ് ഗാംഗുലിയെയും സച്ചിൻ ടെണ്ടുൽക്കറെയുമാണ് ഓർമിപ്പിക്കുന്നത്. അവരെപ്പോലെ തന്നെ കൃത്യമായി പരസ്പരം അഭിനന്ദിച്ചും സഹകരിച്ചുമാണ് ഈ താരങ്ങളും കളിക്കുന്നത്. തങ്ങളുടെ തന്ത്രങ്ങൾ കൃത്യമായി പങ്കുവെച്ച് മുന്നേറാൻ ഇരുതാരങ്ങൾക്കും സാധിക്കുന്നുണ്ട്. രണ്ടുപേരും ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോൾ എനിക്ക് അങ്ങനെയാണ് കാണാൻ സാധിക്കുന്നത്.”- ഉത്തപ്പ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു. ഇതുവരെ ഇന്ത്യക്കായി ഗില്ലും ജയസ്വാളും 9 ഇന്നിംഗ്സുകളിലാണ് ഓപ്പൺ ചെയ്തിട്ടുള്ളത്. ഇതിൽ നിന്ന് 64.5 ശരാശരിയിൽ 516 റൺസ് സ്വന്തമാക്കാൻ ഇരുതാരങ്ങൾക്കും സാധിച്ചിട്ടുണ്ട്.

ട്വന്റി20 മത്സരങ്ങളിൽ മാത്രമല്ല ഏകദിന മത്സരങ്ങളിലും ജയസ്വാളിന് തന്റെ സ്ഥാനമുറപ്പിക്കാൻ സാധിക്കുമെന്നും ഉത്തപ്പ പറഞ്ഞു. അവസരം ലഭിക്കുമ്പോൾ ജയസ്വാൾ ഏകദിനങ്ങളിലും മികവ് പുലർത്തും എന്നാണ് ഉത്തപ്പ കരുതുന്നത്. ഇതുവരെ 22 മത്സരങ്ങൾ ഇന്ത്യയ്ക്കായി കളിച്ച ജയസ്വാൾ ഒരു ഏകദിന മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്.

“അവന് ഏകദിന ക്രിക്കറ്റിൽ ഒരു അവസരം ലഭിക്കുമ്പോൾ അവൻ അവിടെയും സ്ഥാനമുറപ്പിക്കും എന്നാണ് ഞാൻ കരുതുന്നത്. ആദ്യം ജയസ്വാൾ ഇന്ത്യയ്ക്കായി കളിച്ചത് ടെസ്റ്റ് ക്രിക്കറ്റിലാണ്. പിന്നീട് ട്വന്റി20 കളിലും കളിക്കുകയുണ്ടായി. അതിനാൽ ഏകദിന ക്രിക്കറ്റും അവന് അനായാസമായിരിക്കും എന്നാണ് ഞാൻ കരുതുന്നത്. കാരണം റൺസ് കണ്ടെത്താൻ ഒരുപാട് സമയം തനിക്കുണ്ട് എന്ന് കൃത്യമായി അവൻ മനസ്സിലാക്കുന്നു.”- ഉത്തപ്പ കൂട്ടിച്ചേർത്തു.

Previous articleഎന്തുകൊണ്ട് 19ാം ഓവർ റിങ്കുവിന് നൽകി? കാരണം വ്യക്തമാക്കി സൂര്യകുമാർ യാദവ്.
Next articleസഞ്ജുവിനെ ട്രോളുന്നതിനിടെ നൈസായി രക്ഷപെട്ട റിങ്കു. 1, 1, 11, 1. അവസാന 4 മത്സരങ്ങളിൽ നേടിയത്.