വിഹാരിയും ശ്രേയസ്സും കാത്തിരിക്കണം. ഞാന്‍ കളിച്ചിരുന്ന കാലത്ത് അവര്‍ കാത്തിരുന്നതാണ്

ജൊഹാനസ്ബര്‍ഗിലെ വിജയത്തോടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഒപ്പത്തിനൊപ്പമെത്തി. കേപ്പ് ടൗണിലാണ് പരമ്പരയിലെ അവസാന മത്സരം. വീരാട് കോഹ്ലി പ്ലേയിങ്ങ് ഇലവനില്‍ തിരിച്ചെത്തുകയാണെങ്കില്‍ ആര് പുറത്തുപോകും എന്നതാണ് ചോദ്യം. ഇപ്പോഴിതാ അതിനെ പറ്റിയുള്ള സൂചന നല്‍കുകയാണ് ഇന്ത്യന്‍ ഹെഡ്കോച്ച് രാഹുല്‍ ദ്രാവിഡ്. ശ്രേയസ് അയ്യരും ഹനുമ വിഹാരിയും മധ്യനിരയിലെ സ്ഥിരം സ്ഥാനത്തിനായി കുറച്ചു കൂടി കാത്തിരിക്കേണ്ടിവരും എന്നാണ് ദ്രാവിഡ് പറയുന്നത്.

രണ്ടാം ടെസ്റ്റില്‍ വീരാട് കോഹ്ലിക്ക് പകരമായി എത്തിയ ഹനുമ വിഹാരി ഗംഭീരമായി കളിച്ചിരുന്നു. രണ്ട് ഇന്നിംഗ്സിലുമായി 60 റണ്‍സാണ് താരം നേടിയത്. സീനിയര്‍ താരങ്ങളായ പൂജാരയും രഹാനയുമാവട്ടെ അര്‍ദ്ധസെഞ്ചുറിയും നേടി.  ” ആദ്യം തന്നെ പറയട്ടെ വാണ്ടറേഴ്സ് ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും വിഹാരി മനോഹരമായി ബാറ്റ് ചെയ്തു. ആദ്യ ഇന്നിംഗ്സില്‍ അപ്രതീക്ഷിതമായി കുത്തി ഉയര്‍ന്ന പന്തിലാണ് അദ്ദേഹം പുറത്തായത്. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ അദ്ദേഹം മനോഹരമായി കളിച്ചു. അത് ഞങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ” ദ്രാവിഡ് പറഞ്ഞു.

ന്യൂസിലന്‍റിനെതിരെയുള്ള പരമ്പരയില്‍ അവസരം ലഭിച്ചപ്പോള്‍ ശ്രേയസ്സ് അയ്യരും നന്നായി മികവു കാണിച്ചു എന്ന് ഹെഡ്കോച്ച് വ്യക്തമാക്കി. എന്നാല്‍ പ്ലേയിങ്ങ് ഇലവനില്‍ സ്ഥിര സാന്നിധ്യമാകാന്‍ ഇരുവരും കാത്തിരിക്കണം എന്നാണ് ദ്രാവിഡ് പറയുന്നത്. താന്‍ കളിക്കുന്ന കാലത്ത്
കോഹ്ലിയും പൂജാരയും രഹാനെയും കാത്തിരുന്ന കാര്യവും രാഹുല്‍ ദ്രാവിഡ് ഓര്‍മിപ്പിച്ചു.

നിലവിലെ ടീമിലെ സീനിയര്‍ താരങ്ങളെ എടുത്താല്‍ അവരും കരിയറിന്‍റെ തുടക്കത്തില്‍ റണ്‍സടിച്ചുകൂട്ടിയിട്ടും ടീമിലെ സ്ഥിരം മുഖമാവാന്‍ അവരുടെ സമയത്തിനായി ഏറെനാള്‍ കാത്തിരുന്നവരാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറ മാറ്റത്തിന് കൃത്യമായ പദ്ധതികളുണ്ടാവുമെന്നും ദ്രാവിഡ് സൂചിപ്പിച്ചു.