പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 50 റൺസിന്റെ വമ്പൻ വിജയമായിരുന്നു സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. നായകൻ എന്ന നിലയിൽ സഞ്ജു സാംസന്റെ തിരിച്ചുവരവായിരുന്നു മത്സരത്തിൽ കണ്ടത്. മത്സരത്തിൽ മികച്ച രീതിയിൽ ബോളർമാരെ അണിനിരത്താനും വിക്കറ്റിനു പിന്നിൽ മികവ് പുലർത്താനും സഞ്ജുവിന് സാധിച്ചിരുന്നു.
ഇപ്പോൾ രാജസ്ഥാൻ റോയൽസ് ബാറ്റർമാരെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. മത്സരത്തിലെ രാജസ്ഥാന്റെ മുൻനിര ബാറ്റർമാരുടെ പ്രകടനമാണ് വിജയത്തിന് പ്രധാന കാരണമായത് എന്ന മഞ്ജരേക്കർ പ്രതികരിക്കുകയുണ്ടായി.
“മത്സരത്തിൽ രാജസ്ഥാന് മികച്ച തുടക്കം നൽകാൻ ജയസ്വാളിന് സാധിച്ചു. മത്സരത്തിന്റെ പതിനാലാം ഓവറിൽ ആയിരുന്നു ജയസ്വാൾ പുറത്തായത്. ശേഷം പരാഗ് ക്രീസിലെത്തി. ആവശ്യമായ സമയം മൈതാനത്ത് ചിലവഴിക്കാൻ പരഗിന് സാധിച്ചു. അതിന് ശേഷമാണ് പരാഗ് തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് മാറിയത്. സത്യത്തിൽ പരാഗ് മത്സരം മന്ദഗതിയിലേക്ക് മാറ്റുന്നു എന്ന് തോന്നൽ ഉണ്ടായ സമയത്താണ് സ്ഫോടനാത്മകമായ പ്രകടനം അവന്റെ ബാറ്റിൽ നിന്ന് ഉണ്ടായത്. ഇന്നിംഗ്സ് പതിയെ ആരംഭിച്ചാലും പിന്നീട് കളിയിൽ മാറ്റം വരുത്താൻ തനിക്ക് സാധിക്കുമെന്ന് പരാഗ്ഗിന് സ്വയം മനസ്സിലായി.”- മഞ്ജരേക്കർ പറയുന്നു.
“മത്സരത്തിൽ ആദ്യ 13 പന്തുകളിൽ 13 റൺസ് മാത്രമാണ് പരഗിന് നേടാൻ സാധിച്ചത്. 100 സ്ട്രൈക്ക് റേറ്റിൽ ആയിരുന്നു അവൻ ഇന്നിംഗ്സിന്റെ തുടക്കത്തിൽ കളിച്ചത്. പക്ഷേ പിന്നീടുള്ള 13-14 പന്തുകളിൽ 200 സ്ട്രൈക്ക് റേറ്റിൽ കളിച്ച് റൺസ് സ്വന്തമാക്കാൻ പരാഗിന് സാധിച്ചു. രാജസ്ഥാൻ റോയൽസിനെ വലിയ സ്കോറിലേക്ക് എത്തിച്ചത് ഈ ഇന്നിംഗ്സ് തന്നെയായിരുന്നു. ബുദ്ധിമുട്ടേറിയ പിച്ചിൽ ജയസ്വാൾ, സഞ്ജു സാംസൺ, റിയാൻ പരാഗ്, നിതീഷ് റാണ, ഹെറ്റ്മയർ, ധ്രുവ് ജൂറൽ എന്നിവരൊക്കെയും വലിയ സ്ട്രൈക്ക് റേറ്റിൽ തന്നെ കളിക്കുകയുണ്ടായി.”- മഞ്ജരേക്കർ കൂട്ടിച്ചേർക്കുന്നു.
“മത്സരത്തിൽ രാജസ്ഥാന്റെ 5 ബാറ്റർമാരുടെ സ്ട്രൈക്ക് റേറ്റ് 140, 160, 180, 200 എന്നിങ്ങനെയായിരുന്നു. അതാണ് മത്സരത്തിൽ രാജസ്ഥാനെ വിജയിപ്പിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ചില സാഹചര്യങ്ങളിൽ ഇത്തരം മത്സരങ്ങളിൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് പിന്തുടരാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകും. തുടക്കം മുതലാക്കാൻ പിന്നീട് വരുന്ന ബാറ്റർമാർക്ക് സാധിച്ചില്ലെങ്കിൽ ടീം വീണുപോകും. പക്ഷേ രാജസ്ഥാന്റെ കാര്യത്തിൽ അത്തരം ഒന്ന് സംഭവിച്ചില്ല.”- മഞ്ജരേക്കർ പറഞ്ഞുവെക്കുന്നു.