ഇന്ത്യൻ ക്രിക്കറ്റ് നിലവിൽ ഒരു തലമുറ മാറ്റത്തിലൂടെയാണ് കടന്നു പോകുന്നത്. വിരാട് കോഹ്ലിയും രോഹിത് ശർമയുമൊക്കെ തങ്ങളുടെ വിരമിക്കലിനോട് അടുക്കുമ്പോൾ പകരക്കാരായി ആരെ കണ്ടെത്തുമെന്ന പ്രതിസന്ധിയിലാണ് ഇന്ത്യൻ ടീം. ഇതിനുത്തരം നൽകി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗള.
അടുത്ത വിരാട് കോഹ്ലിയും രോഹിത് ശർമയുമാവാൻ സാധിക്കുന്ന 2 ഇന്ത്യൻ യുവതാരങ്ങളെ തിരഞ്ഞെടുത്തുകൊണ്ടാണ് പിയൂഷ് ചൗള രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ നായകന്മാരായി മികച്ച പ്രകടനങ്ങൾ എല്ലാ ഫോർമാറ്റിലും കാഴ്ചവച്ച താരങ്ങളാണ് വിരാട് കോഹ്ലിയും രോഹിത് ശർമയും. അതിനാൽ തന്നെ ഇരുവരുടെയും പകരക്കാരെ കണ്ടെത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്. എന്നാൽ ഇത്തരത്തിൽ ഇന്ത്യയ്ക്ക് വളർത്തിക്കൊണ്ടു വരാൻ സാധിക്കുന്ന രണ്ട് യുവതാരങ്ങൾ ടീമിലുണ്ട് എന്ന് ചൗള പറയുന്നു.
ഇന്ത്യയുടെ യുവതാരങ്ങളായ ഗില്ലും ഋതുരാജുമാണ് കോഹ്ലിയ്ക്കും രോഹിത്തിനും പകരക്കാരാവാൻ സാധിക്കുന്ന താരങ്ങൾ എന്ന് ചൗള പറയുകയുണ്ടായി. ഇരുവരുടെയും ബാറ്റിംഗിലെ സാങ്കേതിക എടുത്തുകാട്ടിയാണ് ചൗള സംസാരിച്ചത്. മോശ ഫോമിലുള്ളപ്പോഴും തങ്ങളുടെ ബാറ്റിംഗ് സാങ്കേതികത കൊണ്ട് എല്ലാം മറികടക്കാൻ ഇരുതാരങ്ങൾക്കും സാധിക്കുന്നുണ്ട് എന്ന് ചൗള പറയുന്നു. എന്നാൽ ഋതുരാജിനെ പോലെയുള്ള താരങ്ങൾക്ക് വലിയ അവസരങ്ങൾ ലഭിക്കാത്തതിൽ നിരാശ പങ്കുവയ്ക്കാനും ചൗള മറന്നില്ല. കഴിഞ്ഞ സമയങ്ങളിലെ ഇരുവരുടെയും പ്രകടനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചൗള സംസാരിച്ചത്.
“ആദ്യമായി ഞാൻ തിരഞ്ഞെടുക്കുന്നത് ശുഭമാൻ ഗില്ലിനെയാണ്. കാരണം അത്രമാത്രം മികച്ച ബാറ്റിംഗ് ടെക്നിക്കാണ് അവന്റേത്. നമ്മൾ ഒരു മോശം ഫോമിലൂടെ സഞ്ചരിക്കുമ്പോൾ ശക്തമായ ബാറ്റിംഗ് ടെക്നിക്കുള്ള ഒരു ബാറ്റർക്ക് അതിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കും. മാത്രമല്ല മികച്ച ബാറ്റിംഗ് ടെക്നിക്കുള്ള ഒരു താരത്തിന് ഒരിക്കലും ഒരുപാട് കാലം ഫോം ഔട്ടായി തുടരാനും സാധിക്കില്ല. അതിനാൽ ഗില്ലിനെ ഞാൻ തിരഞ്ഞെടുക്കുന്നു. മറ്റൊരാൾ ഋതുരാജാണ്. ഇന്ത്യൻ ടീമിൽ എപ്പോഴൊക്കെ അവസരം ലഭിച്ചാലും വളരെ വ്യത്യസ്തനായ ഒരു താരത്തെ പോലെയാണ് ഋതുരാജിനെ എനിക്ക് തോന്നിയിട്ടുള്ളത്.”- ചൗള കൂട്ടിച്ചേർക്കുന്നു.
ഗില്‍ നിലവിൽ ഇന്ത്യയുടെ 3 ഫോർമാറ്റിലെയും സ്ഥിര സാന്നിധ്യമാണ്. 2023 ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ എത്തിയപ്പോൾ ഗില്‍ ടീമിന്റെ നിർണായകഘടകം തന്നെയായിരുന്നു. എന്നിരുന്നാലും 2024 ട്വന്റി20 ലോകകപ്പിൽ ഗില്ലിന് ഇന്ത്യ അവസരം നൽകിയില്ല. ഇതുവരെ 25 ടെസ്റ്റ് മത്സരങ്ങളും, 47 ഏകദിന മത്സരങ്ങളും, 21 ട്വന്റി20 മത്സരങ്ങളും ഇന്ത്യയ്ക്കായി കളിക്കാൻ ഗില്ലിന് സാധിച്ചിട്ടുണ്ട്. മറുവശത്ത് ഋതുരാജ് 6 ഏകദിന മത്സരങ്ങളും 23 ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്.