ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്റ്റാർ പേസ് ബൗളർമാരിൽ ഒരാളാണ് മുഹമ്മദ് ഷമി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒട്ടനവധി മികച്ച പ്രകടനങ്ങളിൽ കൂടി കയ്യടികൾ നേടിയിട്ടുള്ള ഷമിക്ക് എതിരെ ഇക്കഴിഞ്ഞ ടി :20 ലോകകപ്പ് മത്സരങ്ങൾക്കിടയിൽ വ്യാപകമായി സോഷ്യൽ മീഡിയ അറ്റാക്ക് നടന്നിരുന്നു. പാകിസ്ഥാൻ എതിരായ മത്സരത്തിൽ ഇന്ത്യൻ ടീം തോറ്റതിന് പിന്നാലെ ഷമിയെ രാജ്യദ്രോഹിയാക്കി ചിലർ ചിത്രീകരിച്ചത് വലിയ വിവാദമായി മാറിയിരിന്നു.ഐസിസി ടൂർണമെന്റ് ചരിത്രത്തിൽ തന്നെ ആദ്യമായി ഇന്ത്യൻ ടീം പാകിസ്ഥാനോട് തോറ്റ മത്സരത്തിൽ മറ്റുള്ള ബൗളർമാർ പോലും വിക്കറ്റുകൾ വീഴ്ത്തുന്നതിൽ പരാജയമായപ്പോൾ എല്ലാ വിമർശനവും ട്രോളുകളും ഷമിക്ക് നേരെ മാത്രമായിരുന്നു. എന്നാൽ ഷമിക്ക് പൂർണ്ണ പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമും കായിക ലോകവും എത്തിയതോടെ എല്ലാ ആക്ഷേപവും ഒന്നുമല്ലാതെയായി.
അതേസമയം ഈ സംഭവത്തിനോട് തന്റെ ആദ്യത്തെ പ്രതികരണം നടത്തുകയാണ് ഇപ്പോൾ ഷമി. തന്നെ പല രീതിയിൽ അപമാനിക്കാനായി ശ്രമിച്ച ആളുകൾ ഒന്നും തന്നെ ഒരിക്കലും ഒരു ക്രിക്കറ്റ് ആരാധകനല്ലെന്ന് പറഞ്ഞ ഷമി തന്നെ ട്രോളിയവർ ഒരിക്കലും യഥാര്‍ത്ഥ ആരാധകരോ യഥാര്‍ത്ഥ ഇന്ത്യക്കാരോ അല്ലെന്നും ചൂണ്ടികാട്ടി. “അന്നത്തെ കളിക്ക് ശേഷം എന്നെയടക്കം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൂടി പല വിധത്തിൽ പരിഹസിച്ചവർ യഥാർത്ഥ ഇന്ത്യക്കാർ പോലും അല്ല. അവരാരും തന്നെ ക്രിക്കറ്റ് ആരാധകർ എന്ന് ഞാൻ കരുതുന്നില്ല. അതിനാൽ തന്നെ ഞാൻ അവർക്കും ഒന്നും മറുപടി നൽകാനും ആഗ്രഹിക്കുന്നില്ല.ഞാൻ അവർക്ക് അർഹമല്ലാത്ത പ്രാധാന്യം നൽകാനും ആഗ്രഹിക്കുന്നില്ല.ഒന്നും അറിയാതെ കുറച്ച് ഫോളോവഴ്സ് മാത്രമുള്ളവർ പോലും എന്നെ അപമാനിച്ചു. അവർക്ക് നഷ്ടപെടുവാൻ ഒന്നും ഇല്ല “ഷമി തന്റെ അഭിപ്രായം വിശദമാക്കി.
“എന്നെ സംബന്ധിച്ചിടത്തോളം ഞാൻ എന്നെ കളിയാക്കിയവർക്ക് അനാവശ്യ ഹൈപ്പ് നൽകാൻ ആഗ്രഹിക്കുന്നില്ല. അവരുമായി സംവാദം നടത്താൻ പോലും എനിക്ക് ആഗ്രഹമില്ല. ഒരു ഇന്ത്യൻ ക്രിക്കറ്റ് ടീം താരം എന്നുള്ള നിലയിൽ കൂടാതെ ഒരു സെലിബ്രേറ്റി എന്നുള്ള നിലയിൽ, ഒരു റോൾ മോഡൽ എന്നുള്ള നിലയിൽ എല്ലാം ഞാൻ എന്തെങ്കിലും ഈ കാര്യത്തിൽ പറഞ്ഞാൽ അത് വെറുതേ ഈ വിവാദത്തിന് നൽകുന്ന അമിതമായ പ്രാധാന്യം ആയി മാറും “മുഹമ്മദ് ഷമി ആഭിമുഖത്തിൽ വിശദമാക്കി.