അവർ ഭാവിയിലെ ‘സച്ചിൻ -ഗാംഗുലി’ ജോഡികൾ. ഗിൽ – ജയസ്വാൾ സഖ്യത്തെ പ്രശംസിച്ച് റോബിൻ ഉത്തപ്പ.

jaiswal and gill

ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ നാലാം ട്വന്റി20യിൽ ജെയ്‌സ്വാളിന്റെയും ഗില്ലിന്റെയും തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ടിനെ അങ്ങേയറ്റം പ്രശംസിച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. മത്സരത്തിൽ ഇന്ത്യയ്ക്ക് വളരെ നിർണായകമായ കൂട്ടുകെട്ടായിരുന്നു ഇരുവരും ചെർന്ന് കെട്ടിപ്പൊക്കിയത്.

179 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി ഇരുവരും ചേർന്ന് 93 പന്തുകളിൽ നിന്ന് 165 റൺസ് നേടുകയുണ്ടായി. ഇതിന്റെ ബലത്തിലായിരുന്നു ഇന്ത്യ മത്സരത്തിൽ വിജയം കണ്ടത്. ഇതോടുകൂടി പരമ്പര 2-2 എന്ന നിലയിലെത്തിക്കാനും ഇന്ത്യക്ക് സാധിച്ചു. മാത്രമല്ല ട്വന്റി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടായും ഇത് മാറുകയുണ്ടായി. ഇതിനുശേഷമാണ് റോബിൻ ഉത്തപ്പ പ്രശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ജിയോ സിനിമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റോബിൻ ഉത്തപ്പ തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്. ഇനിയും ഇത്തരത്തിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചാൽ ഗില്ലിനും ജയസ്വാളിനും, സച്ചിനെയും ഗാംഗുലിയെയും പോലെ ഒരു ഓപ്പണിങ് ജോഡിയായി മാറാൻ സാധിക്കും എന്നാണ് ഉത്തപ്പ പറയുന്നത്.

“ഇന്ത്യയ്ക്കായി കളിക്കുന്ന എല്ലാ കളിക്കാരും വളരെയധികം കഴിവുള്ളവരും അതിനനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നവരുമാണ്. എന്നാൽ ജയസ്വാളും ശുഭ്മാൻ ഗില്ലും ബാറ്റ് ചെയ്ത രീതി വളരെ പ്രത്യേകതയേറിയതാണ്. അവർക്ക് പരസ്പരം ഏകോപനപരമായി മൈതാനത്ത് തുടരാനും അവരുടേതായ സ്പെയ്സ് കണ്ടെത്താനും സാധിക്കുന്നുണ്ട്.”- റോബിൻ ഉത്തപ്പ പറഞ്ഞു.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

“ഇത്തരത്തിൽ അവർ മുൻപോട്ടു പോവുകയാണെങ്കിൽ വളരെ അപകടകാരികളായ ജോഡികളായി അവർ മാറും. വരും വർഷങ്ങളിൽ ഇന്ത്യയ്ക്ക് ഒരു വലിയ സ്വത്തായി അവർ മാറിയേക്കാം. വളരെ ഹോട്ടായ ഒരു ജോഡികളാണ് ജയ്‌സ്വാളും ഗില്ലും. മുൻപ് സൗരവ് ഗാംഗുലിയും സച്ചിൻ ടെണ്ടുൽക്കറും ഇത്തരത്തിൽ ഓപ്പണിങ്ങിൽ പ്രകടനങ്ങൾ കാഴ്ച വച്ചിരുന്നു. അത്തരത്തിൽ വളരാൻ സാധിക്കുന്ന ഒരു ഓപ്പണിങ് ജോഡി തന്നെയാണ് ഇത്.”- ഉത്തപ്പ കൂട്ടിച്ചേർത്തു.

ഇനിയുള്ള വഴിയിൽ കുറച്ചു കാര്യങ്ങൾ ഗില്ലും ജെയിസ്വാളും മനസ്സിലാക്കാനുണ്ടെന്നും, അങ്ങനെ ചെയ്യുകയാണെങ്കിൽ അവർ ഇന്ത്യയ്ക്ക് വലിയൊരു മുതൽക്കൂട്ടായി മാറുമെന്നും ഉത്തപ്പ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ഒരു ഓപ്പണിങ് ജോഡിയായിരുന്നു സച്ചിൻ- ഗാംഗുലി സഖ്യം. ഇരുവരും ചേർന്ന് ഏകദിന ക്രിക്കറ്റിൽ 8227 റൺസ് ഇന്ത്യയ്ക്കായി കൂട്ടിചേർത്തിട്ടുണ്ട്. ഓപ്പണിങ് കൂട്ടുകെട്ടിൽ 6609 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യയ്ക്കായി സംഭാവന ചെയ്തിട്ടുള്ളത്.

Scroll to Top