ഈ സൂപ്പർ താരങ്ങളെ ഇന്ത്യ ട്വന്റി20യിൽ നിന്ന് ഒഴിവാക്കും. സഞ്ജുവടക്കം 4 പേർ.

ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായി എത്തിയതോടെ വലിയ രീതിയിലുള്ള മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ വലിയ മാറ്റമുള്ള ഒരു നിര തന്നെയാണ് ഇപ്പോൾ രംഗത്ത് എത്തിയിട്ടുള്ളത്. പ്രധാനമായും യുവ താരങ്ങളെ അണിനിരത്തി വരും ടൂർണമെന്റ്കളിൽ മികവ് പുലർത്താനാണ് ഗംഭീറിന്റെ ശ്രമം.

എന്നാൽ ഇതിനിടെ ടീമിൽ മോശം പ്രകടനം കാഴ്ചവച്ച ചില താരങ്ങളെ മാറ്റി നിർത്താനും സാധ്യതയുണ്ട്. മലയാളി താരം സഞ്ജു സാംസണിന് ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിൽ 2 മത്സരങ്ങളിൽ അവസരം ലഭിച്ചിരുന്നു. എന്നാൽ ഇരു മത്സരങ്ങളിലും സഞ്ജുവിന് പൂജ്യനായി മടങ്ങേണ്ടിവന്നു. ഇതോടെ സഞ്ജുവിന്റെ ട്വന്റി20 ടീമിലെ സ്ഥാനം തെറിക്കാൻ സാധ്യതകൾ ഏറെയാണ്. ഇത്തരത്തിൽ ഇന്ത്യയുടെ ട്വന്റി20 ടീമിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുള്ള 4 താരങ്ങളെ പരിശോധിക്കാം.

1. കെഎൽ രാഹുൽ

ഒരുകാലത്ത് ഇന്ത്യൻ ട്വന്റി20 ടീമിന്റെ നട്ടെല്ലായിരുന്നു രാഹുൽ. ഇന്ത്യക്കായി ഇതുവരെ 72 ട്വന്റി20 മത്സരങ്ങൾ രാഹുൽ കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 2265 റൺസാണ് രാഹുലിന്റെ സമ്പാദ്യം. എന്നിരുന്നാലും കഴിഞ്ഞ വർഷങ്ങളിൽ ഒന്നുംതന്നെ സ്ട്രൈക്ക് റേറ്റിൽ വലിയ രീതിയിലുള്ള പുരോഗതികൾ ഉണ്ടാക്കാൻ രാഹുലിന് സാധിച്ചിട്ടില്ല.

പലപ്പോഴും ഒരു ആങ്കറുടെ ഇന്നിംഗ്സ് മാത്രമാണ് രാഹുൽ കളിക്കാറുള്ളത്. വെടിക്കെട്ട് തീർത്ത് ടീമിനെ കര കയറ്റുന്നതിൽ രാഹുൽ പരാജയപ്പെടാറാണ് പതിവ്. അതിനാൽ ട്വന്റി20 ടീമിൽ നിന്ന് ഗംഭീർ രാഹുലിനെ അനായാസം പുറത്തിരുത്തിയേക്കും. അതേസമയം ഇന്ത്യയുടെ ഏകദിന ടീമിന്റെ പ്രധാന താരമായി രാഹുൽ തുടരാനും സാധ്യതയുണ്ട്.

2. സഞ്ജു സാംസൺ

ഗംഭീർ പരിശീലകനായി എത്തുന്നതോടെ ട്വന്റി20കളിൽ സഞ്ജു സാംസണിന് അവസരം ലഭിക്കുമെന്നത് ഉറപ്പായിരുന്നു. അങ്ങനെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ സഞ്ജുവിന് അവസരം ലഭിക്കുകയും ചെയ്തു. എന്നാൽ ഈ അവസരം വേണ്ട രീതിയിൽ ഉപയോഗിക്കാൻ സഞ്ജുവിന് സാധിച്ചില്ല. തനിക്ക് ലഭിച്ച 2 അവസരങ്ങളും വളരെ മോശം രീതിയിൽ സഞ്ജു വലിച്ചെറിയുകയായിരുന്നു. ഇത് സഞ്ജുവിന്റെ ട്വന്റി20 കരിയറിനെ ബാധിക്കും എന്നത് ഉറപ്പാണ്. ഇതുവരെ ഇന്ത്യക്കായി 30 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജുവിന് 500 റൺസ് പോലും ടീമിനായി നേടാൻ സാധിച്ചിട്ടില്ല. അതിനാൽ ട്വന്റി20കളിൽ സഞ്ജു ഇനിയും ഇന്ത്യയെ പ്രതിനിധീകരിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്.

3. യുസ്വേന്ദ്ര ചഹൽ

ട്വന്റി20കളിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാണ് ചഹൽ. ഇതുവരെ ഇന്ത്യക്കായി 80 ട്വന്റി20 മത്സരങ്ങൾ കളിച്ച ചഹൽ 96 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. 2024 ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ സ്ക്വാഡിൽ ചഹൽ ഉൾപ്പെട്ടിരുന്നു. പക്ഷേ ഒരു മത്സരത്തിൽ പോലും ഇന്ത്യയ്ക്കായി കളിക്കാൻ താരത്തിന് സാധിച്ചില്ല. മികച്ച സ്പിന്നറാണെങ്കിൽ പോലും ഗൗതം ഗംഭീറിന്റെ ട്വന്റി20 പദ്ധതികളിൽ ചഹലില്ല എന്നതിന്റെ സൂചനകൾ ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു. അതിനാൽ ലോകകപ്പിന് ശേഷവും താരത്തെ പരിഗണിച്ചിട്ടില്ല.

4. ഇഷാൻ കിഷൻ

ഇന്ത്യൻ ട്വന്റി20 ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളായ ഇഷാൻ കിഷന് വളരെ മോശം സമയമാണ് ഇപ്പോൾ. ബിസിസിഐയെ ധിക്കരിച്ചതിന്റെ പേരിൽ താരത്തിന്റെ ദേശീയ കരാർ പോലും റദ്ദാക്കപ്പെട്ടിരുന്നു. ഇതോടെ ടീമിന്റെ പദ്ധതികളിൽ ഇഷാൻ കിഷനില്ല എന്ന കാര്യം വ്യക്തമായിട്ടുണ്ട്. ഇതുവരെ 32 ട്വന്റി20 മത്സരങ്ങൾ ഇന്ത്യക്കായി കളിച്ച കിഷൻ 796 റൺസാണ് നേടിയിട്ടുള്ളത്. 2023 നവംബറിൽ ഓസ്ട്രേലിയക്കെതിരെയാണ് കിഷൻ അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. ഇപ്പോഴും കിഷനുമായി യാതൊരുവിധ ബന്ധവും ബിസിസിഐ പുലർത്തുന്നില്ല എന്നതിന് സൂചനകൾ ഒരുപാടാണ്.

Previous articleഐപിഎല്ലിലെ വിദേശ താരങ്ങൾക്ക് കൂച്ചു വിലങ്ങിടാൻ ബിസിസിഐ. കത്രിക പൂട്ടിട്ട് ഫ്രാഞ്ചൈസികൾ.
Next articleധോണിയെ “അൺക്യാപ്ഡ്” താരമായി ടീമിൽ കളിപ്പിക്കാൻ ചെന്നൈ. മാസ്റ്റർ തന്ത്രത്തെ എതിർത്ത് മറ്റു ടീമുകൾ.