ഇത് അവന്റെ കരിയർ അവസാനമാണ്. ഇനിയൊരു തിരിച്ചുവരവില്ല. ഇന്ത്യൻ ബാറ്ററെപ്പറ്റി ചോപ്ര.

india champions

കഴിഞ്ഞകാലങ്ങളിൽ ഇന്ത്യയ്ക്കായി വലിയ രീതിയിൽ പോരാട്ടം നയിച്ചിട്ടുള്ള താരമാണ് ശിഖർ ധവാൻ. ഇന്ത്യയുടെ ഏകദിന ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു ധവാൻ ഒരുപാട് മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിൽ എത്തിച്ചിട്ടുമുണ്ട്. എന്നാൽ സമീപകാലങ്ങളിൽ ഇന്ത്യൻ ടീമിന്റെ പടിവാതിലിൽ എത്തിപ്പെടാൻ പോലും ധവാന് സാധിച്ചിട്ടില്ല. ഇന്ത്യൻ ടീമിലെ പ്രതിഭകളുടെ ധാരാളിത്തവും മറ്റും മൂലം ടീമിലെ സ്ഥാനം ധവാന് നഷ്ടമായി. പിന്നീട് പലതവണ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ധവാന് കാര്യങ്ങൾ അത്ര അനായാസമായിരുന്നില്ല. ഇപ്പോൾ ഇന്ത്യയുടെ 2023 ഏകദിന ലോകകപ്പിനുള്ള സ്‌ക്വാഡും പ്രഖ്യാപിക്കുകയുണ്ടായി. മുൻപത്തെ ലോകകപ്പിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ഇന്ത്യ ധവാനെ 2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല ഇതിനെപ്പറ്റിയാണ് ഇന്ത്യയുടെ മുൻ താരം ആകാശ് ചോപ്ര സംസാരിക്കുന്നത്.

ഇനി ധവാന് ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരങ്ങൾ ലഭിച്ചേക്കില്ല എന്ന രീതിയിലാണ് ആകാശ് ചോപ്ര അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. ഏകദിന ടീമിലേക്ക് ഇനി ധവാന് ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്നത് ആശങ്കയാണ് എന്ന് ചോപ്ര പറയുന്നു. നിലവിൽ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ രണ്ട് സ്പെഷ്യലിസ്റ്റ് ഓപ്പണർമാരാണുള്ളത്. ഒരാൾ ഇന്ത്യൻ നായകൻ രോഹിത് ശർമയും, മറ്റേയാൾ യുവതാരം ശുഭമാൻ ഗില്ലും. ഇവർക്ക് പുറമെ ബാക്കപ്പായി ഇഷാൻ കിഷൻ സ്ക്വാഡിലുണ്ട്. ഈ സാഹചര്യത്തിൽ ധവാന് ഇന്ത്യൻ ടീമിലേക്ക് ഒരു തിരിച്ചുവരവ് നടത്തുക എന്നത് ശ്രമകരം തന്നെയാണ്.

Read Also -  5 വർഷം കൂടുമ്പോൾ മാത്രം മെഗാലേലം, 6 താരങ്ങളെ നിലനിർത്താം. മാറ്റങ്ങൾക്ക് ഒരുങ്ങി ഐപിഎൽ.

“2023ന് ശേഷം ഏകദിന ലോകകപ്പ് നടക്കുന്നത് 2027ലാണ്. അത് വളരെ അകലെയാണ്. അതിനാൽ തന്നെ ശിഖർ ധവാൻ തന്റെ ഏകദിന കരിയറിൽ എത്രമാത്രം മുന്നോട്ടുപോകും എന്നത് കണ്ടറിയണം. ധവാനെ എന്തായാലും ഇന്ത്യ ട്വന്റി20യിൽ കളിപ്പിക്കില്ല. എന്നാൽ ഏകദിനത്തിൽ കളിക്കാൻ അവസരം ലഭിക്കുമോ? ഇല്ലെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. അടുത്ത ലോകകപ്പ് 2027 ലാണ് നടക്കുന്നത്. ട്വന്റി20 ടീമിലേക്ക് ധവാന് തിരിച്ചെത്താൻ സാധിച്ചില്ലെങ്കിൽ, ഇന്ത്യക്കായി കളിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായി മാറും. എന്നിരുന്നാലും ശിഖർ ധവാനെ ഞാൻ പൂർണമായും തള്ളിക്കളയില്ല. ഇന്ത്യക്കായി ഒരുപാട് മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് ധവാൻ.”- ചോപ്ര പറയുന്നു.

2022 ഡിസംബറിലായിരുന്നു ധവാൻ അവസാനമായി ഇന്ത്യക്കായി ഏകദിന മത്സരം കളിച്ചത്. ശേഷം ഇന്ത്യയുടെ ഏകദിന ടീമിൽ ധവാന് സ്ഥാനം ലഭിച്ചിട്ടില്ല. നിലവിലെ ഇന്ത്യൻ സ്ക്വാഡ് ഈ മാസം 28ആം തീയതി വരെ മാറ്റം വരുത്താൻ സാധിക്കും. എന്നിരുന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ധവാനെ ഇന്ത്യ ടീമിൽ ഉൾക്കൊള്ളിക്കാൻ സാധ്യതകൾ വളരെ കുറവാണ്. അല്ലാത്തപക്ഷം മുൻനിര താരങ്ങൾക്ക് പരിക്കോ മറ്റ് കാരണങ്ങളോ മൂലം മാറി നിൽക്കേണ്ടി വന്നാൽ മാത്രമാവും ധവാന് അവസരം ലഭിക്കുക.

Scroll to Top