മെൽബൺ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ നിരയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് 19കാരനായ കോൺസ്റ്റസാണ്. തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച ബോളറായ ബൂമ്രയെ അടിച്ചൊതുക്കാൻ താരത്തിന് സാധിച്ചു. ബൂമ്രയ്ക്കെതിരെ പലതരം നൂതന ഷോട്ടുകളും യുവതാരം പ്രയോഗിക്കുകയുണ്ടായി. ഇതൊക്കെ താൻ നേരത്തെ പ്ലാൻ ചെയ്ത് നിർവഹിച്ചതാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് യുവതാരം. ടെസ്റ്റ് ക്രിക്കറ്റിൽ സമീപകാലത്ത് വന്നിരിക്കുന്ന വലിയ മാറ്റമാണ് ഈ ആക്രമണശൈലി എന്ന് കോൺസ്റ്റസ് പറയുകയുണ്ടായി.
“ഒരു 20- 30 വർഷങ്ങൾക്ക് മുൻപ് ഈ തരത്തിൽ ആയിരുന്നില്ല ടെസ്റ്റ് ക്രിക്കറ്റിൽ താരങ്ങൾ കളിച്ചിരുന്നത്. കൂടുതലായി എല്ലാവരും പ്രതിരോധത്തിലാണ് ശ്രദ്ധിച്ചിരുന്നത്. ഒരു ദിവസം പൂർണ്ണമായും പന്തുകളെ പ്രതിരോധിക്കാൻ കളിക്കാർ ശ്രമിച്ചിരുന്നു. എന്നാൽ പുതിയ തലമുറയിലേക്ക് വരുമ്പോൾ പുതിയ ഷോട്ടുകളും നമുക്ക് കാണാൻ സാധിക്കും. എനിക്കും അത്തരം ഷോട്ടുകൾ കളിക്കുന്നത് വലിയ ഇഷ്ടമാണ്. ഇത്തരത്തിലുള്ള ഷോട്ടുകൾ കളിച്ച് ബോളർമാരെ സമ്മർദ്ദത്തിലാക്കുക എന്ന ലക്ഷ്യമായിരുന്നു എനിക്കുണ്ടായിരുന്നത്.”- കോൺസ്റ്റസ് പറയുന്നു.
“ബൂമ്രയ്ക്കെതിരെയുള്ള ആക്രമണം പൂർണമായും നേരത്തെ പ്ലാൻ ചെയ്തത് തന്നെയാണ്. കാരണം അദ്ദേഹത്തിന്റെ പന്തുകൾ നല്ല പേസിലാണ് വരുന്നത്. അതുകൊണ്ടു തന്നെ തല കൃത്യമായി നേരെ വെച്ച്, പന്തുകളെ പരമാവധി നിരീക്ഷിക്കുകയും മികച്ച ഷോട്ടുകൾ കളിക്കുകയും ചെയ്യുക എന്നതിലാണ് ഞാൻ ശ്രദ്ധ ചെലുത്തിയത്. ചില പന്തുകളെ നന്നായി തന്നെ നേരിടാൻ ഇന്ന് എനിക്ക് സാധിച്ചു. ഇതിലൂടെ എതിർ ടീമിന്റെ ഫീൽഡിങ് അടക്കമുള്ള കാര്യങ്ങളിൽ മാറ്റം വരുത്താൻ ഞാൻ ശ്രദ്ധിച്ചിരുന്നു.”- കോൺസ്റ്റസ് കൂട്ടിച്ചേർത്തു.
“ഒരുപക്ഷേ ഇത്തരം ഷോട്ടുകൾ കളിക്കുന്ന സമയത്ത് ഞാൻ ഔട്ട് ആയിരുന്നെങ്കിൽ അത് വലിയ ചർച്ചയ്ക്ക് വഴി വച്ചേനെ. പക്ഷേ ഇത്തരം റാംപ് ഷോട്ടുകൾ കളിക്കാൻ ഞാൻ ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഏറ്റവും സുരക്ഷാകരമായ ഷോട്ട് ഇതാണെന്ന് എനിക്ക് തോന്നുന്നു. ബോളർമാരിലേക്ക് തിരിച്ച് സമ്മർദ്ദം എത്തിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അതിനുള്ള ഏറ്റവും നല്ല വഴി റൺസ് കണ്ടെത്തുക എന്നത് തന്നെയാണ്. ബൂമ്ര ഒരു ഇതിഹാസ ബോളറാണ് എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടു തന്നെയാണ് ബൂമ്രയ്ക്കെതിരെ ഞാൻ ഇത്തരത്തിലുള്ള ഷോട്ടുകൾ കളിച്ചത്.”- കോൺസ്റ്റസ് പറഞ്ഞുവെക്കുന്നു.