ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം ഏറ്റവും നാടകീയമായ രീതിയിലാണ് അവസാനിച്ചത്. മത്സരത്തിൽ ഇന്ത്യയ്ക്ക് ഫോളോ ഓൺ ഒഴിവാക്കാൻ വലിയൊരു കടമ്പ തന്നെ മുൻപിലുണ്ടായിരുന്നു. എന്നാൽ അവസാന വിക്കറ്റിൽ ബൂമ്രയും ആകാശ് ദീപും ചേർന്ന് തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്ത് ഇന്ത്യയെ ത്രസിപ്പിക്കുന്ന രീതിയിൽ ഫോളോ ഓണിൽ നിന്ന് രക്ഷിക്കുകയായിരുന്നു. ഫോളോ ഓണ്‍ ഒഴിവാക്കിയതിന് ശേഷം ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ വിരാട് കോഹ്ലിയും ഗൗതം ഗംഭീറുമടക്കമുള്ളവർ വലിയ ആഘോഷത്തിലായിരുന്നു.
മത്സരത്തിൽ ഫോളോ ഓൺ ഒഴിവാക്കാൻ സാധിച്ചത് വളരെ നിർണായകമായി എന്ന് ഇന്ത്യൻ താരം രാഹുൽ മത്സരശേഷം പറയുകയുണ്ടായി. ആദ്യ ഇന്നിങ്സിന് ശേഷം ഉടൻ തന്നെ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിക്കാൻ താൻ തയ്യാറാവുകയായിരുന്നുവെന്നും, എന്നാൽ ആ സമയത്ത് രക്ഷകരായി ബൂമ്രയും ആകാശ് ദീപും എത്തുകയായിരുന്നു എന്നും രാഹുൽ പറഞ്ഞു.
“ഞങ്ങളുടെ വാലറ്റത്തെ ബാറ്റർമാർ കുറച്ച് റൺസ് സ്വന്തമാക്കിയത് വലിയ സന്തോഷമാണ് നൽകിയത്. ഞങ്ങളുടെ മീറ്റിങ്ങിൽ ഇക്കാര്യം ഒരുപാട് ചർച്ച ചെയ്തിരുന്നു. ബോളർമാർ കൃത്യമായി തന്നെ ബാറ്റിംഗിൽ കഠിനപ്രയത്നങ്ങൾ നടത്താറുണ്ട്. ഇത്തരത്തിൽ ഇന്ത്യൻ ടീമിന് ആവശ്യമായ കൂട്ടുകെട്ട് നൽകി രക്ഷിക്കാൻ വാലറ്റത്തെ ബാറ്റർമാർക്ക് സാധിച്ചു. മത്സരത്തിൽ ഫോളോ ഓൺ ഒഴിവാക്കിയത് വലിയ വ്യത്യാസം തന്നെ ഉണ്ടാക്കുമെന്നത് ഉറപ്പാണ്. ആ സമയത്ത് മത്സരത്തിൽ മഴയുടെ സാന്നിധ്യം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവിടെ തുടരാൻ ഞങ്ങൾക്ക് എന്തെങ്കിലും വഴി കണ്ടെത്തണമായിരുന്നു. ആകാശും ബുമ്രയും വളരെ മികച്ച രീതിയിൽ തന്നെ ബാറ്റ് ചെയ്തു. എന്തായാലും ഞങ്ങളെ സംബന്ധിച്ച് മികച്ച ഒരു അവസാനമാണ് ഈ ദിവസത്തിന് ഉണ്ടായത്.”- രാഹുൽ പറയുന്നു.
“അവസാന അരമണിക്കൂറിൽ നന്നായി തന്നെ കളിക്കാൻ ഞങ്ങൾക്ക് സാധിച്ചു. അവസാന വിക്കറ്റിൽ റൺസ് സ്വന്തമാക്കിയതിനേക്കാൾ ഉപരി, അവർ ബാറ്റ് ചെയ്ത രീതിയാണ് കൂടുതൽ ഹൃദ്യമായി മാറിയത്. കൃത്യമായി ബൗൺസറുകളെ ലീവ് ചെയ്യുകയും, ബോളുകളെ പ്രതിരോധിക്കുകയും, ആവശ്യമായ ഷോട്ടുകൾ കളിക്കുകയും ചെയ്യാൻ ആകാശ് ദീപിനും ബുമ്രയ്ക്കും സാധിച്ചു. അത് ഞങ്ങളെ സംബന്ധിച്ച് ഒരുപാട് ഗുണം ചെയ്യുന്നു. മാത്രമല്ല ഞങ്ങൾക്ക് അത് വലിയ ആത്മവിശ്വാസം തന്നെയാണ് നൽകിയിട്ടുള്ളത്.”- രാഹുൽ കൂട്ടിച്ചേർത്തു.
“ഫോളോ ഓൺ ഒഴിവാക്കാൻ വലിയ തന്ത്രങ്ങൾ ഞങ്ങൾക്ക് ആവശ്യമായിരുന്നു. വളരെ ലളിതമായ ചില കാര്യങ്ങൾ മാത്രമാണ് ഡ്രസ്സിംഗ് റൂമിൽ നിന്ന് ബാറ്റർമാരോട് പറഞ്ഞിരുന്നത്. റൺസ് സ്വന്തമാക്കാൻ ശ്രമിക്കണമെങ്കിലും ബൗണ്ടറികൾ നേടാൻ മാത്രമായി ശ്രമിക്കരുത് എന്ന് ഡ്രസ്സിംഗ് റൂമിൽ നിന്ന് പറഞ്ഞിരുന്നു. കൃത്യമായി സിംഗിളുകൾ നേടാനും ആവശ്യപ്പെട്ടിരുന്നു. അവർ ഫീൽഡിങ് നന്നായി വിന്യസിച്ചിരിക്കുന്നതിനാൽ, സിംഗിള്‍ സ്വന്തമാക്കാൻ മാർഗങ്ങൾ ഉണ്ടായിരുന്നു. ഈ സന്ദേശം മൈതാനത്തേക്ക് എത്തിക്കുന്നതിന് മുൻപ് തന്നെ ആകാശ് ദീപ് ഒരു വമ്പൻ ഷോട്ട് കളിക്കാൻ ശ്രമിച്ചു. ശേഷം ഈ സന്ദേശം എത്തിയതോടെയാണ് അവൻ ശാന്തനായത്.”- രാഹുൽ പറഞ്ഞുവെക്കുന്നു.