ഇന്ത്യൻ പ്രീമിയർ ലീഗിൽ നായകനായുള്ള തന്റെ ആദ്യ സീസണിൽ തന്നെ മികവാർന്ന പ്രകടനം പുറത്തെടുത്ത ക്രിക്കറ്ററാണ് ഹർദിക് പാണ്ഡ്യ. 2022ലെ ഐപിഎൽ സീസണിലായിരുന്നു ഹർദിക്ക് ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായി ചുമതലയേറ്റത്. സീസണിൽ തന്റെ ടീമിനെ ചാമ്പ്യന്മാരാക്കി മാറ്റാൻ പാണ്ഡ്യക്ക് സാധിച്ചു. സീസണിലൂടനീളം ഹർദിക് പാണ്ഡ്യയുടെ ശാന്തമായ ക്യാപ്റ്റൻസി വളരെയധികം ചർച്ചയാവുകയും ചെയ്തിരുന്നു. ശേഷം നിലവിൽ ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റനായി മാറിയിരിക്കുകയാണ് ഹർദിക്ക് പാണ്ഡ്യ. ഈ അവസരത്തിൽ ഹർദിക് പാണ്ഡ്യയെ ഇന്ത്യയുടെ മുൻനായകൻ മഹേന്ദ്ര സിംഗ് ധോണിയുമായി താരതമ്യം ചെയ്ത് സംസാരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ് ടീം അംഗമായ സായ് കിഷോർ.
ചെന്നൈ ടീമിൽ മഹേന്ദ്ര സിംഗ് ധോണിയുടെയും ഗുജറാത്ത് ടീമിൽ ഹർദിക്ക് പാണ്ഡ്യയുടെയും കീഴിൽ കളിച്ചിട്ടുള്ള കളിക്കാരനാണ് സായി കിഷോർ. ധോണിയുടെയും ഹർദിക് പാണ്ഡ്യയുടെയും സാമ്യതകളെ പറ്റിയാണ് കിഷോർ ഇപ്പോൾ സംസാരിക്കുന്നത്. “കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതി വെച്ചു നോക്കിയാൽ പാണ്ഡ്യയും മഹേന്ദ്ര സിംഗ് ധോണിയും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. ഇരുവരും പലപ്പോഴും വളരെ ശാന്തരായിയാണ് മൈതാനത്ത് കാണാറുള്ളത്.”- സായി കിഷോർ പറയുന്നു.
“ഹാർദിക് പാണ്ഡ്യയുടെ ഏറ്റവും വലിയ ഗുണം എന്നത് വിജയത്തെയും പരാജയത്തെയും തുല്യമായി കൈകാര്യം ചെയ്യാനുള്ള കഴിവാണ്. അതാണ് പാണ്ഡ്യയെ വ്യത്യസ്തനാക്കുന്നത്. മികച്ച നിലയിൽ ചിന്തിക്കുകയും കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്യാൻ കെൽപ്പുള്ള ലീഡറാണ് പാണ്ഡ്യ. അതാണ് എന്നെ സംബന്ധിച്ച് പാണ്ഡ്യയ്ക്കുള്ള വ്യത്യാസം.”- സായി കിഷോർ പറയുന്നു. ഒപ്പം കഴിഞ്ഞ സീസണിലെ വിജയികൾ എന്ന നിലയ്ക്ക് തങ്ങളുടെ ടീമിന്റെ സമ്മർദ്ദത്തെക്കുറിച്ചും സായി കിഷോർ വിവരിക്കുകയുണ്ടായി.
“മുൻ ചാമ്പ്യന്മാർ എന്ന ടാഗ് സ്വീകരിക്കണോ വേണ്ടയോ എന്നത് നമ്മുടെ തീരുമാനമാണ്. ഞങ്ങൾ കഴിഞ്ഞവർഷം വളരെ നന്നായി കളിച്ചു. അതുകൊണ്ടുതന്നെയാണ് ഞങ്ങൾക്ക് ഐപിഎല്ലിൽ ജേതാക്കളാവാൻ സാധിച്ചത്. ഇത്തവണയും ഞങ്ങൾക്ക് അത് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. അതിനാൽതന്നെ മുൻ ചാമ്പ്യന്മാർ എന്ന ടാഗ് ഞങ്ങൾക്ക് ആവശ്യമില്ല.” കിഷോർ കൂട്ടിച്ചേർക്കുകയുണ്ടായി.