ബ്രിസ്ബേയ്നിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ടോസ് നേടിയ രോഹിത് ശർമ ബോളിംഗ് തെരഞ്ഞെടുക്കുകയാണ് ഉണ്ടായത്. രോഹിത്തിന്റെ ഈ തീരുമാനത്തിനെതിരെ ചില വിമർശനങ്ങളും പിന്നീട് ഉയരുകയുണ്ടായി. 2016ന് ശേഷം ഓസ്ട്രേലിയൻ മണ്ണിൽ ടോസ് നേടിയ ശേഷം ബോളിംഗ് തെരഞ്ഞെടുക്കുന്ന ആദ്യ നായകനാണ് രോഹിത് ശർമ.
ആദ്യ ദിവസത്തെ മഴയുടെ സാഹചര്യവും പിച്ചിന്റെ ഈർപ്പവുമൊക്കെ കണക്കിലെടുത്താണ് രോഹിത് ശർമ ബോളിംഗ് തിരഞ്ഞെടുത്തത്. എന്നിരുന്നാലും രോഹിത്തിന്റെ ഈ തീരുമാനത്തിൽ താൻ തൃപ്തനല്ല എന്ന് പരോക്ഷമായി പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ പേസർ ബുമ്ര. ആദ്യ സെഷനിൽ പന്തെറിയുന്ന സമയത്ത് ബോളിന് യാതൊരു സിങും ലഭിക്കുന്നില്ല എന്ന് ബൂമ്ര പറഞ്ഞത് സ്റ്റമ്പ് മൈക്കിൽ പതിഞ്ഞിട്ടുണ്ട്.
ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജയ്ക്കെതിരെ ഓവർ ദി വിക്കറ്റിലാണ് ജസ്പ്രിറ്റ് ബുമ്ര തുടക്കത്തിൽ പന്തറിഞ്ഞത്. കൃത്യമായി സിങ് കണ്ടെത്തി ഖവാജയെ വലയ്ക്കാനാണ് ബുമ്ര തീരുമാനിച്ചത്. എന്നാൽ ഖവാജയുടെ പാഡിൽ നിന്ന് സ്വിങ് കണ്ടെത്താൻ ശ്രമിച്ച ബൂമ്ര പരാജയപ്പെടുകയായിരുന്നു. പന്തിന് യാതൊരു സിങും ലഭിക്കാത്ത സാഹചര്യത്തിൽ അനായാസം പന്തുകൾ പ്രതിരോധിക്കാൻ ബാറ്റർക്ക് സാധിച്ചു. ഇന്നിംഗ്സിലെ നാലാമത്തെ ഓവറിൽ തന്നെ ഇന്ത്യൻ താരങ്ങൾ ബോളിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. അമ്പയർ അത് പരിശോധിച്ചെങ്കിലും യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും കണ്ടെത്താൻ സാധിച്ചില്ല. വീണ്ടും ബൂമ്ര സ്വിങ് കണ്ടെത്താൻ ശ്രമിച്ചു. പക്ഷേ വീണ്ടും പരാജയപ്പെട്ടു.
ഓവറിലെ അഞ്ചാം പന്ത് എറിഞ്ഞതിന് ശേഷം തന്റെ മാർക്കിലേക്ക് നടക്കുന്ന സമയത്ത് ബൂമ്ര ഇക്കാര്യം പറഞ്ഞത് സ്റ്റമ്പ് മൈക്കിൽ പതിയുകയും ചെയ്തു. “എവിടെ ബോൾ എറിഞ്ഞാലും യാതൊരു കാര്യവുമില്ല, ഇവിടെ യാതൊരു സ്വിങ്ങും ലഭിക്കുന്നില്ല.”- ബൂമ്ര പറയുകയുണ്ടായി. ഇതിന് ശേഷം ആറാം ഓവറിൽ മഴയെത്തുകയും മത്സരം നിർത്തിവയ്ക്കുകയും ചെയ്തു. ശേഷം അരമണിക്കൂറോളം താരങ്ങൾ കാത്തിരിക്കേണ്ടിവന്നു ശേഷം വീണ്ടും താരങ്ങൾ മൈതാനത്ത് എത്തി മത്സരം തുടർന്നെങ്കിലും പതിനാലാം ഓവറിൽ വീണ്ടും മഴയെത്തുകയും ആദ്യ ദിവസത്തെ മത്സരം ഉപേക്ഷിക്കുകയും ചെയ്തു.
മത്സരത്തിൽ 2 മാറ്റങ്ങളുമായാണ് ഇന്ത്യൻ ടീം മൈതാനത്ത് ഇറങ്ങിയത്. ആദ്യ 2 മത്സരങ്ങളിൽ കളിച്ച പേസർ ഹർഷിത് റാണയെ ഒഴിവാക്കി ആകാശ് ദീപിനെയാണ് ഇന്ത്യ മൂന്നാം മത്സരത്തിൽ കളിപ്പിച്ചത്. മാത്രമല്ല രവിചന്ദ്രൻ അശ്വിന് പകരം രവീന്ദ്ര ജഡേജ ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്. മഴയ്ക്ക് മുൻപ് 3.2 ഓവറുകൾ പന്തറിയാൻ ആകാശ് ദീപിന് സാധിച്ചിരുന്നു. 2 മെയ്ഡ്നുകൾ പന്തറിഞ്ഞ താരം 2 റൺസ് മാത്രമാണ് വിട്ടു നൽകിയത്. എന്നാൽ രസം കൊല്ലിയായി മഴയെത്തിയതോടെ മറ്റൊരു ഓവർ പന്തറിയാനുള്ള അവസരം ആകാശിന് ലഭിച്ചില്ല.