തന്റെ അവസാന 5 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 3 സെഞ്ചുറികൾ സ്വന്തമാക്കാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും വിരമിക്കലിന് ശേഷം ഇന്ത്യൻ ടീമിൽ അവസരം ലഭിച്ച സഞ്ജു തന്റെ കഴിവ് പൂർണമായും കഴിഞ്ഞ മത്സരങ്ങളിലൊക്കെയും പുറത്തെടുക്കുകയുണ്ടായി.
സൂര്യകുമാർ യാദവിന്റെ നായകത്വത്തിന് കീഴിൽ എല്ലാ തരത്തിലും മികവ് പുലർത്താൻ സഞ്ജുവിന് സാധിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലെയും താരങ്ങളായ യശസ്വി ജയസ്വാളും ശുഭ്മാൻ ഗില്ലും തിരികെ ട്വന്റി20 ടീമിലേക്ക് എത്തുമ്പോൾ സഞ്ജു സാംസണ് ഓപ്പണിങ് സ്ഥാനം ലഭിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സൂര്യകുമാർ ഇപ്പോൾ.
ഒരിക്കലും സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനത്തിന് ഗ്യാരണ്ടി നൽകാൻ സാധിക്കില്ല എന്നാണ് സൂര്യകുമാർ തുറന്നു പറഞ്ഞിരിക്കുന്നത്. ഇതുവരെയും താൻ അങ്ങനെയൊരു കാര്യത്തെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും, ഇപ്പോഴത്തെ കാര്യത്തിൽ മാത്രമാണ് ശ്രദ്ധിക്കുന്നത് എന്നും സൂര്യകുമാർ കൂട്ടിച്ചേർക്കുകയുണ്ടായി. ജയസ്വാളും ഗില്ലും തിരികെ വരുമ്പോൾ ടീമിനെപ്പറ്റി വലിയൊരു ചർച്ച തന്നെ നടത്തുമെന്ന് സൂര്യകുമാർ പറയുന്നു. 25 താരങ്ങളിൽ നിന്ന് 10-15 പേരെ തിരഞ്ഞെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ് എന്നും സൂര്യകുമാർ യാദവ് കൂട്ടിച്ചേർക്കുകയുണ്ടായി.
“ഇതുവരെയും ഇത്തരമൊരു കാര്യത്തെപ്പറ്റി ഞാൻ ചിന്തിച്ചിട്ടില്ല. ഞാൻ എപ്പോഴും പ്രസ്തുത നിമിഷത്തെ പറ്റി മാത്രമാണ് ചിന്തിക്കാൻ തയ്യാറാവുന്നത്. ഇന്നത്തെ ദിവസം എന്താണോ സംഭവിച്ചത്, അത് ആസ്വദിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയത് ഒരു സ്പെഷ്യൽ വിജയം തന്നെയാണ്. ഒരു സ്പെഷ്യൽ പരമ്പര നേട്ടം സ്വന്തമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. ജയസ്വാളും ഗില്ലും തിരികെയെത്തുമ്പോൾ ഞങ്ങൾ ഇതേ സംബന്ധിച്ച് ചർച്ച ചെയ്യും. മുൻപിലേക്ക് പോകുമ്പോൾ ഇത്തരത്തിൽ എല്ലാ താരങ്ങളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ടീമിന് നല്ലൊരു ഗുണമുള്ള തലവേദനയായി മാറും.”- സൂര്യകുമാർ പറഞ്ഞു.
“നമുക്ക് മുൻപിൽ 20- 25 താരങ്ങളുണ്ട്. ഇതിൽ നിന്നാണ് 10-15 പേരെ ഒരു സ്ക്വാഡിലായി തിരഞ്ഞെടുക്കേണ്ടത്. അതുകൊണ്ടു തന്നെ ഇതൊരു വലിയ വെല്ലുവിളിയാണ്. ഒരു ടീം എന്ന നിലയിൽ ഇതൊരു നല്ല കാര്യവുമാണ്. കളിക്കാർ ഇത്തരത്തിൽ മികവ് പുലർത്തുന്നത് വലിയ സന്തോഷമുണ്ടാക്കുന്നു. ടീം മാനേജ്മെന്റും സെലക്ടർമാരും ബിസിസിഐയുമൊക്കെ ഇത്തരം സെലക്ഷൻ പ്രക്രിയയിൽ ഭാഗമാകാറുണ്ട്. അല്ലാത്തപക്ഷം യാതൊരു പ്രശ്നങ്ങളും നിലവിലെ ടീമിലില്ല.”- സൂര്യകുമാർ കൂട്ടിച്ചേർക്കുന്നു.