“ജുറലിനെയും പന്തിനെയും എതിരാളികളായി കാണുന്നില്ല, രാജ്യത്തിന്റെ വിജയമാണ് പ്രധാനം”. സഞ്ചു സാംസണ്‍.

GZsqBGaXQA4nQ6X scaled

നിലവിൽ ഒരുപാട് വിക്കറ്റ് കീപ്പർ ബാറ്റർമാരുള്ള ടീമാണ് ഇന്ത്യ. റിഷഭ് പന്താണ് ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ. ധ്രുവ് ജൂറലും ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ എത്താറുണ്ട്. ഏകദിനങ്ങളിൽ കെഎൽ രാഹുലും സഞ്ജു സാംസനും പന്തുമാണ് വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി മത്സരിക്കാറുള്ളത്.

ട്വന്റി20 ക്രിക്കറ്റിലേക്ക് വരുമ്പോൾ സഞ്ജുവിനും പന്തിനുമൊപ്പം ജിതേഷ് ശർമയും മത്സരത്തിലേക്ക് എത്തുന്നു. എന്നാൽ ബംഗ്ലാദേശിനെതിരായ പരമ്പരയിലേക്ക് മലയാളി താരം സഞ്ജു സാംസനെയായിരുന്നു ഇന്ത്യ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തത്. മൂന്നാം മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി നേടി ടീമിലെ തന്റെ സ്ഥാനം ഉറപ്പിക്കാൻ സഞ്ജുവിന് സാധിച്ചു. സമ്മർദ്ദ സാഹചര്യത്തിൽ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഇതേ സംബന്ധിച്ച് സഞ്ജു മത്സരശേഷം സംസാരിക്കുകയുണ്ടായി.

ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ എല്ലായിപ്പോഴും ഒരു സമ്മർദ്ദം നമുക്ക് ചുറ്റും ഉണ്ടാവുമെന്നാണ് സഞ്ജു പറയുന്നത്. ഒരുപാട് വിക്കറ്റ് കീപ്പർമാർ ഇന്ത്യയ്ക്കുണ്ട് എന്ന് സഞ്ജു പറയുന്നു. കഴിഞ്ഞ കാലങ്ങളിൽ വിക്കറ്റ് കീപ്പറെന്ന നിലയ്ക്ക് പന്ത്, ജൂറൽ, ജിതേഷ് ശർമ എന്നിവരൊക്കെയും ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവച്ചവരാണ് എന്ന് സഞ്ജു കൂട്ടിച്ചേർക്കുകയുണ്ടായി.

എന്നിരുന്നാലും താൻ ഇവരെയൊന്നും ഒരു എതിരാളികളായി കാണുന്നില്ല എന്നാണ് സഞ്ജു പറഞ്ഞത്. എല്ലാവരും നമ്മുടെ രാജ്യത്തിനായാണ് കളിക്കുന്നത് എന്നും, മികച്ച സംഭാവനകൾ നടത്താൻ സാധിക്കുന്നവർ രാജ്യത്തെ പ്രതിനിധീകരിക്കണമെന്നും സഞ്ജു കൂട്ടിച്ചേർത്തു.

Read Also -  ന്യൂസിലന്‍റിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

“ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ സമ്മർദ്ദം എന്തായാലും ഉണ്ടാകും. വിക്കറ്റ് കീപ്പിംഗ് സ്ലോട്ടുകളിലേക്ക് എത്തുമ്പോൾ നമ്മൾ ആ രീതിയിൽ ചിന്തിച്ചിട്ടു കാര്യമില്ല. റിഷഭ് പന്ത്, ധ്രുവ് ജൂറൽ, ജിതേഷ് ശർമ എന്നിവർ കുറെയധികം നാളുകളായി ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരാണ്. അവർക്കൊപ്പം ഒരുപാട് മത്സരങ്ങൾ കളിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ അവരെയൊന്നും ഞാനൊരു എതിരാളികൾ എന്ന നിലയിലല്ല നോക്കി കാണുന്നത്. ഞങ്ങൾ എല്ലായിപ്പോഴും മറ്റുള്ളവരുടെ വിജയത്തിലും സന്തോഷം കണ്ടെത്തുന്നവരാണ്. മാത്രമല്ല ഞങ്ങളെല്ലാവരും ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നവരാണ്.”- സഞ്ജു സാംസൺ പറയുന്നു.

“രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കാൻ അവസരം ലഭിച്ചാൽ മത്സരത്തിൽ സംഭാവനകൾ നൽകി വിജയം സ്വന്തമാക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. നമ്മുടെ അവസരത്തിനായി കാത്തിരിക്കുകയും അത് ലഭിക്കുമ്പോൾ മികച്ച സംഭാവന നൽകുകയും ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.”- സഞ്ജു സാംസൺ സ്പോർട്സ് 18ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അവസാന മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതിനാൽ തന്നെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു ഉണ്ടാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

Scroll to Top