2023 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി മോശം പ്രകടനം തന്നെയാണ് പൃഥ്വി ഷാ കാഴ്ച വെച്ചിട്ടുള്ളത്. ആദ്യ മത്സരങ്ങളിൽ ഡൽഹി പൃഥ്വി ഷായെ ഇമ്പാക്ട് കളിക്കാരനാക്കി പോലും ഡൽഹി ഇറക്കിയിരുന്നു. എന്നാൽ ഡൽഹി തനിക്ക് മേൽ വെച്ച വിശ്വാസം കാക്കാൻ ഷായ്ക്ക് സാധിക്കാതെ വന്നതോടെ, ഡൽഹി തങ്ങളുടെ ടീമിൽ നിന്ന് ഷായെ പുറത്താക്കുകയാണ് ചെയ്തത്. ഇക്കാര്യത്തിൽ തങ്ങളുടെ തീരുമാനം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഡൽഹിയുടെ ഹെഡ് കോച്ചായ റിക്കി പോണ്ടിംഗ്. പൃഥ്വി ഷായെ പുറത്താക്കിയതിനെ ന്യായീകരിച്ച് തന്നെയാണ് പോണ്ടിംഗ് സംസാരിച്ചത്.
“ഡൽഹിക്കായി പൃഥ്വി ഓപ്പണിങ്ങിറങ്ങി ഒരു അർത്ഥസെഞ്ച്വറി നേടിയിട്ട് ഒരുപാട് കാലങ്ങളായി. എന്റെ കണക്കുകൾ ശരിയാണെങ്കിൽ 13 മത്സരങ്ങളോളമായി പൃഥ്വി ഒരു അർധസെഞ്ച്വറി നേടിയിട്ട്. മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന ഒരുപാട് താരങ്ങൾ ഡൽഹി ടീമിൽ അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. പൃഥ്വിയുടേതായ ദിവസങ്ങളിൽ അദ്ദേഹം ഒരു മാച്ച് വിന്നർ ആണെന്ന് എനിക്ക് മനസ്സിലാവും. എന്നാൽ 2023 സീസണിൽ ഇതുവരെ തന്റെ ഫോമിലേക്കെത്താൻ ഷായ്ക്ക് സാധിച്ചിട്ടില്ല.”- റിക്കി പോണ്ടിംഗ് പറഞ്ഞു.
ഇതോടൊപ്പം പൃഥ്വിയുടെ 2023 ഐപിഎല്ലിലെ പ്രകടനങ്ങളും റിക്കി പോണ്ടിംഗ് എടുത്തുപറയുകയുണ്ടായി. “ഇതുവരെ പൃഥ്വി ആറു മത്സരങ്ങൾ ഈ സീസണിൽ കളിക്കുകയുണ്ടായി. ഇതിൽനിന്നായി കേവലം 40 റൺസ് മാത്രമാണ് പൃഥ്വി നേടിയിരിക്കുന്നത് എന്നാണ് ഞാൻ കരുതുന്നത്. പൃഥ്വിയെപ്പോലൊരാളെ പുറത്താക്കുക എന്നത് അത്ര എളുപ്പമുള്ള തീരുമാനമല്ല. എന്നിരുന്നാലും ടീമിന്റെ വിജയം തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം.”- പോണ്ടിംഗ് കൂട്ടിച്ചേർക്കുന്നു.
ഇത്തവണ വളരെ മോശം തുടക്കം തന്നെയായിരുന്നു പൃഥ്വി ഷായ്ക്ക് ലഭിച്ചത്. ആദ്യ മത്സരങ്ങളിലൊക്കെയും പൃഥ്വി നിറം മങ്ങുകയുണ്ടായി. ശേഷമാണ് ഡൽഹി ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി നിർത്തിയത്. ഡൽഹിയെ സംബന്ധിച്ച് ഈ സീസണിൽ അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഇതുവരെ 2023 ഐപിഎല്ലിൽ 7 മത്സരങ്ങൾ കളിച്ച ഡൽഹി 2 മത്സരങ്ങളിൽ മാത്രമാണ് വിജയം കണ്ടത്. മാത്രമല്ല പോയ്ന്റ്സ് ടേബിളിൽ ഏറ്റവും പിന്നിലാണ് ഡൽഹിയുടെ സ്ഥാനവും.