2024 ട്വന്റി20 ലോകകപ്പിന്റെ ഷെഡ്യൂൾ കഴിഞ്ഞ ദിവസമാണ് ഐസിസി പുറത്തുവിട്ടത്. ജൂൺ ഒന്നിന് അമേരിക്കയിലും വെസ്റ്റിൻഡീസിലുമായാണ് 2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയോടൊപ്പം പാകിസ്ഥാൻ, അയർലൻഡ്, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ടൂർണമെന്റിന്റെ ഗ്രൂപ്പിലുള്ളത്. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യ തങ്ങളുടെ ക്യാമ്പയിൻ ആരംഭിക്കുക. എന്നാൽ ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.
ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ട്വന്റി20 ലോകകപ്പിൽ കളിക്കുമോ എന്ന സംശയം നിലനിൽക്കുന്നു. 2022 ലോകകപ്പിന്റെ സെമിഫൈനലിൽ പുറത്തായതിന് ശേഷം ഇരുതാരങ്ങളും ഇന്ത്യക്കായി ട്വന്റി20 കളിച്ചിട്ടില്ല. എന്നാൽ ഇരുവരുടെയും പരിചയസമ്പന്നത ഇന്ത്യയ്ക്ക് ലോകകപ്പിൽ മറക്കാൻ സാധിക്കില്ല എന്നാണ് ഇന്ത്യൻ താരം പിയുഷ് ചൗള പറഞ്ഞിരിക്കുന്നത്.
മുൻപ് എന്താണ് സംഭവിച്ചത് എന്ന് കരുതിയിരിക്കാതെ, അന്നത്തെ ദിവസം മികവ് പുലർത്തുന്ന താരങ്ങളാണ് രോഹിത് ശർമയും വിരാട് കോഹ്ലിയും എന്ന് പിയൂഷ് ചൗള പറയുന്നു. അതിനാൽ തന്നെ ഇരുവരെയും ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തണം എന്നാണ് ചൗളയുടെ പക്ഷം.
“രോഹിത്തും വിരാട് കോഹ്ലിയും കഴിഞ്ഞ കാര്യങ്ങളെപ്പറ്റി ചിന്തിച്ച് കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകുമെന്ന് ഞാൻ കരുതുന്നില്ല. ഇരുവരും മറ്റൊരു ദിശയിലേക്കാവും നോക്കുന്നത്. അവർക്ക് ലോകകപ്പ് വിജയിക്കാനായി എന്തെങ്കിലും സ്പെഷ്യൽ കാര്യങ്ങൾ ടീമിനായി കാഴ്ചവയ്ക്കണം എന്നതാവും മനസ്സിൽ. അവർക്ക് സമ്മർദ്ദം ഉണ്ടാവും എന്ന് അർത്ഥമില്ല. ഒരിക്കലും അവർ ഭൂതകാലത്തെ പറ്റി ചിന്തിക്കില്ല. ഇപ്പോൾ എന്താണോ നടക്കുന്നത് അതിൽ മികവ് പുലർത്താൻ ശ്രമിക്കും. വ്യക്തിപരമായി പറഞ്ഞാൽ ഇരു താരങ്ങളുടെയും പരിചയസമ്പന്നത ഇന്ത്യയ്ക്ക് പല സാഹചര്യങ്ങളിലും ആവശ്യമാണ്.”- പിയൂഷ് ചൗള പറഞ്ഞു.
എന്നാൽ ട്വന്റി20 ലോകകപ്പിനുള്ള ടീം തിരഞ്ഞെടുക്കുന്നതിനായി സെലക്ടർമാർ കുറച്ചധികം കാത്തിരിക്കണം എന്നാണ് മറ്റൊരു മുൻ ഇന്ത്യൻ താരമായ സഞ്ജയ് മഞ്ജരേക്കർ പറയുന്നത്. “സെലക്ടർമാർ ഇപ്പോൾ കാത്തിരിക്കുകയും കൃത്യമായ തീരുമാനങ്ങൾ എടുക്കുകയുമാണ് ചെയ്യേണ്ടത്. ഇപ്പോൾ കാത്തിരിപ്പിന്റെ മത്സരമാണ് അവർ കളിക്കേണ്ടത്.
സെലക്ഷന്റെ സമയം എത്തുന്നതുവരെ അവർ കാത്തിരിക്കണം. അതിന് ശേഷം പ്രയാസകരമായ ചില തീരുമാനങ്ങൾ അവർക്ക് എടുക്കേണ്ടിവരും. രോഹിത് ശർമയും വിരാട് കോഹ്ലിയും അടക്കമുള്ളവർ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫോമിലാണെങ്കിൽ അവർക്ക് തീരുമാനമെടുക്കാൻ അല്പം അനായാസമായി.”- മഞ്ജരേക്കർ പറയുന്നു.
2024 ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ സീനിയർ താരങ്ങളിൽ ആരും തന്നെ കുട്ടി ക്രിക്കറ്റിൽ കളിച്ചിട്ടില്ല. കൂടുതലായും യുവതാരങ്ങളെ അണിനിരത്തിയുള്ള പരീക്ഷണത്തിനാണ് ഇതുവരെ ഇന്ത്യ തയ്യാറായിരിക്കുന്നത്. ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഒരു യുവതാര നിര ഇന്ത്യ കെട്ടിപ്പടുത്തിട്ടുണ്ട്.
വലിയ രീതിയിലുള്ള വിജയങ്ങൾ സ്വന്തമാക്കാനും ഈ യുവനിരക്ക് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും 2023 ഏകദിന ലോകകപ്പിൽ വിരാട് കോഹ്ലിയും രോഹിത് ശർമയും കളിച്ച രീതി അവിസ്മരണീയം തന്നെയായിരുന്നു. അതിനാൽ ഇരു താരങ്ങളുടെയും സാന്നിധ്യം വെസ്റ്റിൻഡീസിനും അമേരിക്കയിലും ഇന്ത്യയ്ക്ക് ആവശ്യമാണ്.