2025 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മെഗാ ലേലത്തിൽ തങ്ങൾക്ക് ആവശ്യമായ മുഴുവൻ താരങ്ങളെയും സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിച്ചിട്ടുണ്ട്. വിവിധ പ്രായത്തിലുള്ള താരങ്ങളെ അണിനിരത്തിയാണ് ഇത്തവണയും ഇന്ത്യൻ പ്രീമിയർ ലീഗ് എല്ലാവരുടെയും മുൻപിലേക്ക് എത്തുന്നത്. ഇത്തവണത്തെ ലീഗിൽ ഏറ്റവും പ്രായം കുറഞ്ഞ 5 താരങ്ങളെ പരിശോധിക്കാം.
- മുഷീർ ഖാൻ
യുവതാരമായ മുഷീർ ഖാനാണ് ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ താരം. പഞ്ചാബ് കിങ്സാണ് മുഷീർ ഖാനെ ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ 20 വർഷവും 23 ദിവസവുമാണ് മുഷീർ ഖാന്റെ പ്രായം. പഞ്ചാബിനായി മുഷീർ മികച്ച പ്രകടനം കാഴ്ചവയ്ക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
- സ്വസ്തിക് ചിക്കാര
ഉത്തർപ്രദേശകാരനായ സ്വസ്തിക് ചിക്കാരയാണ് ഈ ലിസ്റ്റിലുള്ള നാലാമത്തെ താരം. 19 വർഷവും 353 ദിവസവുമാണ് ചിക്കാരയുടെ പ്രായം. ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ആണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. വലംകൈ ബാറ്ററായ ചിക്കാര തന്റെ ആക്രമണ ശൈലി കൊണ്ടാണ് ശ്രദ്ധ പിടിച്ചു പറ്റിയത്.
- ക്വന മഫാക
ദക്ഷിണാഫ്രിക്കയുടെ യുവതാരമായ മഫാകയും ഇത്തവണത്തെ ഐപിഎല്ലിലൂടെ അരങ്ങേറ്റം കുറിക്കുകയാണ്. നിലവിൽ 18 വർഷവും 348 ദിവസവുമാണ് മഫാകയുടെ പ്രായം. ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ രാജസ്ഥാൻ റോയൽസ് ടീമാണ് താരത്തിനെ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കക്കാരനായ മഫാക, ടീമിനായി ഒരു ട്വന്റി20 മത്സരം കളിച്ചിട്ടുണ്ട്.
- ആൻഡ്രേ സിദ്ധാർഥ്
വലംകൈയൻ ബാറ്ററായ യുവതാരം ആൻഡ്ര സിദ്ധാർത്ഥണ് ഈ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്ന മറ്റൊരു താരം. ചെന്നൈ സൂപ്പർ കിങ്സാണ് ഇത്തവണത്തെ ലേലത്തിൽ ആൻഡ്ര സിദ്ധാർത്ഥിനെ സ്വന്തമാക്കിയത്. 18 വർഷവും 206 ദിവസവുമാണ് സിദ്ധാർത്ഥിന്റെ പ്രായം. ഇത്തവണത്തെ ഐപിഎല്ലിൽ താരത്തിന് മികവ് പുലർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- വൈഭവ് സൂര്യവംഷി
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംഷി. 13 വർഷവും 360 ദിവസവുമാണ് വൈഭവിന്റെ പ്രായം. രാജസ്ഥാൻ റോയൽസ് ടീമാണ് വൈഭവിനെ ഇത്തവണത്തെ ലേലത്തിൽ സ്വന്തമാക്കിയത്. ബീഹാറുകാരനായ വൈഭവിനായി 1.10 കോടി രൂപയായിരുന്നു രാജസ്ഥാൻ ചെലവഴിച്ചത്. ആക്രമണ ശൈലിയിലുള്ള ബാറ്റിംഗാണ് വൈഭവിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.