നേരിടാൻ ആഗ്രഹമുള്ളത് ആ ശ്രീലങ്കൻ ഇതിഹാസത്തിന്റെ പന്തുകൾ. സഞ്ജു സാംസൺ.

ബംഗ്ലാദേശിനെതിരായ ട്വന്റി20 മത്സരത്തിൽ 40 പന്തുകളിൽ സെഞ്ച്വറി നേടിയതോടെ മലയാളി താരം സഞ്ജു സാംസന് വലിയ പ്രശംസകളാണ് ലഭിക്കുന്നത്. ഏകദിന ട്വന്റി20 ഫോർമാറ്റുകളിൽ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിലും സഞ്ജു സാംസണെ ഉൾപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ട് എന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറടക്കം ഇതിനോടകം വെളിപ്പെടുത്തി കഴിഞ്ഞു.

നിലവിൽ രഞ്ജി ട്രോഫിയിൽ കേരള ടീമിന് വേണ്ടി കളിക്കുകയാണ് സഞ്ജു സാംസൺ. ഈ സാഹചര്യത്തിൽ ഒരു വലിയ പ്രസ്താവനവുമായാണ് സഞ്ജു രംഗത്തെത്തിയിരിക്കുന്നത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ബോളർമാരിൽ ഒരാളെ നേരിടാൻ അവസരം ലഭിച്ചാൽ അത് ആരെയായിരിക്കും എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു ഇപ്പോൾ.

പ്രമുഖ ജേർണലിസ്റ്റായ വിമൽ കുമാറുമായി നടന്ന അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ശ്രീലങ്കയുടെ മുൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരനെ നേരിടാനാണ് തനിക്ക് ആഗ്രഹമെന്ന് സഞ്ജു സാംസൺ പറയുകയുണ്ടായി.

“മുരളി സാറിനെതിരെ കളിക്കാനാണ് എന്റെ ആഗ്രഹം” എന്നാണ് സഞ്ജു സാംസൺ മറുപടിയായി പറഞ്ഞത്. ഇതിന്റെ കാരണം വിമൽ കുമാർ ചോദിക്കുകയുണ്ടായി. ഇതിന് സഞ്ജു പറഞ്ഞ മറുപടിയും രസകരമായിരുന്നു. ഇതിനൊക്കെ നിങ്ങൾക്ക് കാരണം ആവശ്യം ഉണ്ടോ എന്നാണ് സഞ്ജു ചിരിച്ചുകൊണ്ട് വിമൽ കുമാറിനോട് ചോദിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിശയിപ്പിക്കുന്ന ഒരുപാട് പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് മുരളീധരൻ എന്ന് സഞ്ജു പറയുകയുണ്ടായി. ഇത്തരത്തിൽ തന്നെ അതിശയിപ്പിച്ച മറ്റൊരു താരമായിരുന്നു മുൻ ഓസ്ട്രേലിയൻ സ്പിന്നർ ഷെയിൻ വോൺ എന്നും സഞ്ജു പറഞ്ഞു.

പക്ഷേ ഷെയ്ൻ വോണിനെ തനിക്ക് നെറ്റ്സിൽ നേരിടാനുള്ള അവസരം ലഭിച്ചു എന്ന് സഞ്ജു പറയുകയുണ്ടായി. എന്നാൽ ഇതുവരെയും മുരളീധരനെ നേരിടാൻ തനിക്ക് സാധിച്ചിട്ടില്ല എന്നാണ് സഞ്ജു കൂട്ടിചേർത്തത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ മുരളീധരന്റെ റെക്കോർഡുകൾ എടുത്തു കാട്ടിയാണ് സഞ്ജു സംസാരിച്ചത്.

ടെസ്റ്റ് ക്രിക്കറ്റിൽ അങ്ങേയറ്റം വലിയ റെക്കോർഡുകളുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാളായിരുന്നു മുത്തയ്യാ മുരളീധരൻ. 133 ടെസ്റ്റ് മത്സരങ്ങൾ ശ്രീലങ്കയ്ക്കായി കളിച്ച മുരളീധരൻ 800 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിൽ 350 മത്സരങ്ങൾ ശ്രീലങ്കയ്ക്കായി കളിച്ച മുരളി 534 വിക്കറ്റുകൾ കൊയ്തു. 12 ട്വന്റി20കളില്‍ നിന്ന് 13 വിക്കറ്റുകളും സ്വന്തമാക്കാൻ ഈ ഇതിഹാസ താരത്തിന് സാധിച്ചിരുന്നു. ഇക്കാരണത്താൽ തന്നെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് മുത്തയ്യ മുരളീധരൻ എന്ന് നിസംശയം പറയാൻ സാധിക്കും.

Previous articleമുംബൈ ടീമില്‍ നിന്നും പൃഥി ഷായെ ഒഴിവാക്കി. കാരണം ഇതാണ്.
Next articleസീം ബൗളിംഗ് ആൾറൗണ്ടറായി നിതീഷ് എത്തുമോ ? മത്സരത്തിന് വേറൊരു താരവും