കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകങ്ങളാണ് നായകൻ രോഹിത് ശർമയും വിരാട് കോഹ്ലിയും. എന്നാൽ ക്രിക്കറ്റിലെ 3 ഫോർമാറ്റുകളിലേയും ഇരുവരുടെയും ബാറ്റിംഗ് പരിശോധിച്ചാൽ കഴിഞ്ഞ സമയങ്ങളിൽ നിരാശപ്പെടുത്തുന്ന കണക്കുകൾ തന്നെയാണ് മുൻപിലുള്ളത്. ഇരുവർക്കും തങ്ങളുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന സ്ഥിരത കണ്ടെത്താൻ കഴിഞ്ഞ വർഷങ്ങളിൽ സാധിച്ചിരുന്നില്ല. 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിലും ഈ പ്രകടനം കാണുകയുണ്ടായി. വിരാട് കോഹ്ലി താരതമ്യേന മെച്ചപ്പെട്ട പ്രകടനം സീസണിൽ കാഴ്ചവച്ചപ്പോൾ, രോഹിത് ശർമ പൂർണമായും പരാജയപ്പെടുന്നതാണ് കണ്ടത്.
ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഇരു ബാറ്റർമാരുടെയും ട്വന്റി20 കരിയർ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. ഒരുപാട് യുവതാരങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ഉയർന്നുവരുന്ന സാഹചര്യത്തിൽ ഇനിയും രോഹിത് ശർമയും വിരാട് കോഹ്ലിയും ട്വന്റി20 ഇന്ത്യക്കായി കളിക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രതിഫലിക്കുന്നു. ഇതിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ പരിശീലകനായ രവി ശാസ്ത്രി. രോഹിതും വിരാട് കോഹ്ലിയും ട്വന്റി20യിൽ നിന്നും മാറി ഏകദിനങ്ങളിലും ടെസ്റ്റ് മത്സരങ്ങളിലും കൂടുതൽ ശ്രദ്ധ നൽകുന്നതാവും നല്ലത് എന്നാണ് ശാസ്ത്രി പറയുന്നത്. ട്വന്റി20യിൽ കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകി അടുത്ത ലോകകപ്പിനായി ഒരുക്കിയെടുക്കണമെന്ന അഭിപ്രായവും ശാസ്ത്രി പങ്കുവയ്ക്കുകയുണ്ടായി.
“കോഹ്ലി, രോഹിത് എന്നീ ക്രിക്കറ്റർമാർ വളരെ കാലമായി ഇന്ത്യൻ ടീമിൽ കളിച്ച് പരിചയസമ്പത്തുള്ളവരാണ്. മാത്രമല്ല അവർ തങ്ങളുടെ കാലിബർ തെളിയിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ പുതിയൊരു തലമുറ കളിച്ചു തുടങ്ങേണ്ടത് ആവശ്യമാണ്. അതിനാൽതന്നെ ട്വന്റി20 ക്രിക്കറ്റിൽ നിന്ന് കോഹ്ലിയും രോഹിത്തും വിട്ടുനിൽക്കാൻ തയ്യാറാവണം. നിലവിലെ ഫോമിന്റെ അടിസ്ഥാനത്തിൽ തന്നെയായിരിക്കണം പുതിയ രീതിയിലുള്ള തിരഞ്ഞെടുപ്പുകൾ”- രവി ശാസ്ത്രി പറയുന്നു.
“ഇപ്പോൾ 2020 ക്രിക്കറ്റിൽ മികച്ച പ്രകടനമല്ല വിരാട് കോഹ്ലിയും രോഹിത് ശർമയും കാഴ്ചവയ്ക്കുന്നത്. കോഹ്ലി പല മത്സരങ്ങളിലും റൺസ് കണ്ടെത്തുന്നുണ്ടെങ്കിലും സ്ട്രൈക്ക് റേറ്റ് വളരെ മോശം തന്നെയാണ്. മാത്രമല്ല രോഹിത്തിനെ സംബന്ധിച്ച് യാതൊരു തരത്തിലും തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചില്ല.”- രവി ശാസ്ത്രി കൂട്ടിച്ചേർക്കുകയുണ്ടായി. 2023ലെ ഏകദിന ലോകകപ്പ് കഴിഞ്ഞാൽ 2024ലാണ് ട്വന്റി20 ലോകകപ്പ് നടക്കുന്നത്. ആ ലോകകപ്പിനായി വലിയ പ്രതീക്ഷയിൽ തന്നെ പുതിയ ടീം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.