അഫ്ഗാനെതിരെയുള്ള ടി20 സ്ക്വാഡ് പ്രഖ്യാപനത്തിനു പിന്നാലെ വലിയ വാദവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ജനുവരി 11 മുതലാണ് ടി20 പരമ്പര ആരംഭിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ഇന്ത്യന്‍ ടി20 ടീമിലേക്ക് എത്തുന്നു എന്ന പ്രത്യേകതക്കൂടിയുണ്ട്.
ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനു മുന്നോടിയായി ഇരുവരും ടീമിലേക്കെത്തിയത് വലിയ ചോദ്യങ്ങള്‍ക്ക് വഴി വച്ചിട്ടുണ്ട്. അതേ സമയം വലിയൊരു വിവാദം ഒഴിവാക്കാൻ വേണ്ടിയാണ് ഇന്ത്യൻ സെലക്ടർമാർക്ക് രണ്ട് കളിക്കാരെയും തിരഞ്ഞെടുക്കേണ്ടിവന്നുവെന്ന് മുൻ ഇന്ത്യൻ ബാറ്റർ ആകാശ് ചോപ്ര പറയുന്നത്. ഇവരില്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാൻ സെലക്ടർമാർക്ക് ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
” ഒരാളെ തിരഞ്ഞെടുത്ത്, ഒരാളെ ഒഴിവാക്കാനുള്ള ധൈര്യം ഒന്നും സെലക്ടര്‍മാര്‍ക്കില്ലാ. ഒന്നുകിൽ രണ്ടുപേരും തിരഞ്ഞെടുക്കപ്പെടുകയോ ഒഴിവാക്കുകയോ ചെയ്യുമായിരുന്നു. ഒരാളെ തിരഞ്ഞെടുത്ത് മറ്റൊരാളെ ഡ്രോപ്പ് ചെയ്യാന്‍ ആർക്കും ധൈര്യമില്ല, അത് ആർക്കും ചെയ്യാൻ കഴിയില്ല,” ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
കോഹ്‌ലിയും രോഹിതും ടീമിലുണ്ടെങ്കിലും പരിക്കുമൂലം മറ്റ് പ്രധാന താരങ്ങള്‍ ടീമില്‍ ഇല്ലാ. ടി20 ഫോർമാറ്റിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുന്ന സൂര്യകുമാർ യാദവ് ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാൽ അഫ്ഗാനിസ്ഥാൻ പരമ്പര നഷ്ടമാകും. ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ, ജസ്പ്രീത് ബുംറ എന്നിവരും സ്ക്വാഡില്‍ ഇല്ലാ.