2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ പോസിറ്റീവുകളെ പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഹർദിക് പാണ്ഡ്യയ്ക്ക് ഇന്ത്യക്കായി വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിച്ചത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നൽകുന്നു എന്നാണ് ഹർഭജൻ സിങ് പറയുന്നത്.
മുംബൈ ഇന്ത്യൻസിനായി വളരെ മോശം പ്രകടനങ്ങളായിരുന്നു ഇത്തവണ പാണ്ഡ്യ കാഴ്ചവച്ചത്. എന്നാൽ ശേഷം ഇന്ത്യക്കായി കൃത്യമായി ബോളിങ്ങിൽ തിളങ്ങാൻ ഇതുവരെ പാണ്ഡ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ ടീമിന് വളരെ നല്ല സന്തുലിതാവസ്ഥ നൽകുന്നുണ്ട് എന്ന് ഹർഭജൻ കരുതുന്നു. മാത്രമല്ല ഇത്തരം കാര്യങ്ങൾ കൊണ്ടാണ് സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തത് എന്ന് ഹർഭജൻ കൂട്ടിച്ചേർക്കുകയുണ്ടായി.
“ഇന്ത്യയെ സംബന്ധിച്ച് ഈ ലോകകപ്പിലെ ഏറ്റവും വലിയ പോസിറ്റീവ് ഹർദിക് പാണ്ഡ്യ വിക്കറ്റുകൾ സ്വന്തമാക്കുന്നു എന്നതാണ്. ഈ ടൂർണമെന്റിൽ ഇന്ത്യയുടെ നാലാം ബോളറാണ് ഹർദിക് പാണ്ഡ്യ. എന്നാൽ എല്ലാ മത്സരങ്ങളിലും കൃത്യമായി വിക്കറ്റുകൾ സ്വന്തമാക്കാൻ പാണ്ഡ്യയ്ക്ക് സാധിക്കുന്നുണ്ട്. നമ്മൾ പ്രതീക്ഷിച്ചതിലധികം മികച്ച പ്രകടനങ്ങൾ അവൻ പുറത്തെടുക്കുന്നു.”- ഹർഭജൻ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
ഒപ്പം ലോകകപ്പിലെ പന്തിന്റെ ഇതുവരെയുള്ള ശക്തമായ പ്രകടനത്തെയും ഹർഭജൻ പ്രശംസിക്കുകയുണ്ടായി. പന്ത് ഇന്ത്യൻ ടീമിൽ മൂന്നാം സ്ഥാനം ഇതിനോടകം തന്നെ ഉറപ്പിച്ചു എന്നാണ് ഹർഭജൻ കരുതുന്നത്. അതുകൊണ്ടു തന്നെയാണ് 2024 ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിന് ടീമിൽ ഇടം ലഭിക്കാത്തത് എന്ന് ഹർഭജൻ കരുതുന്നു.
“ഹർദിക്കിനോപ്പം ഋഷഭ് പന്തും മൂന്നാം നമ്പരിൽ മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തിട്ടുള്ളത്. അവന്റെ ടീമിലെ റോൾ പൂർണമായും മാറിയിട്ടുണ്ട്. ഈ ലോകകപ്പിന് മുൻപ് സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ കളിക്കും എന്നാണ് നമ്മൾ കരുതിയിരുന്നത്. കാരണം ഐപിഎല്ലിൽ മികച്ച പ്രകടനങ്ങളാണ് സഞ്ജു പുറത്തെടുത്തിരുന്നത്. എന്നിരുന്നാലും റീഷഭ് പന്ത് ഇപ്പോഴും മൂന്നാമനായാണ് കളിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വലിയ പോസിറ്റീവാണ് പന്ത് മൂന്നാമത്തെ നമ്പറിൽ കളിക്കുമ്പോഴുള്ളത്. ഇന്ത്യയ്ക്ക് ഒരു ഇടംകൈ- വലംകൈ കോമ്പിനേഷനും ലഭിക്കുന്നുണ്ട്.”- ഹർഭജൻ സിംഗ് കൂട്ടിച്ചേർത്തു.
ആദ്യ റൗണ്ടിൽ തന്നെ തുടർച്ചയായി 3 മത്സരങ്ങളിൽ വിജയം നേടിയതിനാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സൂപ്പർ എട്ടിലേക്ക് എത്തിയിരിക്കുന്നത്. സൂപ്പർ 8ൽ അഫ്ഗാനിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. “ഇന്ത്യയെ സംബന്ധിച്ച് ഇതുവരെ ഒരുപാട് പോസിറ്റീവുകൾ ഉണ്ട്. മാത്രമല്ല ഒരുപാട് വെല്ലുവിളികളും പ്രയാസങ്ങളും ഇതുവരെ ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.”
“എന്നിരുന്നാലും ഇത്തരം വെല്ലുവിളികൾ വരുന്നത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരുടെ മുൻപിലേക്കാണ്. ഒരുപാട് ബുദ്ധിമാന്മാരായ കളിക്കാർ ഇന്ത്യൻ ടീമിലുണ്ട്. അവർ എല്ലായിപ്പോഴും പോരാട്ടവും മുൻപിലേക്ക് വയ്ക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് നമുക്ക് ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്യാൻ സാധിച്ചത്.”- ഹർഭജൻ പറഞ്ഞുവെക്കുന്നു.