ഇന്ത്യയുടെ അയർലൻഡിനെതിരായ ആദ്യ ലോകകപ്പ് മത്സരത്തിൽ റിഷഭ് പന്തായിരുന്നു മൂന്നാമതായി ക്രീസിലെത്തിയത്. മത്സരത്തിൽ വിരാട് കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായ ശേഷമാണ് പന്ത് എത്തിയത്. തന്റെ ആദ്യ സമയങ്ങളിൽ കരുതലോടെ കളിച്ച പന്ത്, പതിയെ താളത്തിലേക്ക് എത്തുകയായിരുന്നു. മത്സരത്തിൽ 26 പന്തുകളിൽ 36 റൺസ് നേടാൻ പന്തിന് സാധിച്ചു.
ഇതിനുശേഷം, തങ്ങൾ മൂന്നാം നമ്പറിൽ നിലവിൽ കളിപ്പിക്കാൻ ഉദ്ദേശിക്കുന്നത് താരം പന്ത് തന്നെയാണ് എന്ന് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ പറയുകയുമുണ്ടായി. ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്നാം നമ്പറിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരമാണ് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ.
പക്ഷേ ലോകകപ്പിൽ സഞ്ജുവിന് പകരക്കാരനായി പന്തിനെയാണ് ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ സഞ്ജുവിന് ഒഴിവാക്കി പന്തിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത് എന്ന് വ്യക്തമാക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.
സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിന്റെ പേരിൽ വലിയ രീതിയിലുള്ള രോക്ഷം സഞ്ജു ആരാധകർ ഇതിനോടകം തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ന്യൂയോർക്ക് പിച്ചിന്റെ പ്രത്യേകത മൂലമാണ് പന്തിനെ ഇന്ത്യൻ മൂന്നാം നമ്പറിൽ ഇറക്കുന്നത് എന്ന മഞ്ജരേക്കർ പറയുകയുണ്ടായി.
ടെസ്റ്റ് മത്സരങ്ങളിൽ പന്തിനുള്ള അനുഭവസമ്പത്താണ് ഇവിടെ പന്തിന് ഗുണം ചെയ്തത് എന്നും മഞ്ജരേക്കർ കരുതുന്നു. അപൂർവ്വ ഷോട്ടുകൾ കളിക്കാനുള്ള പന്തിന്റെ കഴിവ് അവന് ടീമിൽ വലിയ പ്രാധാന്യം നൽകുന്നുണ്ട് എന്നാണ് മഞ്ജരേക്കർ കരുതുന്നത്. പലർക്കും കളിക്കാൻ സാധിക്കാത്ത ഷോട്ടുകളാണ് പന്ത് കാഴ്ചവയ്ക്കുന്നത് എന്നും മഞ്ജരേക്കർ പറഞ്ഞു.
“റിഷഭ് പന്തിന്റെ ചില വിചിത്ര ഷോട്ടുകളും ആരാധകരെ പോലും അത്ഭുതപ്പെടുത്തുകയാണ്. ഇത്തരം അത്യപൂർവ്വ ഷോട്ടുകൾ കളിക്കാൻ പന്തിനെ സഹായിക്കുന്നത് ടെസ്റ്റ് മത്സരങ്ങളിലൂടെ അവൻ നേടിയ അനുഭവസമ്പത്താണ് മാത്രമല്ല ഇന്ത്യൻ ടീമിൽ കളിച്ച് മികച്ച റെക്കോർഡും പന്തിനുണ്ട്. ദുർഘടമായ പിച്ചിൽ മികച്ച ബോളർമാർക്കെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പലപ്പോഴും പന്തിന് സാധിക്കുന്നത് ടെസ്റ്റ് മത്സരങ്ങളിലെ ഈ അനുഭവസമ്പത്ത് കൊണ്ട് മാത്രമാണ്. അതുകൊണ്ടു തന്നെ ട്വന്റി20 ലോകകപ്പിലും അവന്റെ വ്യത്യസ്ത ഷോട്ടുകൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. പന്ത് കളിക്കുന്ന ചില ഷോട്ടുകൾ മറ്റാർക്കും തന്നെ കളിക്കാൻ സാധിക്കാത്തതാണ്.”- മഞ്ജരേക്കർ പറയുന്നു.
നിലവിൽ ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്ന ന്യൂയോർക്കിലെ പിച്ച് ടെസ്റ്റ് മത്സരത്തിന് സമാനമായതാണ്. അതിനാൽ തന്നെ പിച്ചിൽ തിളങ്ങാൻ ബാറ്റർമാർക്ക് മികച്ച സാങ്കേതിക തികവ് അത്യാവശ്യമാണ്. വിദേശ രാജ്യങ്ങളിൽ മികവ് പുലർത്തിയിട്ടുള്ള ബാറ്ററാണ് പന്ത്. അതിനാൽ ന്യൂയോർക്കിലെ സാഹചര്യത്തിൽ പന്തിന് തിളങ്ങാൻ സാധിക്കുമെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്.
പക്ഷേ ഇത്തരം അനുഭവസമ്പത്ത് ഉണ്ടാക്കിയെടുക്കാൻ സഞ്ജുവിന് സാധിച്ചിട്ടില്ല. ഇക്കാര്യങ്ങളൊക്കെയും പന്തിന് ഗുണം ചെയ്യുന്നുണ്ട്. മാത്രമല്ല പരിശീലന മത്സരത്തിലും ആദ്യ മത്സരത്തിലും മികവ് പുലർത്താൻ പന്തിന് സാധിച്ചതോടെ പന്തിനെ ഇനി ഇന്ത്യ ഒഴിവാക്കാൻ സാധ്യത കുറവാണ്.