“ആദ്യ മത്സരത്തിൽ സമ്മർദ്ദം ഞങ്ങളെ വീഴ്ത്തി. പക്ഷേ ഇന്ന് തിരിച്ചടിച്ചു “

സിംബാബ്വെയ്ക്കെതീരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഒരു ഉഗ്രൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 100 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. സിംബാബ്വെയ്ക്കെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 234 എന്ന വമ്പൻ സ്കോറാണ് സ്വന്തമാക്കിയത്.

അഭിഷേക് ശർമയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ ബലത്തിൽ ആയിരുന്നു ഇന്ത്യയുടെ ഈ കുതിപ്പ്. ശേഷം മറുപടി ബാറ്റിംഗിൽ സിംബാബ്വെയെ കേവലം 134 റൺസിൽ പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യയുടെ ഒരു ശക്തമായ തിരിച്ചുവരവാണ് രണ്ടാം മത്സരത്തിൽ കാണാൻ സാധിച്ചത്. മത്സരത്തിലെ പ്രകടനത്തെപ്പറ്റി ഇന്ത്യൻ നായകൻ ഗിൽ സംസാരിക്കുകയുണ്ടായി.

ആദ്യ മത്സരത്തിൽ തങ്ങൾക്ക് സമ്മർദം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതാണ് പരാജയത്തിന് വഴിവച്ചത് എന്ന് ഗിൽ പറയുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ മികച്ച പ്രകടനത്തിലൂടെ ഇന്ത്യ കണക്ക് തീർത്തിരിക്കുകയാണ് എന്ന് ഗിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.

“ഇപ്പോൾ ഞാൻ വളരെ സന്തോഷവാനാണ്. തിരികെ വിജയത്തിലേക്ക് വന്നതിൽ വലിയ ആഹ്ലാദമുണ്ട്. അഭിഷേക് ശർമയും ഋതുരാജും മത്സരത്തിൽ ബാറ്റ് ചെയ്ത രീതി ഒരുപാട് സന്തോഷം നൽകുന്നതാണ്. പവർപ്ലേ ഓവറുകളിൽ അനായാസം റൺസ് കണ്ടെത്താൻ സാധിക്കുമായിരുന്നില്ല. കാരണം ബോൾ മൂവ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അഭിഷേകും ഋതുരാജും കൃത്യമായ രീതിയിൽ ഇന്നിങ്സ് കെട്ടിപ്പടുത്തു.”- ഗിൽ പറയുകയുണ്ടായി.

“ഇന്നലത്തെ മത്സരത്തിൽ സമ്മർദം കൃത്യമായി നിയന്ത്രിക്കാൻ സാധിക്കാതെ വന്നതായിരുന്നു ഞങ്ങളെ ബാധിച്ചത്. ഇതൊരു യുവതാരങ്ങളുടെ നിരയാണ്. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിൽ പലരും ആദ്യമായാണ് കളിക്കുന്നത്. ആദ്യ മത്സരത്തിൽ ഇത്രയധികം സമ്മർദ്ദം ലഭിച്ചത് ഒന്നാലോചിച്ചാൽ വളരെ നല്ല കാര്യമാണ്. അതിനാൽ തന്നെ ഈ മത്സരത്തിൽ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിനെപ്പറ്റി പൂർണമായ ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു. ഇനിയും ഈ പരമ്പരയിൽ 3 മത്സരങ്ങൾ ഞങ്ങൾക്ക് അവശേഷിക്കുന്നു. വരും മത്സരങ്ങളിലും മികവ് പുലർത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്.”- ഗിൽ കൂട്ടിച്ചേർത്തു.

അഭിഷേക് ശർമയുടെ സെഞ്ച്വറിയാണ് മത്സരത്തിൽ ഇന്ത്യൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. കളിയിലെ താരമായി തിരഞ്ഞെടുത്തതും അഭിഷേകിനെ ആയിരുന്നു. ഇത്ര മികച്ച പ്രകടനം മത്സരത്തിൽ കാഴ്ചവയ്ക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്ന് അഭിഷേക് ശർമ മത്സരശേഷം പറയുകയുണ്ടായി.

തന്റെ പരിശീലകനും നായകനും ടീം മാനേജ്മെന്റിനും നന്ദി പറഞ്ഞാണ് അഭിഷേക് ശർമ സംസാരിച്ചത്. ആദ്യ മത്സരത്തിന് ശേഷം തനിക്ക് ആത്മവിശ്വാസം നൽകാൻ ഇവർക്ക് സാധിച്ചു എന്ന് അഭിഷേക് പറയുകയുണ്ടായി. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് അഭിമാന വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്.

Previous articleതകര്‍പ്പന്‍ തിരിച്ചു വരവുമായി ഇന്ത്യന്‍ യുവനിര. കൂറ്റന്‍ വിജയം. സിംബാബ്വയെ തകര്‍ത്തു.
Next articleരോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയും നേടും. ആത്മവിശ്വാസം പ്രകടിപ്പിച്ച് ജയ് ഷാ.